സിഡ്നി: ഉയരത്തിൽ പറക്കവെ വിമാനത്തിലെ യാത്രക്കാരുടെ മുമ്പിലെ മിനി ടി.വി. സ്ക്രീനിൽ തെളിഞ്ഞത് അശ്ലീല ദൃശ്യങ്ങളടങ്ങിയ സിനിമ. 500-ലധികം യാത്രക്കാരുമായി ഓസ്ട്രേലിയയിലെ സിഡ്നിയിൽ നിന്നും ജപ്പാനിലെ ഹനേഡയിലേക്ക് പറന്ന വിമാനത്തിലാണ് സംഭവം. സാങ്കേതിക തകരാറാണ് ഇത്തരത്തിൽ യാത്രക്കാരുടെ ടി.വി. സ്ക്രീനുകളിൽ അശ്ലീല ദൃശ്യങ്ങളടങ്ങിയ സിനിമ പ്ലേ ചെയ്യാൻ കാരണമെന്ന് ന്യൂസ് ഡോട്ട് കോം എയു റിപ്പോർട്ട് ചെയ്തു.
ക്വാണ്ടസ് ക്യൂ എഫ് 59 വിമാനത്തിലാണ് സംഭവം. 2023-ൽ റിലീസ് ചെയ്ത ആർ റേറ്റഡ് ചിത്രം 'ഡാഡിയോ' എന്ന ചിത്രമാണ് സ്ക്രീനിൽ തെളിഞ്ഞത്. കുട്ടികളടക്കം നിരവധി യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സിനിമ നിർത്താൻ വേണ്ടി ക്യാബിൻ ക്രൂ അംഗങ്ങൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ശബ്ദമില്ലാതാക്കുകയായിരുന്നു. ഒരു മണിക്കൂറോളം അശ്ലീല രംഗങ്ങളടങ്ങുന്ന ചിത്രം കുട്ടികളും കുടുംബങ്ങളുമടക്കമുള്ള യാത്രക്കാർക്ക് കണ്ടിരിക്കേണ്ടി വന്നുവെന്നാണ് റിപ്പോർട്ട്.
കുട്ടികളും കുടുംബങ്ങളുമായി യാത്ര ചെയ്തവർക്ക് ഏറെ അസ്വസ്ഥതപ്പെടുത്തുന്നതായിരുന്നു സംഭവമെന്ന് യാത്രക്കാർ പറയുന്നു. ചില യാത്രക്കാർ സിനിമ തിരഞ്ഞെടുക്കുമ്പോൾ സംഭവിച്ച സാങ്കേതിക തകരാറാണ് എല്ലാ സ്ക്രീനുകളിലും ഇത്തരത്തിൽ ഒരേ സിനിമ പ്ലേ ചെയ്യാൻ കാരണമെന്ന് വിമാന അധികൃതർ വ്യക്തമാക്കുന്നു. യാത്രക്കാർ നേരിട്ട പ്രശ്നത്തിൽ കമ്പനി ക്ഷമ ചോദിച്ചു.