പാലക്കാട് ജില്ലയില്‍ ഇന്ന് അഞ്ച് കൊവിഡ് രോഗികള്‍ കൂടി

പാലക്കാട്: ജില്ലയില്‍ ഇന്ന്(മെയ് 22) എഴു മാസം പ്രായമുള്ള ആണ്‍കുഞ്ഞിന് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഈ കുഞ്ഞും 32 വയസ്സുള്ള ഒരു പുരുഷനും 58, 30 വയസ്സുള്ള രണ്ട് വനിതകളും ഉള്‍പ്പെട്ട നാലുപേര്‍ കൂറ്റനാട് പെരിങ്ങോട് സ്വദേശികളും 45 വയസ്സുള്ള ഒരു വനിത കടമ്പഴിപ്പുറം, കുളക്കാട്ടുകുറിശ്ശി സ്വദേശിനിയുമാണ്.

പെരിങ്ങോട് സ്വദേശികളായ നാല് പേരും ഒരു കുടുംബമാണ്.ഇവര്‍ മുംബൈയില്‍ നിന്നും മെയ് 16 ന് പുറപ്പെട്ട് 18ന് പെരിങ്ങോട് ഉള്ള വീട്ടിലെത്തി. രണ്ട് കാറുകളിലായി ഒന്‍പത് പേരാണ് വന്നിട്ടുള്ളത്. ഇതില്‍ ഒരാള്‍ക്ക് പനി ഉണ്ടായതിനെ തുടര്‍ന്ന് മെയ് 20ന് എല്ലാവരുടെയും സ്രവം പരിശോധനയ്ക്ക് എടുത്തു. തുടര്‍ന്ന് വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിഞ്ഞു വരികെയാണ് ഇന്ന് നാലു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരോടൊപ്പം വേറെ വാഹനത്തില്‍ വന്ന അഞ്ചു പേരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്. ഇവര്‍ക്ക് ഏവര്‍ക്കും യാത്രാ പാസ് ഉണ്ടായിരുന്നു.

കടമ്പഴിപ്പുറം, കുളക്കാട്ടുകുറിശ്ശി സ്വദേശിനി മെയ് എട്ടിന് ചെന്നൈയില്‍ നിന്നും നാട്ടിലെത്തി. മെയ് 16ന് രോഗം സ്ഥിരീകരിച്ച കാരാകുറുശ്ശി സ്വദേശി ഉള്‍പ്പെടുന്ന സംഘത്തോടൊപ്പമാണ് ഇവര്‍ എത്തിയത്. ഇവരുടെ ഭര്‍ത്താവ് ചെന്നൈയില്‍ ചായക്കട നടത്തുകയാണ്.ഭര്‍ത്താവും മകനും നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയും ഉള്‍പ്പെടെ 11 പേരാണ് സംഘത്തിലുണ്ടായിരുന്നത്. മെയ് എട്ടിന് വാളയാര്‍ ചെക്‌പോസ്റ്റില്‍ എത്തിയശേഷം ടാക്‌സി വിളിച്ചാണ് ഇവര്‍ വീടുകളിലേക്ക് പോയത്. മെയ് പതിനാറിന് കാരാകുറുശ്ശി സ്വദേശിക്ക് രോഗം സ്വീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ മെയ് 20ന് മറ്റുള്ളവരുടെയും സാമ്പിള്‍ പരിശോധനയ്ക്ക് എടുത്തിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച സ്ത്രീയുടെ ഭര്‍ത്താവിന്റേയും മകന്റേയും പരിശോധനാഫലം നെഗറ്റീവ് ആണ്.ഇവര്‍ക്കെല്ലാവര്‍ക്കും യാത്രാ പാസ് ഉണ്ടായിരുന്നു.

ഇതോടെ പാലക്കാട് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ മലപ്പുറം, തൃശൂര്‍ സ്വദേശി ഉള്‍പ്പെടെ 26 പേരായി.
ഒരു ആലത്തൂര്‍ സ്വദേശിയും മങ്കര സ്വദേശിയും ഉള്‍പ്പെടെ രണ്ടുപേര്‍ എറണാകുളത്തും ചികിത്സയിലുണ്ട്.

സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേത്തില്‍ അറിയിച്ചിരുന്നു. ഇതുവരെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ദിവസമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.കണ്ണൂര്‍ 12, കാസര്‍കോട് 7, പാലക്കാട് 5, കോഴിക്കോട് 5, തൃശൂര്‍ 4, മലപ്പുറം 4, കോട്ടയം 2, കൊല്ലം 1, പത്തനംതിട്ട 1, വയനാട് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയവരാണ്. ആന്ധ്രാപ്രദേശില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും വന്ന ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. 17 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം പിടിപ്പെട്ടത്. കോഴിക്കോട് രോഗം ബാധിച്ചത് ഹെല്‍ത്ത് വര്‍ക്കര്‍ക്കാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News