റണ്ണേഴ്സ് അപ്പ് ചെക്ക് നിലത്തെറിഞ്ഞ് ആഗ, കൂവിവിളിച്ച് കാണികൾ; ട്രോഫിയുമായി മറ്റൊരാൾ കടന്നു, ഫൈനലിന് പിന്നാലെ സ്റ്റേഡിയത്തിൽ നടന്നത്

റണ്ണേഴ്സ് അപ്പ് ചെക്ക് നിലത്തെറിഞ്ഞ് ആഗ, കൂവിവിളിച്ച് കാണികൾ; ട്രോഫിയുമായി മറ്റൊരാൾ കടന്നു | VIDEO

ദുബായ്: ഏഷ്യാകപ്പ് ഫൈനലിന് പിന്നാലെ നാടകീയമായ രംഗങ്ങള്‍ക്കാണ് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനും പിസിബി മേധാവിയുമായ മൊഹ്‌സിന്‍ നഖ്‌വിയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങില്ലെന്ന് ഇന്ത്യ നിലപാടെടുത്തതാണ് സംഭവങ്ങളുടെ തുടക്കം. അതോടെ സ്‌റ്റേഡിയം അസാധാരണ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. പാക് നായകനെതിരേ ഗാലറിയിൽ നിന്ന് കൂവിവിളികളുയർന്നു. സ്റ്റേഡിയത്തിൽ നിന്ന് ട്രോഫിയുമായി പിസിബി മേധാവി കടന്നുകളയുന്നതുവരെയെത്തി കാര്യങ്ങൾ. സംഭവത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

നിശ്ചയിച്ചതിനും ഒരു മണിക്കൂർ വൈകിയാണ് സമ്മാനദാനച്ചടങ്ങ് തുടങ്ങിയത്. മത്സരശേഷം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയ പാക് താരങ്ങൾ തിരിച്ചുവരാത്തതാണ് ചടങ്ങ് വൈകിപ്പിച്ചത്. ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയ പാക് ടീമാകട്ടെ അവിടെ തുടര്‍ന്നു. ടീമംഗങ്ങള്‍ പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല. ഇതോടെ ഒരു മണിക്കൂര്‍ വൈകിയാണ് പാകിസ്താന്‍ ടീം ചടങ്ങിനെത്തിയത്.

തിരിച്ചെത്തിയ പാക് താരങ്ങള്‍ക്കുനേരെ ഗാലറിയില്‍ നിന്ന് കൂക്കിവിളികളുയര്‍ന്നു. റണ്ണേഴ്‌സ് അപ്പ് മെഡല്‍ സ്വീകരിക്കാനായാണ് പാക് ടീമെത്തിയത്. നഖ്‌വിയില്‍ നിന്ന് മെഡലുകള്‍ സ്വീകരിക്കുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും അതുണ്ടായില്ല. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് അമിനുള്‍ ഇസ്ലാമാണ് മെഡലുകള്‍ നല്‍കിയത്. പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ ആഗ നഖ്‌വിയിൽ നിന്ന് റണ്ണേഴ്‌സ് അപ്പ് ചെക്ക് സ്വീകരിച്ചു. എന്നാൽ ഇതിന് പിന്നാലെ ചെക്ക് നിലത്തേയ്ക്ക് എറിഞ്ഞാണ് ആഗ മടങ്ങിയത്. ആഗയുടെ നടപടി ചുറ്റും കൂടി നിന്നവരിൽ ആശ്ചര്യമുളവാക്കി. ഗാലറിയിൽ നിന്നാകട്ടെ നിലയ്ക്കാതെ കൂവിവിളികളുയർന്നു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇന്ത്യന്‍ ടീമാകട്ടെ പിസിബി മേധാവിയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങില്ലെന്ന നിലപാടിലായിരുന്നു. സമ്മാനദാനച്ചടങ്ങിൽ വ്യക്തിഗത പുരസ്‌കാരങ്ങൾ മാത്രമാണ് ഇന്ത്യൻ താരങ്ങൾ സ്വീകരിച്ചത്. അത് നഖ്‌വിയായിരുന്നില്ല വിതരണം ചെയ്തത്. ഇന്ത്യ കിരീടം വാങ്ങുന്നില്ലെന്ന് അറിയിച്ചതായി അവതാരകനായ സൈമൺ ഡൂൾ വ്യക്തമാക്കുകയും ചെയ്തിരുന്നു.പിന്നാലെ നഖ്‌വിയടക്കമുള്ള എസിസി അധികൃതർ വേദിയിൽ നിന്ന് മടങ്ങി. നഖ്‌വി മടങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം അധികൃതർ ട്രോഫി നീക്കുകയും ചെയ്തു. ഒരാൾ ട്രോഫി എടുത്തുകൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നാലെ ഏഷ്യാകപ്പ് ട്രോഫിയും മെഡലുകളുമായും നഖ്‌വി സ്റ്റേഡിയം വിട്ടു. നഖ്‌വിക്കെതിരേ ബിസിസിഐ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. കിരീടവും മെഡലും സ്വീകരിക്കാതെയായിരുന്നു ഇന്ത്യൻ താരങ്ങൾ വിജയം ആഘോഷിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News