പാല :രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന് നടക്കും നടക്കും. 23 ന് നടക്കുന്ന തെരഞ്ഞെടുപ്പിന് ഔദ്യോഗികമായി കൊട്ടിക്കലാശം നടക്കേണ്ട ദിനം നാളെയാണെങ്കിലും 21 ശ്രീനാരായണ ഗുരു സമാധി ദിനമായതിനാലാണ് ശനിയാഴ്ച നടത്തേണ്ട കൊട്ടിക്കലാശം വെളളിയാഴ്ച നടത്തുന്നത്. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും പ്രധാനപ്പെട്ട എല്ലാ നേതാക്കള്‍ പാലായില്‍ കൊട്ടിക്കലാശത്തില്‍ ഉണ്ടാകും. എല്‍ ഡി എഫിന്റെ കൊട്ടിക്കലാശം വൈകിട്ട് 4 മണിക്ക് പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ തുടങ്ങി തൊടുപുഴ റോഡിന് സമീപത്തെ കാര്‍മ്മല്‍ ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ അവസാനിക്കും. യു ഡി എഫിന്റെ കൊട്ടിക്കലാശം പാലാ കുരിശുപള്ളിക്കവലയിലും എന്‍ ഡി എ യുടെത് കടപ്പാട്ടൂരിലുമാണ് നടക്കുക. ശനിയാഴ്ച്ചയും പതിവുപോലെ പ്രചരണം നടക്കും.
എല്‍ ഡി എഫിന്റെ പ്രചരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പനയ്ക്കപാലം, രാമപുരം, പാലാ ടൗണ്‍ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ പ്രസംഗിക്കും. തലനാട്ടിലും മൂന്നിലവിലെയും പൊതുയോഗത്തില്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിക്കും. എല്‍ ഡി എഫ് സംഘടിപ്പിക്കുന്ന വിവിധ കുടുംബയോഗങ്ങളില്‍ ആറ് മന്ത്രിമാര്‍ പങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും യു ഡി എഫ് പ്രചാരണത്തിനായി മണ്ഡലത്തിലുണ്ട്.