കൊച്ചി:കൊച്ചി രാജാവ്, സി ഐ ഡി മൂസ തുടങ്ങി നിരവധി ചിത്രങ്ങളലെ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് സുധീർ. തന്റെ വിശേഷങ്ങളൊക്കെ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.അർബുദ ബാധിതനായി ഏറെനാൾ ചികിത്സയിൽ കഴിഞ്ഞതിനെ കുറിച്ചെല്ലാം പലപ്പോഴായി വെളിപ്പെടുത്തിയിട്ടുമുണ്ട് സുധീർ. ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ സുധീർ പറഞ്ഞ ചില വെളിപ്പെടുത്തലുകൾ ചർച്ചയാവുകയാണ്. തന്നെ മലയാള സിനിമയിലെ ഒരു സ്ത്രീ മൂന്ന് വർഷക്കാലം ഉപയോഗിച്ചുവെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഭാര്യ പ്രിയയോടൊപ്പം ഒരു അഭിമുഖത്തിൽ പങ്കെടുക്കവെയാണ് താരം അനുഭവിച്ച ദുരനുഭവം വെളിപ്പെടുത്തിയത്.
എന്നെ മൂന്ന് വർഷം ഒരു സ്ത്രീ അവരുടെ കീപ്പ് ആയി വച്ചു കൊണ്ടിരുന്നു. അവർ എന്നെ കൊണ്ടു നടന്നു. എനിക്ക് ഇഷ്ടം പോലെ പൈസ തന്നിരുന്നു. വലിയൊരു ആളാണ്. അവരുടെ കീഴിൽ ജോലി ചെയ്യുകയായിരുന്നു ഞാൻ. അവർ പറയുന്ന ജോലിയൊക്കെ ചെയ്യണം. ആ സമയത്ത് എനിക്ക് പടമൊന്നും ഇല്ലായിരുന്നു. കുറേ കഴിഞ്ഞപ്പോൾ അവർ എന്നെ തേച്ചു, എന്നെ ഒഴിവാക്കി വിട്ടു.
ഞാൻ എവിടെപ്പോയി പരാതി പറയും? എനിക്കാര് നീതി തരും? എനിക്ക് നീതി തരണം എന്ന് പോയി കോടതിയിൽ പറഞ്ഞാൽ എനിക്ക് നീതി കിട്ടുമോ?” എന്നാണ് താരം ചോദിക്കുന്നത്. എന്ത് പേരായിരിക്കും നിങ്ങൾ എന്നെ ഇനി വിളിക്കുക എന്നും സുധീർ ചോദിക്കുന്നു. അവരുടെ ഏക്കറു കണക്കിന് സ്ഥലം എഴുതി തരാം, പുള്ളിയെ വിട്ടു കൊടുക്കുമോ എന്നവർ എന്നോട് ചോദിച്ചു എന്ന് ഭാര്യയും വെളിപ്പെടുത്തി.
എന്റെ ആരോഗ്യവും സിക്സ് പാക്കും ഒക്കെ ഉണ്ടായിരുന്ന സമയത്ത് എന്നെ പലരും ഉപയോഗിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് ഒന്നും അറിയാത്ത കാലത്ത് എന്നെ ഒരുപാട് ആണുങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അന്ന് ബോധമില്ല, എന്ത് അറിയാനാണ്? അതിനൊക്കെ ആരോട് പോയാണ് പരാതിപ്പെടുകയെന്ന് അദ്ദേഹം ചോദിച്ചു.