പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു. ഹൈജമ്പിലാണ് ഇന്ത്യ ഏറ്റവും അവസാനമായി മെഡല്‍ നേടിയത്. ഹൈജമ്പ് ടി63 വിഭാഗത്തില്‍ മാരിയപ്പന് റിയോ ആവര്‍ത്തിക്കാനായില്ലെങ്കിലും വെള്ളിമെഡല്‍ നേടാന്‍ കഴിഞ്ഞു. 2016 റിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ താരമാണ് മാരിയപ്പന്‍ തങ്കവേലു. 1.86 മീറ്റര്‍ ദൂരം ചാടിയാണ് മാരിയപ്പന്റെ വെള്ളി. മാരിയപ്പനൊപ്പം മത്സരിച്ച ഇന്ത്യന്‍ താരം ശരത് കുമാറിനാണ് വെങ്കലം. ശരത് കുമാര്‍ 1.83 മീറ്റര്‍ ദൂരം താണ്ടി. മറ്റൊരു ഇന്ത്യന്‍ താരം വരുണ്‍ ഭട്ടി ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കനത്ത മഴയിലാണ് ഹൈജമ്പ് മത്സരങ്ങള്‍ നടന്നത്.
അവസാന ഘട്ടത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ തമ്മിലായിരുന്നു സ്വര്‍ണപ്പോര് നടന്നത്. 1.83 മീറ്റര്‍ ദൂരം അനായാസം മറികടന്ന ഇരുവര്‍ക്കും ആദ്യ രണ്ട് അവസരങ്ങളില്‍ 1.86 മീറ്റര്‍ ദൂരം മറികടക്കാനായില്ല. മൂന്നാം അവസരത്തില്‍ മാരിയപ്പന്‍ ഈ ദൂരം മറികടന്നപ്പോള്‍ ശരത് കുമാര്‍ മൂന്നാമതും പരാജയപ്പെട്ടു. അമേരിക്കയുടെ സാം ഗ്രീവ് മൂന്നാം ശ്രമത്തില്‍ 1.86 മീറ്റര്‍ മറികടന്നു. ഇതോടെ സ്വര്‍ണപ്പോര് മാരിയപ്പനും സാമും തമ്മിലായി.
ആദ്യ രണ്ട് ശ്രമത്തിലും 1.88 മീറ്റര്‍ ദൂരം മറികടക്കാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. മൂന്നാം ശ്രമത്തിലും മാരിയപ്പന്‍ പരാജയപ്പെട്ടു. എന്നാല്‍, മൂന്നാം ശ്രമത്തില്‍ 1.88 മീറ്റര്‍ ദൂരം മറികടന്ന സാം ഗ്രീവ് സ്വര്‍ണനേട്ടവുമായി മടങ്ങുകയായിരുന്നു. വെള്ളിയും വെങ്കലവും ഇന്ത്യന്‍ താരങ്ങള്‍ നേടി. ഇതോടെ ഇന്ത്യയുടെ ടോക്യോ പാരാലിമ്പിക്‌സ് മെഡല്‍ നില 10 ആയി. 2 സ്വര്‍ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം.
നേരത്തെ, പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച്1 വിഭാഗത്തില്‍ സിംഘ്രാജ് അധാന വെങ്കലം നേടിയിരുന്നു. 216.8 ആണ് സ്‌കോര്‍. ഒപ്പം മത്സരിച്ച ഇന്ത്യയുടെ തന്നെ മനീഷ് നര്‍വാള്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ചൈനീസ് താരങ്ങള്‍ക്കാണ് വെള്ളിയും വെങ്കലവും. യോഗ്യതാ റൗണ്ടില്‍ സിംഘ്രാജ് ആറാമതും മനീഷ് ഒന്നാമതുമായിരുന്നു.
അതേസമയം, പാരാലിമ്പിക്‌സില്‍ ഇന്നലെ ഇന്ത്യ 5 മെഡലുകള്‍ നേടിയിരുന്നു. 2 സ്വര്‍ണം ഉള്‍പ്പെടെ 5 മെഡലുകളാണ് ഇന്ത്യ ഇന്നലെ വിവിധ ഇനങ്ങളില്‍ നിന്നായി സ്വന്തമാക്കിയത്. ഷൂട്ടിംഗ്, ജാവലിന്‍ ത്രോ, ഡിസ്‌കസ് ത്രോ എന്നീ മത്സരങ്ങളിലാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം.