KeralaNews

മുത്തൂറ്റ് ചെയർമാൻ എം ജി ജോർജ് വീണു മരിച്ചതിൽ ദുരൂഹത ? നിലപാട് വ്യക്തമാക്കി പോലീസ്

ന്യൂഡൽഹി:മുത്തൂറ്റ് ചെയർമാൻ എം ജി ജോർജ് മരിച്ചത് നാലാം നിലയിൽ നിന്ന് വീണിട്ടെന്ന് ദില്ലി പൊലീസ്. ദില്ലിയിലെ വസതിയിൽ വച്ച് നാലാം നിലയിൽ നിന്ന് വീണാണ് മരണം സംഭവിച്ചത്. ഉടനെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്‍മോർട്ടം നടത്തിയെന്നും മരണത്തിൽ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നുമാണ് ദില്ലി പൊലീസ് വ്യക്തമാക്കുന്നത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ദില്ലി പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. താഴെ വീണാണ് മരണം സംഭവിച്ചത് എന്നറിഞ്ഞതിനാൽ അന്വേഷണം നടത്തിയെന്നും സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചെന്നും മൊഴികൾ രേഖപ്പെടുത്തിയെന്നും പൊലീസ് വ്യക്തമാക്കി.

ഇന്നലെയാണ് മുത്തൂറ്റ് ചെയർമാൻ എം ജി ജോർജ് അന്തരിച്ചത്.71 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം. മൃതദേഹം ഇന്ന് ദില്ലിയിൽ പൊതുദർശനം നടത്തിയിരുന്നു. സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയമേഖലകളിലെ നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. ഭൗതിക ശരീരം നാളെ കേരളത്തിൽ എത്തിക്കാനിരിക്കുകയാണ്. ദില്ലി ഹൗസ്ഖാസിലെ സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് ഡൽഹി ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദെമത്രയോസ് നേതൃത്വം നൽകി.

വൈകിട്ട് നാട്ടിലെത്തിയ്ക്കുന്ന മൃതദേഹം ഞായറാഴ്ച പനമ്പിള്ളി നഗറിൽ പൊതുദർശനത്തിനു വയ്ക്കും. ഡൽഹിയിൽനിന്നു രാവിലെ എത്തിക്കുന്ന മൃതദേഹം എസ്ബിടി അവന്യുവിലെ മുത്തൂറ്റ് ഓറം റസിഡന്‍സസിൽ രാവിലെ ഏഴര മുതൽ എട്ടര വരെയാണ് പൊതുദർശനം.

തുടർന്ന് പത്തനംതിട്ട കോഴഞ്ചേരിയിലേയ്ക്കു കൊണ്ടുപോകും. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് കോഴ‍ഞ്ചേരി സെന്റ് മാത്യൂസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ന്യൂഡൽഹിയിലെ സെന്റ് ജോർജ്സ് ഹൈസ്കൂൾ ഡയറക്ടർ സാറ ജോർജ് മുത്തൂറ്റാണ് ഭാര്യ. മുത്തൂറ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് എം.ജോർജ്, ഗ്രൂപ്പ് ഡയറക്ടർ അലക്സാണ്ടർ ജോർജ്, പരേതനായ പോൾ മുത്തൂറ്റ് ജോർജ് എന്നിവരാണ് മക്കൾ.

പത്തനംതിട്ടയിലെ കോഴഞ്ചേരിയിൽ മുത്തൂറ്റ് ഫിനാൻസ് സ്ഥാപകനായ എം.ജോർജ് മുത്തൂറ്റിന്റെ മകനായി 1949 നവംബർ രണ്ടിനാണ് എം.ജി.ജോർജ് മുത്തൂറ്റ് ജനിച്ചത്. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടി. 1979ൽ കുടുംബ ബിസിനസായ മുത്തൂറ്റ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറായി സ്ഥാനമേറ്റു. 1993ൽ ഗ്രൂപ്പിന്റെ ചെയർമാനായി.

മുത്തൂറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാനായ എം ജി ജോർജ് ഓർത്തഡോക്സ് സഭാ ട്രസ്റ്റി, ഫിക്കി കേരള ഘടകം ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker