ഇസ്ലാമാബാദ്: സിന്ധുനദീജലക്കാര്‍ ഇന്ത്യ മരവിപ്പിച്ചതിനെ ജലബോംബെന്ന് വിശേഷിപ്പിച്ച് പാക് സെനറ്റര്‍. പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി ( പിടിഐ)യുടെ അംഗമായ സയീദ് അലി സഫര്‍ ആണ് വിഷയം പാക് പാര്‍ലമെന്റില്‍ ഉന്നയിച്ചത്. ഇന്ത്യ ഇട്ട ജലബോംബിനെ എത്രയും പെട്ടെന്ന് നിര്‍വീര്യമാക്കണമെന്ന് സയീദ് അലി സഫര്‍ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനോട് ആവശ്യപ്പെട്ടു.
പാകിസ്താനിലെ ജനങ്ങളില്‍ ഭൂരിഭാഗവും സിന്ധുനദിയെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ ജനങ്ങള്‍ പട്ടിണികിടന്ന് മരിക്കുന്ന സാഹചര്യമുണ്ടാകുമെന്നും ഇദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഈ പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ നമ്മള്‍ പട്ടിണികിടന്ന് മരിക്കും. സിന്ധു നദിയാണ് നമ്മുടെ ജീവനാഡി. പാകിസ്താനിലുപയോഗിക്കുന്ന ജലത്തിന്റെ നാലില്‍ മൂന്നുഭാഗവും രാജ്യത്തിന് പുറത്തുനിന്നാണ് വരുന്നത്. പത്തില്‍ ഒമ്പതുപേരും സിന്ധുനദീതടത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. രാജ്യത്തെ 90 ശതമാനം കൃഷിയും ഈ നദിയെ ആശ്രയിച്ചാണുള്ളത്.
രാജ്യത്തെ ഭൂരിഭാഗം ജലവൈദ്യുത പദ്ധതികളും ഈ നദിയിലാണ്. അതുകൊണ്ടാണ് ഈ പ്രതിസന്ധി ഒരു ജലബോംബാണെന്ന് പറയുന്നത്. അത് എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും സയീദ് അലി സഫര്‍ ആവശ്യപ്പെട്ടു.
ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ സിന്ധുനദീജല കരാര്‍ മരവിപ്പിച്ചത്. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ പാകിസ്താന്‍ അവസാനിപ്പിക്കുന്നതുവരെ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.
കരാര്‍ മരവിപ്പിച്ചതോടെ പാകിസ്താനിലേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് ഇന്ത്യ പരിമിതപ്പെടുത്തിയിട്ടുണ്ട്. വെള്ളം വഴിതിരിച്ചുവിടാന്‍ കനാലുകളും കൂടുതല്‍ സംഭരിക്കാന്‍ ഡാമുകളുടെ സംഭരണ ശേഷി വര്‍ധിപ്പിക്കാനുമുള്ള നടപടികള്‍ ഇന്ത്യ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.