പാലക്കാട്: വി.കെ ശ്രീകണ്ഠന്‍ എം.പി രാജിവച്ചതോടെ പാലക്കാട് ഡി.സി.സി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. കെ സുധാകരന്‍ സംസ്ഥാന അധ്യക്ഷനായാല്‍ എ.വി ഗോപിനാഥ് വീണ്ടും ഡിസിസി പ്രസിഡന്റാകാനുള്ള സാധ്യതയാണുള്ളത്. അതേസമയം തലമുറമാറ്റം ഡിസിസിയിലും വേണമെന്ന വാദമാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്. വി.ടി ബലറാമിന്റെ പേരും അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നതായാണ് സൂചന.
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുന്‍ ഡിസിസി പ്രസിഡന്റ് എ.വി ഗോപിനാഥ് പാര്‍ട്ടിയില്‍ ഉയര്‍ത്തിയ കലാപക്കൊടി താഴ്ത്തിയത് ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ നേരിട്ടിടപെട്ടുകൊണ്ടാണ്. പാര്‍ട്ടിയില്‍ പുനഃസംഘടന വേണമെന്ന ഉറച്ച നിലപാടിലായിരുന്നു ഗോപിനാഥ്. ഇക്കാര്യത്തില്‍ ഉറപ്പും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് വി കെ ശ്രീകണ്ഠന്‍ രാജിവച്ചതോടെ എ വി ഗോപിനാഥിനെ പ്രസിഡന്റാക്കണമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. പൊതുജനസമ്മതി ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. വി കെ ശ്രീകണ്ഠന്‍ അടക്കമുള്ള ഭൂരിഭാഗം ജില്ലാ നേതാക്കള്‍ക്കും ഇതിനോട് എതിര്‍പ്പുണ്ടെന്നാണ് സൂചന.
അതേസമയം സംസ്ഥാന തലത്തിലെ തലമുറമാറ്റം എന്ന ആവശ്യം ജില്ലാ തലത്തിലും വേണമെന്നാണ് ഒരു വിഭാഗം ഉയര്‍ത്തുന്ന വാദം. വി ടി ബല്‍റാമിനെ ആണ് ഇതിനായി ഉയര്‍ത്തിക്കാട്ടുന്നത്. ബല്‍റാമിനെ സംഘടനാരംഗത്ത് ഉപയോഗിച്ചാല്‍ ജില്ലയില്‍ അത് പുത്തനുണര്‍വുണ്ടാക്കുമെന്നാണ് അനുകൂലികള്‍ പറയുന്നത്. തൃത്താലയില്‍ നിന്നടക്കമുള്ള കോണ്‍ഗ്രസ് ജില്ലാ നേതാക്കളുടെ കടുത്ത എതിര്‍പ്പ് ബല്‍റാമിനുണ്ട് എന്നത് വലിയ പ്രതിസന്ധിയാണ്.
ഇരട്ടപദവി ഒഴിവാക്കാനാണ് രാജി എന്നാണ് വിശദീകരണം നല്‍കിയാണ് പാലക്കാട് ഡിസിസി പ്രസിഡന്റ് സ്ഥാനം വി കെ ശ്രീകണ്ഠന്‍ എംപി രാജിവച്ചത്. വി.കെ ശ്രീകണ്ഠന്‍ സ്ഥാനം ഒഴിയണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എ വി ഗോപിനാഥ് അടക്കമുള്ള ജില്ലാ നേതാക്കളാണ് ആവശ്യമുയര്‍ത്തിയത്.
രാജിക്കത്ത് എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിക്കും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അയച്ചുവെന്ന് വി കെ ശ്രീകണ്ഠന്‍ അറിയിച്ചു. പാലക്കാട്ടെ ജനപ്രതിനിധിയെന്ന നിലയില്‍ പൂര്‍ണ സമയം പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് പാര്‍ട്ടിയോട് അഭ്യര്‍ത്ഥിച്ചു.