തിരുവനന്തപുരം: സരിതയെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പ്രതിയായ വിനു കുമാർ. സരിത എസ് നായരുടെ മുൻ സഹായിയാണ് വിനു കുമാർ. തൊഴിൽ തട്ടിപ്പ് കേസിൽ നിന്നും രക്ഷപ്പെടാനാണ് രോഗമെന്ന നാടകം കളിച്ചത്. മുടി കൊഴിഞ്ഞതല്ല, ബാർബർ ഷോപ്പിൽ കൊണ്ടുപോയി താൻ മൊട്ടയടിപ്പിച്ചതാണെന്ന് വിനു കുമാർ പറഞ്ഞു.
പല രഹസ്യങ്ങളും തനിക്കറിയാവുന്നത് കൊണ്ടാണ് കേസിൽപ്പെടുത്താൻ ശ്രമിക്കുന്നത്. ന്യൂറോ സംബന്ധമായ അസുഖം മാത്രമാണ് സരിതയ്ക്കുള്ളത്. സോളാർ കേസ് അന്വേഷണം നടക്കുമ്പോള്‍ പ്രതികള്‍ക്ക് വിവരം ചോർത്തി നൽകി പണം വാങ്ങി. തന്‍റെ കയ്യില്‍ തെളിവുകളുണ്ടെന്ന് വിനു കുമാർ പറഞ്ഞു. കുണ്ടറ ബോംബേറ് കേസിലെ ഗൂഡാലോചനയ്ക്ക് പിന്നിലും സരിതയാണെന്നാണ് വിനു കുമാറിന്‍റെ ആരോപണം.
തന്നെ രാസവിഷം നല്‍കി വധിക്കാന്‍ ശ്രമിച്ച മുന്‍ ഡ്രൈവര്‍ വിനു കുമാര്‍ കോണ്‍ഗ്രസ് നേതാക്കളുമായി നിരന്തരബന്ധം പുലര്‍ത്തിയിരുന്നെന്ന് സരിത എസ് നായര്‍. ആഴ്‌സനിക്, ലെഡ്, മെര്‍ക്കുറി എന്നീ രാസവസ്തുക്കള്‍ പലപ്പോഴായി കലര്‍ത്തി ‘സ്ലോ പോയ്‌സന്‍’ രീതിയിലൂടെ സരിതയെ കൊല്ലാന്‍ ശ്രമിച്ചെന്ന പൊലീസ് കണ്ടെത്തലിന് പിന്നാലെയാണ് സോളാര്‍ പരാതിക്കാരിയുടെ പ്രതികരണം. 2018ന്റെ അവസാന മാസങ്ങളിലാണ് ലക്ഷണങ്ങള്‍ പ്രകടമായത്. ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കുന്ന സമയത്ത് അസുഖമുണ്ടായി. സിബിഐ അന്വേഷണത്തിന്റെ സമയത്ത് രോഗം മൂര്‍ച്ഛിച്ചു. ഭക്ഷ്യ വിഷബാധയെന്നാണ് ആദ്യം കരുതിയത്. ഡോക്ടര്‍മാരുടെ ഇടപെടല്‍ കാരണമാണ് ജീവനോടെയിരിക്കുന്നതെന്നും സരിത എസ് നായര്‍ പ്രതികരിച്ചു.
‘ജനുവരി മൂന്നിന് വിനു കുമാര്‍ രാസ വസ്തുക്കള്‍ ഭക്ഷണത്തില്‍ കലര്‍ത്തുന്നത് ഞാന്‍ എന്റെ കണ്ണുകൊണ്ട് കണ്ടു. വിനു എന്നോടൊപ്പം എന്നും ഉണ്ടായിരുന്ന സമയത്തും കോണ്‍ഗ്രസ് നേതാക്കളുമായും എതിര്‍പക്ഷത്തായിരുന്നു എന്ന് വിശ്വസിക്കുന്ന ആളുകളുമായും നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നെന്ന് ഞാന്‍ കണ്ടുപിടിച്ചു. വിനു കുമാര്‍ ഇടതുപക്ഷ നേതാക്കളുമായി ബന്ധപ്പെട്ടതായി അറിയില്ല. എതിര്‍പക്ഷം എന്ന് പറഞ്ഞത് ഞാന്‍ എതിരായി കേസ് കൊടുത്തിട്ടുള്ള ആള്‍ക്കാരാണ്. അത് കോണ്‍ഗ്രസില്‍ ഉള്ളവരാണല്ലോ. അറിയാമല്ലോ. ആ കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്ന സമയത്ത് തന്നെയാണ് ഈ അസുഖങ്ങളുടെ തുടക്കം എന്നിലുണ്ടാകുന്നത്.
2018 നവംബറില്‍ സോളാര്‍ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. സിബിഐ അന്വേഷണത്തിന്റെ സമയത്ത് അസുഖങ്ങള്‍ മൂര്‍ച്ഛിച്ച സാഹചര്യമായിരുന്നു. ദൂരയാത്ര ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അതിനേക്കാള്‍ മോശമായി അവസ്ഥയിലാണ് ഇപ്പോഴും. നടക്കാന്‍ ശരിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. മുഖമൊക്കെ ഒരിടയ്ക്ക് നീരുവന്ന് വീര്‍ത്തിരുന്നു. ശരീരം ആകമാനം നീരുവെച്ച് വീര്‍ത്തിരുന്നു. ഡോക്ടര്‍മാറുടെ ഇടപെടല്‍ കാരണമാണ് ഞാന്‍ മരിക്കാതെയിരിക്കുന്നത്.
ആദ്യം എനിക്ക് ഒരു അലര്‍ജി ഷോക്കാണ് ഉണ്ടായത്. ദേഹത്ത് തടിപ്പും തിണര്‍പ്പുമുണ്ടായി. ഫുഡ് പോയിസന്‍ ആണെന്നാണ് ആദ്യം വിചാരിച്ചത്. ആദ്യം ഭക്ഷ്യവിഷബാധയ്ക്കുള്ള ചികിത്സയെടുത്തു. പിന്നീട് എനിക്ക് നെര്‍വ്‌സില്‍ വേദന ആരംഭിച്ചു. അത് സംബന്ധിച്ച ഏതെങ്കിലും അസുഖമാണെന്ന് കരുതി ഞാന്‍ ഡോക്ടറെ കണ്ടു. തെക്കന്‍ ജില്ലയില്‍ നിന്നുള്ള ഒരു ഡോക്ടറാണ് എന്റെ രക്തത്തില്‍ ഭാരലോഹങ്ങള്‍ ഉണ്ടോയെന്ന സംശയം പ്രകടിപ്പിക്കുകയും രക്തപരിശോധന നടത്തുകയും ചെയ്തത്. അദ്ദേഹം നടത്തിയ ടെസ്റ്റിലാണ് ആഴ്‌സനിക് കണ്ടെത്തിയത്. പിന്നീട് ഞാന്‍ ഭേദപ്പെട്ട ചികിത്സയ്ക്ക് വേണ്ടി തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറി. അവിടുത്തെ ചികിത്സയ്ക്കിടെ സ്റ്റിറോയ്ഡ് ഇഞ്ചക്ഷനുകളില്‍ വേദന കുറച്ച് കുറഞ്ഞെങ്കിലും നാഡീ വ്യവസ്ഥയുടെ ആരോഗ്യം കൂടുതല്‍ മോശമായി. പിന്നീട് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള തിരുവനന്തപുരത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറി.
കീമോതെറാപ്പി മുതലുള്ള എല്ലാ ചികിത്സകളും ചെയ്തു. അപ്പോഴേക്കും എനിക്ക് ക്യാന്‍സറാണെന്ന് ചിലര്‍ പ്രചരിപ്പിച്ചു. എന്റെ തലമുടി കൊഴിഞ്ഞ ചിത്രങ്ങള്‍ ഇട്ടുകൊണ്ട് ചില മാധ്യമങ്ങള്‍ അങ്ങനെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷെ, എനിക്ക് ക്യാന്‍സര്‍ ആയിരുന്നില്ല. മോണോന്യൂറൈറ്റിസ് മള്‍ട്ടിപ്ലക്‌സ് ലൂപ്പസ് എന്ന ഒരുകൂട്ടം അസുഖമായി അത് മാറ്റപ്പെടുകയായിരുന്നു. ഇമ്മ്യൂണോ തെറാപ്പിയാണ് ഞാനിപ്പോള്‍ ചെയ്യുന്നത്. മരിച്ചില്ല എന്ന് പറയാം.’