കോട്ടയം:പാലാ ഉപതിരഞ്ഞെടുപ്പിലെ ജനവിധി നാളെ അറിയാം. വോട്ടെണ്ണൽ പാലാ കാർമൽ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ എട്ടിന് തന്നെ ആരംഭിക്കും. മൂന്നാഴ്ചയിലേറെ കൊടുമ്പിരി കൊണ്ടുനിന്ന തിരഞ്ഞെടുപ്പ് ചൂടിനും വോട്ടെടുപ്പിനും ശേഷമാണ് പാലായിലെ ജനങ്ങളുടെ വിധിയെഴുത്ത് നാളെ കേരളം അറിയുന്നത്. 12 പഞ്ചായത്തുകളും ഒരു നഗരസഭയിലുമായി 176 ബൂത്തുകളാണുളത്. 14 ടേബിളുകളിലായി പതിമൂന്ന് റൗണ്ടാണ് വോട്ടെണ്ണലിനായി നിശ്ചയിച്ചിരിക്കുന്നത്.
ഫലം സംബന്ധിച്ച സൂചന രാവിലെ ഒൻപതോടെ തന്നെ ലഭിച്ചു തുടങ്ങും. ആദ്യ അര മണിക്കൂറിൽ 15 സർവീസ് വോട്ടും 3 പോസ്റ്റൽ വോട്ടും എണ്ണും. തുടർന്ന് വോട്ടിങ് യന്ത്രത്തിൽ രാമപുരം പഞ്ചായത്തിലെ ഒന്നു മുതൽ 22 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് ആദ്യം എണ്ണുക. 10 മണിയോടെ വോട്ടെണ്ണൽ പൂർത്തിയാകും എന്നാണ് കരുതപ്പെടുന്നത്. 5 ബൂത്തുകളിലെ വിവിപാറ്റ് യന്ത്രങ്ങളിലെ രസീത് കൂടി എണ്ണിയ ശേഷമേ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളു. വിവപാറ്റ് രസീതുകൾ എണ്ണേണ്ട ബൂത്തുകൾ സ്ഥാനാർഥിയുടെയൊ ഏജന്റിന്റെയോ സാന്നിധ്യത്തിൽ നറുക്കിട്ട് തീരുമാനിക്കാം.
1,27,931 പേരാണ് വോട്ടവകാശം വിനിയോഗിച്ച പാലായിൽ 71.43 ശതമാനമായിരുന്നു പോളിങ്. ഇതിൽ 65,233 പുരുഷൻമാരും 62,706 സ്ത്രീകളുമാണുള്ളത്. 75.78 ശതമാനം രേഖപ്പെടുത്തിയ മീനച്ചിൽ പഞ്ചായത്തിലായിരുന്നു ഏറ്റവുമധികം പോളിങ്. മേലുകാവ് പഞ്ചായത്തിലായിരുന്നു ഏറ്റവും കുറഞ്ഞ പോളിങ്. 66.78%. 2016ൽ പാലായിൽ 77.25 ആയിരുന്നു പോളിങ്. ലോക്സഭയിലെത്തിയപ്പോൾ ഇത് 72.68 ശതമാനമായി കുറഞ്ഞു.
എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സ്ഥാനാർത്ഥികൾ പ്രതീക്ഷയോടെയാണ് നാളത്തെ വോട്ടെണ്ണലിനെ ഉറ്റുനോക്കുന്നത്. അതേസമയം വോട്ടുചോർച്ച വ്യക്തമായ സാഹചര്യത്തിൽ ബി.ജെ.പി പാളയത്തിൽ തർക്കം രൂക്ഷമായിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.
പാലാ ഉപതിരഞ്ഞെടുപ്പ് ഫലം നാളെ ; പ്രതീക്ഷയോടെ മുന്നണികൾ
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News