FeaturedKeralaNews

‘പഞ്ചവടിപ്പാലം’ ഇന്നു മുതൽ വീണ്ടും പാലാരിവട്ടം പാലം, ഗതാഗതത്തിനായി തുറന്നുകൊടുക്കും

കൊച്ചി:2019 മെയ് മാസത്തിൽ അടച്ചിട്ട പാലാരിവട്ടം പാലം യാത്രക്കാരെ സ്വീകരിക്കാൻ അണിഞ്ഞൊരുങ്ങി. പുനർ നിർമ്മിച്ച പാലാരിവട്ടം മേൽപാലം ഇന്ന് വൈകിട്ട് നാല് മണിക്ക് തുറന്ന് നൽകും. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ചടങ്ങുകൾ ഉണ്ടാകില്ല. അഞ്ച് മാസം കൊണ്ട് നിർമ്മിച്ച പാലമെന്ന ഖ്യാതിയോടൊപ്പം സിഗ്നലില്ലാത്ത ജംഗ്ഷനെന്ന നേട്ടവും പാലാരിവട്ടത്തിന് സ്വന്തമാകും.

ഒരു വർഷവും 10 മാസത്തെയും കാത്തിരിപ്പിന് ഇന്ന് അവസാനമാവുകയാണ്. വൈകിട്ട് നാല് മണിക്ക് പാലാരിവട്ടം മേൽപ്പാലത്തിലൂടെ വാഹനങ്ങൾ വീണ്ടും ചീറിപായും. 2016 ഒക്ടോബര്‍ 12 ന് പാലാരിവട്ടം പാലം യാഥാർത്ഥ്യമായതെങ്കിലും 6 മാസം കൊണ്ട് തന്നെ പാലത്തിൽ കേടുപാടുകൾ കണ്ടെത്തി.

പിയര്‍ ക്യാപ്പുകളിലും വിള്ളൽ സംഭവിച്ചതോടെ 2019 മെയ് 1 ന് പാലം അറ്റകുറ്റപണിക്കായി അടച്ചു. പിന്നീട് പാലാരിവട്ടം പാലം സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത വിവാദങ്ങൾക്കും രാഷ്ട്രീയ കോലാഹലങ്ങൾക്കുമാണ്. കേരളത്തിന്‍റെ പഞ്ചവടിപാലമായി മാറിയ പാലം വീണ്ടും തുറക്കുന്നത് നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണെന്നതും ശ്രദ്ധേയം.

പാലത്തിന്‍റെ അവാസന മിനുക്ക് പണികൾ ഇന്നലെ രാത്രിയോടെ പൂ‍ർത്തിയായി. പാലാരിവട്ടത്തെ ആദ്യ പാലം നിർമ്മിക്കാൻ 28 മാസങ്ങളാണ് വേണ്ടി വന്നതെങ്കിൽ വെറും 5 മാസവും 10 ദിവസവുമെടുത്താണ് ഡിഎംആർസിയും ഊരാളുങ്കൽ ലേബർ സൊസൈറ്റിയും ചേർന്ന് പാലം പുനർ നിർമ്മിച്ചത്. ഉദ്ഘാടനമില്ലെങ്കിലും മന്ത്രി ജി സുധാകരനും ഉദ്യോഗസ്ഥരും ആദ്യ ദിവസത്തെ യാത്രയിൽ പങ്കാളികളാകും.

പാലം തുറക്കുമ്പോൾ ട്രാഫിക്ക് സിഗ്നൽ ഇല്ലാത്ത ഗതാഗത ക്രമീകരണമായിരിക്കും പാലത്തിനടിയിലൂടെ ഉണ്ടാവുക. ഇപ്പോൾ പാലത്തിന് രണ്ടറ്റത്തുമായി ക്രമീകരിച്ചിരുക്കുന്ന യൂടേൺ പാലത്തിന്‍റെ 2 സ്പാനുകൾക്കടിയിലൂടെ പുനക്രമീകരിക്കും. സ്പാനുകൾക്കടിയിലൂടെ വാഹനങ്ങൾക്ക് കടന്ന് പോകാൻ വേണ്ട വീതിയും ഉയരവുമുണ്ട്.

പാലാരിവട്ടം പാലം നാളെ തുറന്നു കൊടുക്കുമ്പോള്‍ ഈ സര്‍ക്കാര്‍ നല്‍കിയ മറ്റൊരു ഉറപ്പു കൂടെ പാലിക്കപ്പെടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഴിമതിയുടെ ദയനീയ ചിത്രമായി തകര്‍ന്നു വീണ പാലാരിവട്ടം പാലം ഉറപ്പോടെ തലയുയര്‍ത്തി നില്‍ക്കുകയാണെന്നും ജനങ്ങള്‍ക്ക് അഭിമാനത്തോടെ, ആത്മവിശ്വാസത്തോടെ ഈ നേട്ടം സമര്‍പ്പിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ: ”പാലാരിവട്ടം പാലം നാളെ തുറന്നു കൊടുക്കുമ്പോള്‍ ഈ സര്‍ക്കാര്‍ നല്‍കിയ മറ്റൊരു ഉറപ്പു കൂടെ പാലിക്കപ്പെടുകയാണ്. ഒന്നര വര്‍ഷമെടുക്കും നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ എന്നാശങ്കപ്പെട്ട വേളയില്‍, ആറു മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി ജനങ്ങളുടെ ഗതാഗത സൗകര്യം പുനസ്ഥാപിക്കുമെന്ന ഉറപ്പ്, പണത്തോടും അധികാരത്തോടുമുള്ള ആര്‍ത്തിയല്ല, ജനങ്ങളുടെ സുരക്ഷയും ക്ഷേമവുമാണ് ഈ സര്‍ക്കാരിനെ നയിക്കുന്ന ലക്ഷ്യങ്ങളെന്ന ഉറപ്പ്, കേരളത്തിന്റെ വികസനം എല്‍ഡിഎഫിന്റെ കൈകളില്‍ ഭദ്രമായിരിക്കുമെന്ന ഉറപ്പ് ഇവയെല്ലാം പാലിക്കപ്പെട്ടുകൊണ്ട്, അഴിമതിയുടെ ദയനീയ ചിത്രമായി തകര്‍ന്നു വീണ പാലാരിവട്ടം പാലം ഉറപ്പോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. ഇടതുപക്ഷത്തില്‍ വിശ്വാസമര്‍പ്പിച്ച കേരള ജനതയ്ക്ക് അഭിമാനത്തോടെ, ആത്മവിശ്വാസത്തോടെ ഈ നേട്ടം സമര്‍പ്പിക്കുന്നു.”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker