31.1 C
Kottayam
Thursday, May 16, 2024

പാലരുവി എക്‌സ്പ്രസിന് ഏറ്റുമാനൂര്‍ സ്‌റ്റോപ്പ് വേണമെന്ന ആവശ്യം ശക്തമാകുന്നു

Must read

കോട്ടയം: പാലരുവി എക്‌സ്പ്രസിന് ഏറ്റുമാനൂരില്‍ സ്‌റ്റോപ്പ് വേണമെന്ന ആവശ്യം ശക്തമാകുന്നു. യാത്രക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വന്‍ പ്രതിഷേധമാണ് ഉയരുന്നത്. രാവിലെ പാലക്കാട് പോകുന്ന പാലരുവി എക്‌സ്പ്രസ്സ് ഏറ്റുമാനൂരില്‍ നിന്ന് എറണാകുളം പോകുന്നവര്‍ക്ക് വളരെ ഉപകാരപ്രദമാണ്. ഇതിനെ ആശ്രയിച്ചാല്‍ കൃത്യസമയത്ത് ഓഫീസില്‍ എത്താന്‍ കഴിയുമെന്നതാണ് അതിന്റെ പ്രധാന കാരണം. അതുപോലെ തന്നെ ട്രെയിനിന്റെ വൈകുന്നേരം 07.05 ന് എറണാകുളത്ത് നിന്നും കോട്ടയത്തേക്ക് ഉള്ള മടക്കയാത്രയും വളരെ ഉപകാരപ്രദമാണ്.

06.25 ന് കോട്ടയത്ത് നിന്നെടുക്കുന്ന പാസഞ്ചര്‍ കഴിഞ്ഞാല്‍ വിശ്വസിച്ചു ഓഫീസില്‍ എത്താമെന്ന് ഉറപ്പിച്ചു കയറാവുന്ന ഏക ട്രെയിനാണ് പാലരുവി എക്‌സ്പ്രസ്സ്. കോട്ടയം കഴിഞ്ഞാല്‍ ഏറ്റവും ആളുകള്‍ റയില്‍വേയെ ആശ്രയിക്കുന്ന സ്ഥലമാണ് ഏറ്റുമാനൂര്‍. മെഡിക്കല്‍ കോളേജ്, ഐ.സി.എച്ച് നിരവധി പ്രമുഖ സ്വകാര്യ ആശുപത്രികള്‍, ഐ.ഐ.ടി, കെ.ഇ കോളേജ്, അമലഗിരി കോളേജ്, ഗുരുവായൂരപ്പന്‍ കോളേജ് മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഏറ്റുമാനൂര്‍ കോടതി മറ്റു സര്‍ക്കാര്‍ -അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഇവരുടെയെല്ലാം ഏറ്റവും അടുത്ത ആശ്രയമാണ് ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന്‍. ഇവിടെ നിന്നാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ എറണാകുളം ഭാഗത്തേക്ക് ജോലി സംബന്ധമായി യാത്ര തിരിക്കുന്നതും.

ഏറ്റുമാനൂര്‍ സ്റ്റേഷന്‍ നവീകരിച്ച സമയത്ത് കൂടുതല്‍ എക്‌സ്പ്രസ്സ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുമെന്ന അന്നത്തെ എം.പി ജോസ് കെ മാണി നല്‍കിയ പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ഏറ്റുമാനൂരിനെ ആശ്രയിക്കുന്ന യാത്രക്കാര്‍. ഇത്രയും പോലും ജനങ്ങള്‍ ആശ്രയിക്കാത്ത മറ്റു പല സ്ഥലങ്ങളിലും പലരുവിക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി കോട്ടയത്തിന്റെ നിലവിലെ എം.പി തോമസ് ചാഴിക്കാടനെ സമീപിച്ചിരിക്കുകയാണ് പാസഞ്ചേഴ്സ് അസോസിയേഷനുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week