KeralaNews

യാത്രക്കാർ കൈ കാണിച്ചു, മാനുഷിക പരിഗണന നൽകി പാലരുവി ഏറ്റുമാനൂരിൽ നിർത്തി

കോട്ടയം: ഇരട്ട പാതയോട് അനുബന്ധിച്ച് റെയിൽവേ പുറത്തിറക്കിയ നിയന്ത്രണങ്ങളുടെ ഭാഗമായി മെയ്‌ 29 വരെ പാലരുവിയ്ക്ക് ഏറ്റുമാനൂർ സ്റ്റോപ്പ്‌ അനുവദിച്ചിരുന്നു. നിയന്ത്രണങ്ങളും താത്‌കാലിക സ്റ്റോപ്പും പിൻവലിച്ചതറിയാതെ ഇന്നും രാവിലെ ഏറ്റുമാനൂർ എത്തിയപ്പോഴാണ് സ്റ്റോപ്പ്‌ ഇല്ലെന്ന വിവരം യാത്രക്കാർ അറിയുന്നത്. പ്രതീക്ഷ കൈവിടാതെ കൈ കാണിച്ച യാത്രക്കാർക്ക് മുന്നിൽ പാലരുവി നിമിഷങ്ങൾ നിർത്തി കയറാൻ അനുവദിച്ചു. ലോക്കോ പൈലറ്റിന്റെ മനുഷ്യത്വപരമായ സമീപനം പ്രശംസനീയമാണെന്ന് ഏറ്റുമാനൂർ അസോസിയേഷൻ പ്രതിനിധിയായ ശ്രീജിത്ത് കുമാർ അഭിപ്രായപ്പെട്ടു. വിഷയം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചർച്ചയായപ്പോൾ യാത്രക്കാർ ഒന്നടങ്കം ഹൃദയത്തിന്റെ ഭാഷയിൽ ലോക്കോ പൈലറ്റിന് നന്ദി രേഖപ്പെടുത്തുകയാണ്.

ഇരുദിശയിലേയ്ക്കും ട്രെയിൻ കടന്നുപോകുന്നത് പ്രധാന ലൈനിലെ ഐലൻഡ് പ്ലാറ്റ് ഫോമിലൂടെ ആയതുകൊണ്ട് തന്നെ മറ്റു സ്റ്റേഷനുകളിലെ പോലെ ട്രെയിൻ നിർത്തി എടുക്കുന്നതിലുള്ള സമയനഷ്ടം ഇവിടെ ഉണ്ടാകുന്നില്ല. പാലരുവി തുടങ്ങിയ സമയത്ത് ഏറ്റുമാനൂർ സ്റ്റേഷന്റെ പണി നടക്കുന്നതിനാൽ സ്റ്റോപ്പ്‌ താത്കാലികമായി ഒഴിവാക്കുകയായിരുന്നു. ആ സമയത്ത് വേണാടിന് പോലും പ്ലാറ്റ് ഫോം പരിമിതികൾ കൊണ്ട് താത്കാലികമായി സ്റ്റോപ്പ്‌ ഒഴിവാക്കിയിരുന്നു. പാലരുവി പിന്നീട് പുനലൂരിൽ നിന്ന് തിരുനെൽവേലി വരെ നീട്ടിയപ്പോൾ ഏറ്റുമാനൂരിലെ സ്റ്റോപ്പ്‌ എന്ന സ്വപ്നവും അകലുകയായിരുന്നു. കോട്ടയം ഇരട്ട പാത പൂർത്തിയാകുമ്പോൾ സ്റ്റോപ്പ്‌ യാഥാർഥ്യമാകുമെന്നാണ് ഒടുവിൽ ലഭിച്ച വിവരം.

കോട്ടയം കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന സ്റ്റേഷനാണ് ഏറ്റുമാനൂർ. എം. ജി യൂണിവേഴ്സിറ്റി, ഐ.ടി.ഐ, ഐ. സി.എച്ച്, മെഡിക്കൽ കോളേജ്, മാന്നാനം ചാവറാ തീർത്ഥാടന കേന്ദ്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, അതിരമ്പുഴ പള്ളി ഇതിനോടെല്ലാം സമീപത്ത് കിടക്കുന്ന ഏറ്റുമാനൂരിൽ മാത്രം പാലരുവിയ്ക്ക് സ്റ്റോപ്പ്‌ നിഷേധിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.പേട്ട,പാലാ, അയർക്കുന്നം, പേരൂർ, ആർപ്പുക്കര, നീണ്ടൂർ, മണർകാട്,വയല എന്നിവിടങ്ങളിൽ നിന്ന് എളുപ്പം എത്തിച്ചേരാൻ കഴിയുന്ന സ്റ്റേഷനാണ് ഏറ്റുമാനൂർ.

ഏറ്റുമാനൂർ സ്റ്റേഷന്റെ നവീകരണ വേളയിൽ പാലരുവി ഉൾപ്പടെയുള്ള എക്സ്പ്രസ്സ്‌ ട്രെയിനുകൾക്ക് സ്റ്റോപ്പ്‌ അനുവദിക്കാനുള്ള ശ്രമം നടത്തുമെന്ന് അന്നത്തെ കോട്ടയം എംപി ആയിരുന്ന ശ്രീ. ജോസ് കെ മാണി യാത്രക്കാരെ അറിയിച്ചതാണ്. സംസ്ഥാനത്ത് കേരള കോൺഗ്രെസ്സ് മാണി വിഭാഗത്തിന് ഏറ്റവും കൂടുതൽ സ്വാധീനമുള്ള ഏറ്റുമാനൂരിൽ പാലരുവിയുടെ സ്റ്റോപ്പ്‌ ഇന്ന് ഒരു അഭിമാനപ്രശ്നമാണ്. രണ്ട് തവണ കേന്ദ്ര റെയിൽവേ മന്ത്രിക്ക് നേരിട്ട് നിവേദനം കൊടുക്കുകയും പാർലമെന്റിലും റെയിൽവേ ബോർഡിലും പല തവണ ഈ വിഷയം ആവർത്തിക്കുകയും ചെയ്ത കോട്ടയം എം. പി ശ്രീ തോമസ് ചാഴികാടൻ കോട്ടയം സ്റ്റേഷന്റെ വികസനയോഗത്തിലും ഏറ്റുമാനൂർ യാത്രക്കാരുടെ ആവശ്യം ശ്രദ്ധയിൽ പെടുത്തിയിരുന്നു.

ഏറ്റുമാനൂർ മണ്ഡലത്തിൽ ശക്തമായ സാന്നിധ്യം ലക്ഷ്യമാക്കി യാത്രക്കാരുടെ പ്രശ്നത്തിൽ അടിയന്തിര ഇടപെടലുമായി ബി ജെ പി നേതൃത്വനിരയിൽ നിന്ന് ഏറ്റുമാനൂർ നഗരസഭ കൗൺസിലർ ഉഷാ സുരേഷും സജീവമായി രംഗത്തുണ്ട്.പാസഞ്ചർ സർവീസസ് കമ്മിറ്റി അംഗം ശ്രീ.ഏറ്റുമാനൂർ രാധാകൃഷ്ണന്റെ പ്രത്യേക താത്പര്യം പരിഗണിച്ചു കൊണ്ട് സ്റ്റേഷന്റെ അറ്റകുറ്റ പണികൾ ഇപ്പോൾ പുരോഗമിക്കുന്നുണ്ട്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് പാലരുവിയുടെ ആവശ്യം അറിയിച്ച് അദ്ദേഹം നിവേദനം നൽകിയിരുന്നു. ഏറ്റുമാനൂർ ഉത്സവസീസണിലും ഇരട്ട പാതയുടെ നിയന്ത്രണങ്ങളുടെ ഭാഗമായും താത്‌കാലിക സ്റ്റോപ്പ്‌ നേടുന്നതിന്റെ പിന്നിലും അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ ഉണ്ട്.

എറണാകുളം ഓഫീസ് സമയം പാലിക്കുന്ന ഏക ട്രെയിനാണ് പാലരുവി. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപങ്ങളിലെ ജീവനക്കാരടക്കം കേരളത്തിലെ ഐ ടി മേഖലയിലെ ആസ്ഥാനമായ എറണാകുളം ജില്ലയിലേയ്ക്ക് ദിവസവും ആയിരങ്ങളാണ് കോട്ടയം ഭാഗത്ത് നിന്ന് യാത്ര ചെയ്യുന്നത്. ഇരട്ട പാതയുടെ നിയന്ത്രണങ്ങൾക്ക് അനുഭാവം പ്രകടിപ്പിച്ച് കൊണ്ട് പാലരുവിയ്ക്ക് വേണ്ടി നടത്തിവരുന്ന പ്രതിഷേധങ്ങൾ നിർത്തി വെച്ചിരിക്കുകയായിരുന്നു. ഇരട്ട പാത കമ്മീഷൻ ചെയ്യുമ്പോൾ ലാഭിക്കുന്ന സമയം സ്റ്റോപ്പ്‌ അനുവദിക്കുന്നതിന് അനുകൂലമാണെന്നും റെയിൽവേ ഇനിയും ഏറ്റുമാനൂരിന്റെ യാത്രാക്ലേശം കണ്ടില്ലെന്ന് ഭാവിച്ചാൽ തുടർ സമരങ്ങളുമായി മുന്നോട്ടു പോകുമെന്നും ഏറ്റുമാനൂർ പാസഞ്ചർ അസോസിയേഷൻ ഭാരവാഹികളായ അജാസ് വടക്കേടം, ഷിനു എം എസ് എന്നിവർ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button