‘എന്റെ കല്ല്യാണചെക്കൻ ആരാണെന്ന് ഞാൻ കൂടി അറിയട്ടെ’; വിവാഹ വാർത്തകൾ തള്ളി മൃണാൽ
ചെന്നൈ:നടി മൃണാല്‍ താക്കൂറിന്റെ വിവാഹത്തെ കുറിച്ച് ചില റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരു തെലുങ്ക് നടനുമായി മൃണാലിന്റെ വിവാഹം അടുത്തുതന്നെയുണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മൃണാല്‍.
വിവാഹത്തെ കുറിച്ചുള്ള എല്ലാ അഭ്യൂഹങ്ങളും നടി തള്ളിക്കളഞ്ഞു. ‘നിങ്ങളുടെ ഹൃദയം തകര്‍ത്തതില്‍ ക്ഷമ ചോദിക്കുന്നു. എന്റെ സ്‌റ്റൈലിസ്റ്റ്, ഡിസൈനര്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരെല്ലാം കഴിഞ്ഞ ഒരു മണിക്കൂറായി എന്റെ ഫോണിലേക്ക് വിളിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ ഏതോ തെലുങ്ക് താരത്തെ വിവാഹം ചെയ്യാന്‍ പോകുന്നു എന്ന് കരുതിയാണ് വിളിക്കുന്നത്. ആരാണ് ആ തെലുങ്ക് താരം എന്ന് എനിക്ക് അറിയേണ്ടതുണ്ട്. അതാദ്യം നിങ്ങള്‍ പറഞ്ഞുതരൂ’- ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച വീഡിയോയില്‍ മൃണാല്‍ പറയുന്നു.
ഈ അഭ്യൂഹം കേട്ട് തനിക്ക് ചിരി നിര്‍ത്താന്‍ പറ്റുന്നില്ലെന്നും ഇനി വിവാഹത്തിന്റെ വേദിയും ലൊക്കേഷനുമെല്ലാം അയച്ചുതരൂ എന്നും മൃണാല്‍ വീഡിയോയില്‍ പറയുന്നുണ്ട്.
അടുത്തിടെ നടന്ന ഒരു പുരസ്‌കാര ചടങ്ങിന് ശേഷമാണ് മൃണാലിന്റെ വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. മൃണാലിന് പുരസ്‌കാരം നല്‍കിയശേഷം നിര്‍മാതാവ് അല്ലു അരവിന്ദ് പറഞ്ഞ വാക്കുകളാണ് ഇതിന്റെയെല്ലാം തുടക്കം. മൃണാല്‍ ഒരു ഭര്‍ത്താവിനെ കണ്ടെത്തി ഹൈദരാബാദില്‍ സ്ഥിരതാമസമാക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നായിരുന്നു അല്ലുവിന്റെ വാക്കുകള്‍.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ‘സീതാരാമം’ എന്ന ചിത്രത്തിലെ നായികാകഥാപാത്രത്തിലൂടെയാണ് മൃണാല്‍ ശ്രദ്ധിക്കപ്പെട്ടത്. അതിന് ശേഷം ‘ലസ്റ്റ് സ്റ്റോറീസി’ന്റെ രണ്ടാം ഭാഗത്തിലും പ്രത്യക്ഷപ്പെട്ടു. നാനി നായകനായെത്തുന്ന ‘ഹായ് നന്ന’ എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്.