പാലക്കാട്: ടിപിആർ 40 ശതമാനത്തിന് മുകളിലുള്ള 31തദ്ദേശ സ്ഥാപനങ്ങൾ മെയ് 19 മുതല്‍ പൂർണ്ണമായി അടച്ചിടാൻ തീരുമാനം. കൊവിഡ് 19 രോഗ പ്രതിരോധത്തിൻ്റെ ഭാഗമായി ജില്ലയിലെ 89 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 915 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വരുന്നുണ്ട്.
40 % ല്‍ കൂടുതൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള 31 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ രോഗവ്യാപനം നിയന്ത്രിക്കുന്നതിന് പൂര്‍ണ്ണമായും അടച്ചിടുന്നതിന് ഇന്ന് ചേർന്ന ജില്ലാ ദുരന്തനിവരാണ അതോറിറ്റി യോഗം തീരുമാനിച്ചു.
ഈ സാഹചര്യത്തില്‍ പൊതുജനാരോഗ്യം മുന്നില്‍ കണ്ട് കൊവിഡ് രോഗവ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മെയ് 19 മുതല്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പൂര്‍ണ്ണമായും അടച്ചിടുന്നതിന് നിര്‍ദ്ദേശം നല്‍കി ജില്ലാ കലക്ടർ ഉത്തരവിട്ടു.
മേല്‍ നഗരസഭ അല്ലെങ്കിൽ പഞ്ചായത്തുകളുടെ അതിര്‍ത്തികള്‍ ബ്ലോക്ക് ചെയ്യുന്നതിനുവേണ്ട നടപടികള്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, നഗരസഭ അല്ലെങ്കിൽ പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ സംയുക്തമായി നിര്‍വ്വഹിക്കാനും ഉത്തരവിൽ നിർദ്ദേശിക്കുന്നു.
മേല്‍ സ്ഥലങ്ങളില്‍ പുറത്തേയ്ക്കും, അകത്തേയ്ക്കും പ്രവേശിക്കുന്നതിന് ഒരു എന്‍ട്രി, ഒരു എക്സിറ്റ് എന്ന രീതിയിലുള്ള സംവിധാനങ്ങള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, നഗരസഭ അല്ലെങ്കിൽ പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ സംയുക്തമായി തീരുമാനിച്ച് അടച്ചിടേണ്ടതാണ്. മേല്‍ സ്ഥലങ്ങളിലെ ആളുകള്‍ക്ക് ഭക്ഷണം, ഭക്ഷണ സാധനങ്ങള്‍ എന്നിവ എത്തിച്ചു കൊടുക്കുന്നതിന് ആര്‍.ആര്‍.ടിമാര്‍ വൊളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനം ഉറപ്പാക്കേണ്ടതും, ഇതിനായി വേണ്ട സജ്ജീകരണങ്ങള്‍ നഗരസഭ അല്ലെങ്കിൽ പഞ്ചായത്ത് അധികൃതര്‍ ഒരുക്കേണ്ടതുമാണ്.
മേല്‍ സ്ഥലങ്ങളില്‍ അവശ്യ സേവനങ്ങള്‍ക്കും, ആശുപത്രി യാത്രകള്‍ക്കുമല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയുന്നതിനു വേണ്ട നടപടികള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ടതാണ്. ലോക്ക് ഡൌണ്‍ ഇളവുകള്‍ ഈ പ്രദേശങ്ങളില്‍ ബാധകമല്ല. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ 7 മണിമുതല്‍ ഉച്ചയ്ക്ക് 2 മണി വരെ മാത്രം തുറക്കാവുന്നതാണ്. ഹോം ഡെലിവറി സിസ്റ്റം മാത്രമാണ് അനുവദിച്ചിട്ടുള്ളതെന്നും ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു.