അജാസ് വടക്കേടം
കോട്ടയം:യാതൊരു മുൻവിധികളുമില്ലാതെ പൂർത്തിയാക്കിയ കോട്ടയം സ്റ്റേഷൻ യാത്രക്കാരെ വലയ്ക്കുന്നതായി പരാതി ഉയരുന്നു. പണി പൂർത്തിയായി പ്രവർത്തനക്ഷമമായ പ്ലാറ്റ് ഫോം നമ്പർ നാലിൽ നിന്ന് ട്രെയിനുകൾ പുറപ്പെടാൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ഇതുവരെ സ്റ്റേഷൻ രേഖകളിൽ പ്ലാറ്റ് ഫോം ഇടം പിടിച്ചിട്ടില്ല.
സ്റ്റേഷനിൽ ഒരിടത്തും പ്ലാറ്റ് ഫോം നമ്പർ നാലിലേയ്ക്ക് നയിക്കുന്ന ദിശാസൂചികകളോ ബോർഡുകളോ ഇതുവരെ സ്ഥാപിച്ചിട്ടില്ല. 16326 നിലമ്പൂർ എക്സ്പ്രസ്സ് മാസങ്ങളായി പ്ലാറ്റ് ഫോം നമ്പർ നാലിൽ നിന്നാണ് പുലർച്ചെ 05 15 ന് പുറപ്പെടുന്നത്. കോട്ടയത്ത് നിന്ന് എറണാകുളം ഭാഗത്തേയ്ക്ക് പുറപ്പെടുന്ന ആദ്യ സർവീസായതുകൊണ്ട് തന്നെ സ്ഥിരയാത്രക്കാരടക്കം നിരവധിയാളുകൾ ആശ്രയിക്കുന്ന സർവീസാണ് നിലമ്പൂർ എക്സ്പ്രസ്സ്.
പ്രവേശന കവാടത്തിൽ ഒന്നുമുതൽ മൂന്നുവരെയുള്ള പ്ലാറ്റ് ഫോം മാത്രമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ട്രെയിൻ സമയമാകുമ്പോൾ പ്ലാറ്റ് ഫോം തിരക്കി യാത്രക്കാർ പരക്കം പായുന്നത് ഇവിടെ സ്ഥിരം സംഭവമാണ്. ആദ്യം കാണുന്ന ഓവർ ബ്രിഡ്ജ് 2 ലേയ്‌ക്കും 3 ലേയ്‌ക്കും മാത്രമേ ബന്ധിപ്പിക്കുന്നുള്ളു.
ഈ ഓവർ ബ്രിഡ്ജ് കയറിയാൽ തന്നെ ആശങ്ക വർദ്ധിക്കും. പ്ലാറ്റ് ഫോം ഒന്നിലെ വടക്കേ അറ്റത്തുള്ള ഓവർ ബ്രിഡ്ജിലൂടെയാണ് നാലിലേയ്ക്ക് പ്രവേശിക്കാൻ സാധിക്കുകകയുള്ളു. എന്നാൽ ഓവർ ബ്രിഡ്ജിൽ ഒന്നുമുതൽ മൂന്നു വരെ അടയാളപ്പെടുത്തിയപ്പോളും പ്ലാറ്റ് ഫോം 4 രേഖപ്പെടുത്തിയില്ല. അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയായില്ലെങ്കിൽ റേക്ക് മാറ്റിയിട്ട് സർവീസ് നടത്താനുള്ള മര്യാദ പോലും സ്റ്റേഷൻ അധികൃതർ കാണിക്കുന്നില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു.
സ്റ്റേഷൻ അധികൃതരുടെ അനാസ്ഥയാണ് ഇവിടെ അസൗകര്യങ്ങൾ ഇരട്ടിപ്പിക്കുന്നത്. സ്റ്റാഫുകളുടെ നിരുത്തരവാദിത്ത പരമായ സമീപനമാണ് ദിശാബോർഡുകൾ പോലും സ്ഥാപിക്കാൻ വൈകുന്നത്. മുതിർന്ന പൗരന്മാരോ ആരോഗ്യപ്രശ്നങ്ങളിൽ അവശത അനുഭവിക്കുന്നവരോ അംഗ പരിമിതരോ ഇന്നത്തെ സാഹചര്യത്തിൽ സ്റ്റേഷനിൽ വന്നുപെട്ടാലുള്ള അവസ്ഥ വളരെ ദയനീയമായിരിക്കും .
കൂടാതെ പ്ലാറ്റ് ഫോം ഒന്നിലേയ്ക്ക് ഇറങ്ങുവാൻ ലിഫ്റ്റോ അനുബന്ധ സംവിധാനങ്ങളോ നിലവിൽ പ്രവർത്തന സജ്ജമല്ല. തെക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ പ്ലാറ്റ് ഫോമുകളുമായി അഭിമാനിക്കാവുന്ന നേട്ടം കൈവരിച്ചപ്പോൾ പദ്ധതി രൂപീകരിച്ചതിലെ അപാകതകൾ തലമുറകളോളം വേട്ടയാടുമെന്ന കാര്യത്തിൽ സംശയമില്ല.
സ്റ്റേഷനിലെ ഡിജിറ്റൽ ഡിസ്പ്ലേ പലപ്പോഴും പ്രവർത്തന രഹിതമാണ്. പ്ലാറ്റ് ഫോമുകളുടെ നീളം വർദ്ധിപ്പിച്ചപ്പോൾ യാതൊരു അച്ചടക്കവുമില്ലാത്ത രീതിയിലാണ് പണി പൂർത്തീകരിച്ചിരിക്കുന്നത്.
അതുപോലെ ടൂവീലർ പാർക്കിംഗിൽ നിന്ന് സ്റ്റേഷനിലേയ്ക്ക് കടക്കാൻ ഒരു ഇടനാഴി പോലും ഇല്ലാത്തതിനാൽ വാഹനം പാർക്ക് ചെയ്ത് 200 മീറ്ററിലേറെ ചുറ്റിക്കറങ്ങി വേണം സ്റ്റേഷനിലേയ്ക്ക് പ്രവേശിക്കാൻ.
മൂന്നുനില പാർക്കിംഗ് ഒരുക്കിയവർക്ക് യാത്രക്കാരുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.. പലപ്പോഴും ട്രെയിൻ ലഭിക്കാതിരിക്കാൻ പോലും ഈ കറക്കം കാരണമാകുന്നുണ്ട്. സ്റ്റേഷന്റെ മുൻവശത്ത് സ്വീകരിക്കാനും യാത്രയാക്കാനും രണ്ടിൽ കൂടുതൽ വാഹനമെത്തിയാൽ ഗതാഗതക്കുരുക്ക് സ്റ്റേഷന് പുറത്തേയ്ക്ക് വ്യാപിക്കും. രണ്ടാം കവാടമെങ്കിലും പേരിന് വേണ്ടിയുള്ള പണിയാകരുത് എന്നാണ് യാത്രക്കാരുടെ അഭിപ്രായം.
മെമുവിനായി പൂർത്തിയാക്കിയതെന്ന് അവകാശപ്പെടുന്ന പ്ലാറ്റ് ഫോം 1 A യിൽ നിന്ന് പേരിനെങ്കിലും ഒരു സർവീസ് ആരംഭിച്ചാൽ ആശ്വാസമായിരുന്നു. കാരണം ഈ പ്ലാറ്റ് ഫോം പൂർത്തിയപ്പോളാണ് സുരക്ഷയുടെ പേരിൽ പ്രൈവറ്റ് സ്റ്റാൻഡിലേക്കുള്ള പാത അടച്ചു കെട്ടിയത്. സ്റ്റേഷനിലേയ്ക്ക് യാത്രക്കാർക്ക് പ്രവേശിക്കാനുള്ള സൗകര്യം കൂടി റെയിൽവേ പദ്ധതിയിൽ കാണണമായിരുന്നു.
പണി നടക്കുന്ന 5, 6 പ്ലാറ്റ് ഫോം മലക്കെ തുറന്നിട്ടാണ് റെയിൽവേ സുരക്ഷ സാധാരണക്കാരിൽ അടിച്ചേൽപ്പിക്കുന്നത്.
CCTV യോ മറ്റു മാനദണ്ഡങ്ങളോ ജില്ലാ കേന്ദ്രമായ കോട്ടയം സ്റ്റേഷനിൽ അപര്യാപ്തമാണ്. ശബരിമല സീസണിൽ ഏറ്റവും കൂടുതൽ തിരക്കുള്ള സ്റ്റേഷനാണ് കോട്ടയം. സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളുടെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.