വിവാദങ്ങള്‍ക്കിടെ പാലേരി മാണിക്യം വീണ്ടും തിയേറ്ററുകളിലേക്ക്;ചിത്രം വീണ്ടുമെത്തുന്നത് 15 വര്‍ഷത്തിന് ശേഷം

തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര നടത്തിയ വെളിപ്പെടുത്തലില്‍ പ്രതിഷേധം ഉയരുന്നതിനിടെ പാലേരിമാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ വീണ്ടും തിയേറ്ററുകളിലേക്കെത്തുന്നു. മമ്മൂട്ടി ട്രിപ്പിള്‍ റോളില്‍ എത്തിയ 2009 ല്‍ ഒറിജിനല്‍ റിലീസ് ചെയ്ത ചിത്രം 4കെ, ഡോള്‍ബി അറ്റ്മോസ് ദൃശ്യ, ശബ്ദ മിഴിവോടെയാണ് വീണ്ടും എത്തുക. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്ന് വൈകിട്ട് 7 മണിക്ക് പുറത്തെത്തും.

ടി പി രാജീവന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി രഞ്ജിത്ത് ഒരുക്കിയ ചിത്രത്തിന്റെ ഒറിജിനല്‍ റിലീസ് 2009 ഡിസംബര്‍ 5 ന് ആയിരുന്നു.പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് ചിത്രം വീണ്ടുമെത്തുന്നത്.ഹരിദാസ്, മുരിക്കിന്‍കുന്നത്ത് അഹമ്മദ് ഹാജി,ഖാലിദ് അഹമ്മദ് എന്നിങ്ങനെ മൂന്ന് വേഷങ്ങളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരവും ശ്വേത മേനോന് മികച്ച നടിക്കുള്ള പുരസ്‌കാരവും അടക്കം അത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നാല് അവാര്‍ഡുകളാണ് ചിത്രം നേടിയത്.

മൈഥിലി, ശ്രീനിവാസന്‍, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ, ശശി കലിംഗ, ടി ദാമോദരന്‍, വിജയന്‍ വി നായര്‍, ഗൗരി മുഞ്ജല്‍ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങള്‍. നിര്‍മ്മാണം മഹാ സുബൈര്‍, എ വി അനൂപ്, ഛായാഗ്രഹണം മനോജ് പിള്ള, സംഗീതം ശരത്, ബിജിബാല്‍, കഥ ടി പി രാജീവന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News