KeralaNews

കോൺഗ്രസ് വിട്ടുവന്ന എം എസ് വിശ്വനാഥൻ സുൽത്താൻ ബത്തേരിയിൽ സിപിഎം സ്ഥാനാർത്ഥിയാകും,എറണാകുളത്ത് സ്ഥാനാർത്ഥി മാറിയേക്കും

തിരുവനന്തപുരം: കോൺഗ്രസ് വിട്ടുവന്ന എം എസ് വിശ്വനാഥൻ സുൽത്താൻ ബത്തേരിയിൽ സിപിഎം സ്ഥാനാർത്ഥിയാകും. വയനാട് ജില്ലാ കമ്മിറ്റി ബത്തേരി സ്ഥാനാ‍ർത്ഥിയായി വിശ്വനാഥനെ ഏകകണ്ഠമായി നിർദേശിക്കുകയായിരുന്നു. കെപിസിസി സെക്രട്ടറിയും കുറുമസമുദായം നേതാവുമായ എംഎസ് വിശ്വനാഥൻ കഴിഞ്ഞ ബുധനാഴ്ചയാണ് രാജിവെച്ചത്.

രാജിക്കിടയാക്കിയത് പാര്‍ട്ടിയിലെ അവഗണനയെന്നും സിപിഎമ്മില്‍ ചേര്‍ന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചുവെന്നുമായിരുന്നു വിശ്വനാഥൻ പ്രതികരിച്ചത്. മാനന്തവാടിയിൽ നിലവിലെ എംഎൽഎ ഒ ആർ കേളുവിനെ വീണ്ടും മത്സരിപ്പിക്കാനും സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

അതേസമയം, എറണാകുളത്തെ സിപിഎം സ്ഥാനാ‍ർത്ഥിപ്പട്ടികയിൽ മാറ്റം വരുമെന്ന് ഏതാണ്ട് ഉറപ്പായി. എറണാകുളം മണ്ഡലത്തിൽ യേശുദാസ് പറപ്പിള്ളിയെ സ്ഥാനാർത്ഥിയാക്കണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അന്തിമതീരുമാനം സിപിഎം സംസ്ഥാനകമ്മിറ്റിയോഗത്തിൽ എടുക്കും. എറണാകുളം ജില്ലാ പഞ്ചായത്ത്‌ അംഗമാണ് യേശുദാസ് പറപ്പിള്ളി. നേരത്തെ ഷാജി ജോർജിനെ ആയിരുന്നു സിപിഎം സെക്രട്ടറിയേറ്റ് എറണാകുളം മണ്ഡലത്തിൽ പരിഗണിച്ചിരുന്നത്. ഷാജി ജോർജ് മികച്ച സ്ഥാനാർത്ഥി അല്ലെന്നു ജില്ലാ കമ്മിറ്റിയിൽ അഭിപ്രായമുയർന്നിരുന്നു.

പിറവം, പെരുമ്പാവൂർ മണ്ഡലങ്ങൾ കേരളാ കോൺഗ്രസിന് നൽകാനാണ് സാധ്യത. ഇക്കാര്യത്തിൽ അന്തിമതീരുമാനം സംസ്ഥാനസമിതിക്ക് വിട്ടു.

ഇ പി ജയരാജനെ പട്ടിയിൽ നിന്ന് ഒഴിവാക്കിയതില്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയർന്നു. ഇപി ജയരാജന്‍, തോമസ് ഐസക് എന്നിവരെ ഒഴിവാക്കിയ സ്ഥാനാര്‍ത്ഥി പട്ടിക ദുര്‍ബലമെന്നാണ് നിരീക്ഷണം. ജയരാജനെ മട്ടന്നൂരില്‍ തന്നെ മത്സരിപ്പിക്കണമെന്നും കെ കെ ശൈലജയെ പേരാവൂരില്‍ മത്സരിപ്പിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. എ കെ ബാലന്‍റെ ഭാര്യ പി കെ ജമീലയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്നു.

സിപിഎം സ്ഥാനാർത്ഥി നിർണയത്തിൽ നേതാക്കളെ വെട്ടിനിരത്തിയതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. തോമസ് ഐസക്കിനെയും ജി സുധാകരനെയും ശ്രീരാമകൃഷ്ണനെയും ഒഴിവാക്കിയത് അമിത ആത്മവിശ്വാസത്തിന്‍റെ സൂചനയെന്നാണ് സിപിഎം അണികൾക്കിടയിലെ എതിർപ്പ്. അമ്പലപ്പുഴയിൽ ജി സുധാകരന് വേണ്ടിയും പൊന്നാനിയിൽ പി ശ്രീരാമകൃഷ്ണന് വേണ്ടിയും പോസ്റ്ററുകൾ ഉയർന്നു.

പി ജയരാജനെ തഴഞ്ഞതിലാണ് കണ്ണൂരിൽ പ്രതിഷേധം.സൈബർ സഖാക്കളുടെ കൂട്ടായ്മയായ പിജെ ആർമിയാണ് ജയരാജന് വേണ്ടി പടനയിക്കുന്നത്. പാർട്ടിയംഗവും കണ്ണൂർ സ്പോർട്സ് കൗണ്‍സിൽ ഉപാധ്യക്ഷനുമായ ധീരജ് കുമാർ ഒരുപടി കൂടി കടന്ന് പരസ്യ പ്രസ്താവനയുമിറക്കി.ധീരജിനേ പിന്നീട് പാർട്ടിയിൽ നിന്ന് പുറത്താക്കി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker