പത്തനംതിട്ട: ജില്ലയിലെ അടൂർ, തിരുവല്ല താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും റാന്നി,കോന്നി, മല്ലപ്പള്ളി, കോഴഞ്ചേരി താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ (നവംബർ 17 ബുധൻ) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ ഉത്തരവായി.
ആലപ്പുഴ ജില്ലയിലെ കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 17ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു.
ഇന്ന് മഴ കുറവായിരുന്നെങ്കിലും കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായതോടെ കാർത്തികപ്പള്ളി താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. താലൂക്കിൽ 14 ക്യാമ്പുകളിലായി 356 കുടുംബങ്ങളിൽ നിന്ന് 1232 പേർ ക്യാമ്പുകളിലുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് പള്ളിപ്പാട്, വീയപുരം വില്ലേജുകളിൽ രണ്ടു വീടുകൾക്ക് ഭാഗികമായി നാശനഷ്ടം സംഭവിക്കുകയും ചേപ്പാട് ഒരു വീടിന് മുകളിലേക്ക് മരം വീണ കേടുപാട് പറ്റുകയും ചെയ്തു.
പള്ളിപ്പാട് 1, ചെറുതന 2, കുമാരപുരം 1, കൃഷ്ണപുരം 1, വിയ്യപുരം 5, ചേപ്പാട് 2, പത്തിയൂർ 1, ഹരിപ്പാട് 1, എന്നി വില്ലേജുകളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ചെറുതനയിൽ 12 ഗ്രുവൽ സെന്ററുകൾ ആരംഭിച്ചു. 777 കുടുംബങ്ങളിൽ നിന്നും 2920 പേർക്ക് ഭക്ഷണവും നൽകുന്നുണ്ട്. ജലനിരപ്പ് അപകട നിലയിൽ ഒഴുകുന്നു. റോഡ് മുങ്ങിയതോടെ ബസ് സർവ്വീസ് നിർത്തി. കെ എസ് ആർ ടി സി ഹരിപ്പാട് ഡിപ്പോയിൽ നിന്നും എടത്വവഴി തിരുവല്ലയിലേക്കും, പള്ളിപ്പാട് വഴി ചെങ്ങന്നൂരിനും, പത്തനംതിട്ടക്കുമുളള സർവ്വീസുകളാണ് നിർത്തലാക്കിയത്. റോഡുകൾ പലതും വെള്ളത്തിലായതോടെ സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങാതായി. റോഡുകൾ ജലവാഹനങ്ങളുടെ സഞ്ചാരപാദയായി. കർഷികമേഖല പൂർണ്ണമായും നശിച്ചു. വിതച്ചിരുന്ന പലപാടങ്ങളും കൊയ്യാനുള്ള പാടങ്ങളും വെള്ളത്തിലായി. ക്ഷീരകർഷകരും, താറാവുകർഷകരും ഉയർന്ന പ്രദേശങ്ങൾ തേടി അലയുന്ന കാഴ്ച്ചകളാണ് ഇവിടങ്ങളിൽ. കോവിഡ് കാലത്തെ പ്രതിസന്ധിക്കിടയിലും, ഏറെ പ്രതീക്ഷയോടെ വിദ്യാലയങ്ങൾ തുറന്നെങ്കിലും വെള്ളപൊക്കം രൂക്ഷമായതോടെ പഠനവും മുടങ്ങി.
സ്കൂളുകളിൽ ക്യാമ്പുകൾ തുടങ്ങിയതാണ് പഠനം മുടങ്ങാൻ കാരണം. ഇനിയും ക്ലാസുകൾ എന്നു തുടങ്ങുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണ് അധികൃതർ. കിഴക്കൻ വെള്ളത്തിന്റെ ശക്തമായ വരവോടെ കലങ്ങിമറിഞ്ഞെത്തുന്ന വെള്ളത്തോടൊപ്പം വീട്ട് ഉപകരണങ്ങളും, വളർത്തുമൃഗങ്ങളും, കോഴി, താറാവ് എന്നിവയും ഒഴുക്കിൽപ്പെടാറുണ്ട്, മുളംകൂടുകളും, മരങ്ങളും, മറ്റ് മാലിന്യങ്ങളും ഒഴുകി. പാലങ്ങളുടെ അടിത്തട്ടിലെത്തി. ഇത് പാലങ്ങളുടെ ബലക്ഷയത്തിന് കാരണമാണെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പും നൽകുന്നുണ്ട്. തോട്ടപള്ളി സ്പിൽവേയുടെ 39 ഷട്ടറുകളും തുറന്നു.
കടലിലേക്ക് വെള്ളം വലിക്കുന്നത് മന്ദഗതിയിലായതിനാൽ ജലനിരപ്പ് ഉയരുമെന്ന പ്രതീക്ഷയിൽ പലരും ക്യാമ്പുകളിലേക്ക് എത്തിച്ചേരുകയാണ്. ജലനിരപ്പ് അപകട നിലയിലാണ് ഉയരുന്നത്. ക്രമാതീതമായി ജലനിരപ്പ് ഉയർന്നതോടെ ജനങ്ങളെ ക്യാംപുകളിലേക്കു മാറ്റിപ്പാർപ്പിക്കാൻ തുടങ്ങി. ജനപ്രതിനിധികളും ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തനം ഏറ്റെടുത്തിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങൾ എല്ലാം വെള്ളത്തിലായി. ഗ്രാമീണമേഖലകൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്.