മലപ്പുറം: കെ.പി.സി.സി. വിലക്കിനെ മറികടന്ന് പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയുമായി ആര്യാടന്‍ ഫൗണ്ടേഷന്‍. കനത്ത മഴയേയും മറികടന്നാണ് വലിയ തോതില്‍ പ്രവര്‍ത്തകരെ അണിനിരത്തി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ റാലി സംഘടിപ്പിച്ചത്.
യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളിയടക്കം മലപ്പുറത്തെ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കളെല്ലാം റാലിക്ക് നേതൃത്വം നല്‍കുന്നുണ്ട്. പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് റാലി നടത്തിയാല്‍ കര്‍ശനനടപടിയുണ്ടാവുമെന്ന് ആര്യാടന്‍ ഷൗക്കത്തിന് കെ.പി.സി.സി. മുന്നറിയിപ്പ് നല്‍കിയിരുന്നു.
ടൗണ്‍ ഹാള്‍ പരിസരത്തുനിന്ന് ആരംഭിച്ച റാലി കിഴക്കേത്തലവരെയാണ്. തുടര്‍ന്ന് പൊതുയോഗവും നടത്താന്‍ മലപ്പുറത്തെ കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് കെ.പി.സി.സി. കര്‍ശന നിര്‍ദേശം നല്‍കിയത്. ജില്ലയിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട വിഭാഗീയതയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളിലേക്ക് വഴിവെച്ചത്.
നേരത്തെ, ഡി.സി.സി. പലസ്തീന്‍ ഐക്യദാര്‍ഢ്യറാലി നടത്തിയിരുന്നു. അര്യാടന്‍ ഷൗക്കത്തും സി. ഹരിദാസടക്കമുള്ള എ ഗ്രൂപ്പ് നേതാക്കള്‍ ഡി.സി.സിയുടെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. അതേസമയം, പലസ്തീന്‍ ഐക്യദാര്‍ഢ്യം വിഭാഗീയ പ്രവര്‍ത്തനമല്ലെന്നും നേതൃത്വത്തോട് വിശദീകരിക്കുമെന്നുമായിരുന്നു ആര്യാടന്‍ ഷൗക്കത്തിന്റെ വിശദീകരണം. ആര്യാടന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൂടിയാണ് ഷൗക്കത്ത്.