27.8 C
Kottayam
Sunday, May 5, 2024

പള്ളിപ്പുറത്ത് സ്വര്‍ണ്ണവ്യാപാരിയെ കൊള്ളയടിച്ച് 100 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന പ്രതികള്‍ അറസ്റ്റില്‍

Must read

തിരുവനന്തപുരം ദേശീയപാതയില്‍ പള്ളിപ്പുറം ടെക്‌നോസിറ്റി കവാടത്തിനു സമീപം കാര്‍ തടഞ്ഞ് സ്വര്‍ണ വ്യാപാരി സമ്പത്തിനെയും ബന്ധു ലക്ഷ്മണയെയും ഡ്രൈവര്‍ അരുണിനെയും മര്‍ദിച്ച് 100 പവന്‍ കവര്‍ന്ന സംഭവത്തില്‍ പ്രതികളെ അറസ്റ്റു ചെയ്തു. പെരുമാതുറ സ്വദേശി നെബിന്‍ (28), അണ്ടൂര്‍കോണം സ്വദേശി ഫൈസല്‍ (24), പെരുമാതുറ സ്വദേശി നൗഫല്‍ എന്നിവരാണ് അറസ്റ്റിലായത്.

പ്രതികള്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. സ്വര്‍ണം കൊണ്ടുവന്നത് പ്രതികള്‍ എങ്ങനെ മനസിലാക്കിയെന്നു പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സ്വര്‍ണ ഇടപാടുകള്‍ അറിയാവുന്ന ആരുടെയോ സഹായം ലഭിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്.

കേസില്‍ വമ്പന്‍മാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നു. സ്വര്‍ണവ്യാപാരി സമ്പത്ത് സഞ്ചരിച്ച കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 75 ലക്ഷം രൂപ പൊലീസ് കോടതിയില്‍ ഹാജരാക്കി. ഏപ്രില്‍ 9ന് ടെക്‌നോസിറ്റിക്കു മുന്നില്‍ രാത്രി 8 മണിക്കു കാര്‍തടഞ്ഞ് മുളകുപൊടി എറിഞ്ഞ ശേഷം സമ്പത്തിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് സ്വര്‍ണം കവരുകയും മറ്റു രണ്ടുപേരെ ബലമായി പിടിച്ചിറക്കി കൊണ്ടുപോയെന്നുമാണ് മൊഴി.

സമ്പത്ത് ഇക്കാര്യം ഉടനെ പൊലീസില്‍ അറിയിക്കുകയോ ആശുപത്രിയില്‍ പോകുകയോ ചെയ്തില്ല. പകരം കൊല്ലം സ്വദേശി ബന്ധുവിനെ വിളിച്ച് വരുത്തുകയായിരുന്നു. കാറിലെ രഹസ്യ അറയിലുണ്ടായിരുന്ന സ്വര്‍ണം ബന്ധുവിനെ ഏല്‍പിച്ചശേഷമാണ് മംഗലപുരം സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

അതിനു മുന്‍പ് കരുനാഗപ്പള്ളിയിലെ ജ്വല്ലറി ഉടമയെയും ഫോണില്‍ ബന്ധപ്പെട്ടു. വിവരം പുറത്തു വന്നതോടെ പണം തിരികെ സ്റ്റേഷനില്‍ എത്തിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മംഗലപുരം സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. പണവും ഏറ്റുവാങ്ങി. സമ്പത്ത് കാറില്‍ കൊണ്ടു വന്ന 75 ലക്ഷം ആര്‍ക്ക്, എന്തിന് എന്നതിനെപ്പറ്റിയും പണത്തിന്റെ ഉറവിടത്തെക്കുറിച്ചും രഹസ്യ അറയില്‍ കൈകാര്യം ചെയ്യുന്നതിലെ സാഹചര്യത്തെക്കുറിച്ചുമെല്ലാം വിശദമായ അന്വേഷണം ആരംഭിച്ചു. കാര്‍ കൈമാറും മുന്‍പ് പണം മാറ്റിയെന്നത് മൂന്നു ദിവസങ്ങള്‍ക്കു ശേഷമാണ് സമ്പത്ത് പൊലീസിനോട് പറയുന്നത്.

സംഭവം നടന്ന ശേഷം സമ്പത്തും അരുണും സ്റ്റേഷനിലെത്തിയിട്ടും ലക്ഷ്മണയെ ഏറെനേരം കാണാത്തതിനെപ്പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൂന്നു മാസം മുന്‍പ് പൊലീസ് വേഷം ചമഞ്ഞ് എത്തിയവര്‍ സമ്പത്തിന്റെ കാറില്‍നിന്നു നാഗര്‍കോവില്‍ തക്കലയില്‍ വച്ച് 76 ലക്ഷം കവര്‍ന്നിരുന്നു. ഈ കേസില്‍ സമ്പത്തിന്റെ മുന്‍ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള അഞ്ചു പേര്‍ പ്രതികളായിരുന്നു. ജാമ്യത്തില്‍ കഴിയുന്ന ഇവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഈ സംഭവുമായി ബന്ധമില്ലെന്ന് കണ്ട് വിട്ടയയ്ക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week