കലിഫോര്‍ണിയയില്‍ വെടിവയ്പ്പ്; എട്ടു പേര്‍ കൊല്ലപ്പെട്ടു
കലിഫോര്‍ണിയ: അമേരിക്കയിലെ കലിഫോര്‍ണിയയിലുണ്ടായ വെടിവയ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. കലിഫോര്‍ണിയയിലെ സാന്‍ജോസില്‍ റെയില്‍ യാര്‍ഡിലാണ് തോക്കുമായി എത്തിയയാള്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
അക്രമിയെന്നു സംശയിക്കുന്നയാളും മരിച്ചതായി അധികൃതര്‍ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഒരാളടക്കം 5 പേര്‍ ആശുപത്രിയിലാണ്. ഇതില്‍ ഇന്ത്യന്‍ വംശജനായ ഒരു കുട്ടിയുമുണ്ട്. സാന്താ ക്ലാരാ വാല്ലി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റിയുടെ ട്രെയിന്‍ യാര്‍ഡില്‍ ബുധനാഴ്ച പ്രാദേശിക സമയം 6.30 നാണ് വെടിവയ്പുണ്ടായത്.
റെയില്‍വേ യാര്‍ഡിലെ അറ്റകുറ്റപ്പണികള്‍ നടക്കുന്ന വിഭാഗത്തിലാണ് സംഭവം. മരിച്ചവര്‍ യാര്‍ഡിലെ ജീവനക്കാരാണ്. അക്രമിയുടെ വിവരങ്ങളും കാരണവും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് 2020 ല്‍ യുഎസില്‍ വെടിവയ്പുകള്‍ കുറഞ്ഞിരുന്നെങ്കില്‍ ഈ വര്‍ഷം വര്‍ധിക്കുകയാണ്. 2021ല്‍ ഇതുവരെ 147 വെടിവയ്പ് അക്രമങ്ങളാണുണ്ടായത്. കഴിഞ്ഞ മാസം രാജ്യത്തു വെടിവയ്പില്‍ മുപ്പതിലേറെപ്പേരാണു കൊല്ലപ്പെട്ടതെന്ന് ഇന്‍ഡ്യാനപ്പലിസ് പൊലീസ് വക്താവ് ജെനെ കുക്ക് പറഞ്ഞു.
മാര്‍ച്ച് 16ന് അറ്റ്‌ലാന്റയിലെ മസാജ് കേന്ദ്രത്തില്‍ യുവാവു നടത്തിയ വെടിവയ്പില്‍ ഏഷ്യന്‍ വംശജരായ 6 സ്ത്രീകളടക്കം 8 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരാഴ്ച കഴിഞ്ഞ് കൊളറാഡോയിലെ സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ വെടിവയ്പില്‍ പോലീസ് ഉദ്യോഗസ്ഥനടക്കം 10 പേര്‍ കൊല്ലപ്പെട്ടു. തൊട്ടുപിന്നാലെ ദക്ഷിണ കലിഫോര്‍ണിയയില്‍ ഓഫിസ് കെട്ടിടത്തിലെ വെടിവയ്പില്‍ 4 പേര്‍ക്കു ജീവന്‍ നഷ്ടമായി.