പാലക്കാട് രണ്ട് കൊവിഡ് കേസുകള്‍,രോഗം സ്ഥിരീകരിച്ചത് പട്ടാമ്പി,കാരാക്കുറിശ്ശി സ്വദേശികള്‍ക്ക്

പാലക്കാട്: ജില്ലയില്‍ രണ്ട് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ഡി.എം.ഒ അറിയിച്ചു.ചെന്നൈയില്‍ നിന്നു വന്ന കാരാകുറുശ്ശി സ്വദേശി(49), ദുബായില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി വന്ന പട്ടാമ്പി സ്വദേശി(43) എന്നിവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച കാരാകുറുശ്ശി സ്വദേശി ചെന്നൈയില്‍ ജ്യൂസ് കട നടത്തുകയാണ്. ഇദ്ദേഹം പതിനൊന്ന് പേരടങ്ങുന്ന സംഘത്തോടൊപ്പം ഒരു ടെമ്പോ ട്രാവലറില്‍ യാത്രാ പാസ് സഹിതം മെയ് എട്ടിന് രാവിലെ 9 മണിക്ക് വാളയാര്‍ ചെക്‌പോസ്റ്റില്‍ എത്തി. വിവിധ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് ഒന്നര വരെ അതിര്‍ത്തിയില്‍ ചിലവഴിച്ചിരുന്നു. തുടര്‍ന്ന് ചെമ്പൈ സംഗീത കോളേജില്‍ പ്രവര്‍ത്തിച്ചിരുന്ന താല്‍ക്കാലിക രജിസ്‌ട്രേഷന്‍ കേന്ദ്രത്തില്‍ എത്തി രജിസ്റ്റര്‍ ചെയ്ത ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ പോവുകയാണുണ്ടായത്. ഇക്കഴിഞ്ഞ മെയ് 14ന് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തി സാമ്പിള്‍ പരിശോധനയ്ക്ക് നല്‍കിയിരുന്നു. തുടര്‍ന്ന് വീണ്ടും വീട്ടില്‍ നിരീക്ഷണത്തില്‍ തുടരവെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംഘത്തിലുള്ള മറ്റുള്ളവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

മെയ് ഏഴിന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴിവന്ന പട്ടാമ്പി സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരു വ്യക്തി. ഇദ്ദേഹം IX 344 വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ശേഷം ടാക്‌സിയില്‍ നേരിട്ട് പട്ടാമ്പിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു. മെയ് അഞ്ചിന് ഇദ്ദേഹത്തിന്റെ അമ്മ മരണപ്പെട്ട കാരണത്താലാണ് നാട്ടില്‍ എത്തിയത്.മെയ് 8 മുതല്‍ മുതല്‍ 13 വരെ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ തുടര്‍ന്നു. പതിനാലിന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തി സ്രവം പരിശോധനയ്ക്ക് നല്‍കുകയും വീണ്ടും വീട്ടില്‍ നിരീക്ഷണത്തില്‍ ഇരിക്കവെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ പാലക്കാട് ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മലപ്പുറം സ്വദേശി ഉള്‍പ്പെടെ ഒന്‍പതായി. ഇവര്‍ക്ക് പുറമെ ദമാമില്‍ നിന്നു വന്ന് കോവിഡ് സ്ഥിരീകരിച്ച ഒരു പാലക്കാട് സ്വദേശി എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News