24.8 C
Kottayam
Monday, May 20, 2024

കൊറോണ മാറ്റിയില്ല; പക്ഷേ പതഞ്ജലിയുടെ കൊറോണില്‍ കിറ്റും മരുന്നുകളും വിറ്റഴിച്ചത് 241 കോടി രൂപയ്ക്ക്

Must read

ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ പതഞ്ജലിയുടെ കൊറോണില്‍ കിറ്റും മറ്റ് മരുന്നുകളും നാല്മാസംകൊണ്ട് വിറ്റഴിച്ചത് 85 ലക്ഷം യൂണിറ്റ്. എന്നാല്‍ മരുന്നുകൊണ്ട് കൊവിഡ് ഭേദമാക്കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആകെ 241 കോടി രൂപക്ക് മരുന്നുകളുടെ വില്‍പ്പന നടന്നു. ജൂണ്‍ 23നാണ് കൊവിഡിനുള്ള മരുന്നെന്ന പേരില്‍ പതഞ്ജലി കൊറോണില്‍ പുറത്തിറക്കിയത്. കൃത്യമായ ശാസ്ത്രീയ അടിത്തറകള്‍ ഇല്ലാതെയാണ് പതഞ്ജലി മരുന്നുകള്‍ പുറത്തിറക്കിയത്.

എന്നാല്‍ കൊവിഡിനുള്ള മരുന്നെന്ന പേരില്‍ കൊറോണില്‍ വില്‍ക്കരുതെന്നും ചുമ, പനി, പ്രതിരോധശേഷി വര്‍ധിപ്പിക്കല്‍ എന്നിവയ്ക്കുള്ള മരുന്നെന്ന പേരില്‍ വില്‍ക്കാമെന്നും ആയുഷ് മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ കൊവിഡ് 19 ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കിറ്റ് എന്ന പേരിലാണ് മരുന്ന് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. ഹരിദ്വാറിലെ പതഞ്ജലി റിസര്‍ച്ച് സെന്ററിലാണ് ഇത് ഉല്‍പാദിപ്പിച്ചിട്ടുള്ളത്.

ഗുളികകളും എണ്ണകളും ഉള്‍പ്പെട്ട ഒരു കൊറോണില്‍ കിറ്റിന് 545 രൂപയാണ് വില. ജൂണ്‍ 23നും ഒക്ടോബര്‍ 18നും ഇടയ്ക്ക് 23.54ലക്ഷം രൂപക്കാണ് കൊറോണില്‍ വിറ്റഴിച്ചത്. നേരത്തേ കൊവിഡിന് മരുന്നു കണ്ടുപിടിച്ചെന്ന പേരില്‍ പ്രചരണം നടത്തി ലാഭം കൊയ്തതില്‍ പതഞ്ജലിക്ക് മദ്രാസ് ഹൈക്കോടതി പത്ത് ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം മറികടന്ന് കൊറോണില്‍ കൊവിഡ് രോഗികളില്‍ പരീക്ഷിച്ച ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനോട് രാജസ്ഥാനിലെ ആരോഗ്യവകുപ്പ് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൊവിഡിന് ആയുര്‍വേദ മരുന്ന് കണ്ടുപിടിച്ചെന്നും ഏഴു ദിവസം കൊണ്ട് കൊവിഡ് ഭേദമാക്കും എന്നുമാണ് രാംദേവിന്റെ പതഞ്ജലി അവകാശപ്പെട്ടിരുന്നു. കൊറോണില്‍ സ്വാസാരി എന്നായിരുന്നു മരുന്നിന്റെ പേര്. പരീക്ഷണത്തില്‍ നൂറുശതമാനം മരുന്ന് വിജയമാണെന്ന് രാംദേവ് അവകാശപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week