ദുബായ്: ഫൈനലിൽ പാകിസ്താൻ ഉയർത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ഇന്ത്യ ഏഷ്യാകപ്പ് കിരീടത്തിൽ മുത്തമിട്ടത്. 147 റൺസ് വിജയലക്ഷ്യം രണ്ടു പന്തുകൾ ബാക്കിനിൽക്കേ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. തിലക് വർമയുടെ അർധസെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായത്. ടൂർണമെന്റിൽ മിന്നും പ്രകടനം കാഴ്ചവെച്ച അഭിഷേക് ശർമ ഫൈനലിൽ നിരാശപ്പെടുത്തി. അഭിഷേക് ഫൈനലിൽ പരാജയപ്പെട്ടാൽ ഇന്ത്യ വിജയിക്കുമോ എന്ന് ആശങ്കപ്പെട്ടവരുണ്ടായിരുന്നു. എന്നാൽ ശേഷിക്കുന്ന ബാറ്റർമാർ നിർണായക പ്രകടനം കാഴ്ചവെച്ചതോടെയാണ് ഇന്ത്യ വിജയതീരത്തെത്തി.
മത്സരത്തിന് മുമ്പ് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ നടത്തിയ പ്രവചനം യാഥാർഥ്യമാകുന്നതാണ് കലാശപ്പോരിൽ കണ്ടത്. പവർപ്ലേയിൽ അഭിഷേക് നൽകുന്ന വെടിക്കെട്ട് തുടക്കമാണ് പല മത്സരങ്ങളിലും ഇന്ത്യയ്ക്ക് മികച്ച ടോട്ടൽ സമ്മാനിക്കുന്നത്. ഫൈനലിൽ അഭിഷേക് പരാജയപ്പെട്ടാൽ ഇന്ത്യൻ ടീം കരകയറുമോ എന്നതിനെ സംബന്ധിച്ച് ഗാവസ്കറിന്റെ മറുപടി ഇങ്ങനെയായിരുന്നു. അഭിഷേക് പുറത്തായാലും മികച്ച ഇന്നിങ്സ് കളിക്കാൻ സാധിക്കുന്ന ഒട്ടേറെ കളിക്കാർ ടീമിലുണ്ടെന്നും അമിതമായി ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ഗാവസ്കർ അഭിപ്രായപ്പെട്ടത്.
മികച്ച ഇന്നിങ്സ് കാഴ്ചവെക്കാൻ സാധിക്കുന്ന നിരവധി കളിക്കാർ ടീമിലുണ്ട്. സൂര്യകുമാർ യാദവ്, തിലക് വർമ്മ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ എന്നിവർ. ശുഭ്മാൻ ഗിൽ നന്നായി ബാറ്റ് ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിൽനിന്ന് പ്രതീക്ഷിക്കുന്ന തരത്തിലുള്ള സ്കോറുകൾ ഇതുവരെ നേടിയിട്ടില്ല. ഇന്ത്യയ്ക്ക് ശക്തമായ ബാറ്റിങ് കരുത്തുണ്ടെന്നും അമിതമായി ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും ഗാവസ്കർ ഫൈനലിന് മുമ്പ് പറഞ്ഞു. അത് ശരിവെക്കുന്നതാണ് ഫൈനലിൽ കണ്ടത്.
147 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് ഓപ്പണര്‍ അഭിഷേക് ശര്‍മയെ തുടക്കത്തിൽ തന്നെ നഷ്ടമായി. ഫഹീം അഷ്‌റഫ് എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ മടങ്ങുമ്പോള്‍ ആറു പന്തില്‍ അഞ്ച് റണ്‍സ് മാത്രമാണ് അഭിഷേക് നേടിയത്. ശുഭ്മാന്‍ ഗില്ലും (12) ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും (1) പിന്നാലെ മടങ്ങിതോടെ ഇന്ത്യ 20-ന് മൂന്ന് എന്ന നിലയിലായി.
പിന്നീട് തിലക് വര്‍മയും സഞ്ജു സാംസണും ചേര്‍ന്നാണ് ടീമിനെ കരകയറ്റിയത്. നാലാം വിക്കറ്റിൽ തിലക് വർമയും സഞ്ജു സാംസണും ചേർന്ന് 57 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി പ്രതീക്ഷ പകർന്നു. 13-ാം ഓവറിൽ 21 പന്തിൽ 24 റൺസുമായി സഞ്ജു മടങ്ങി. അബ്രാർ അഹ്മദിന്റെ പന്തിൽ ഫർഹാന് ക്യാച്ചായാണ് പുറത്താവൽ. ഒരു സിക്സും രണ്ട് ഫോറും സഞ്ജുവിന്റെ ഇന്നിങ്സിലുണ്ട്.
പിന്നീട് തിലകിനൊപ്പം ശിവം ദുബെയുടെ ഊഴമായിരുന്നു. തിലകിനൊപ്പം അഞ്ചാം വിക്കറ്റില്‍ ശക്തമായി നിലയുറപ്പിച്ച ദുബെ 22 പന്തില്‍ 33 റണ്‍സ് നേടി ജയത്തില്‍ സുപ്രധാന പങ്കുവഹിച്ചു. രണ്ട് സിക്‌സും ഒരു ഫോറും ചേര്‍ന്ന ഇന്നിങ്‌സാണ് ദുബെയുടേത്. ദുബെ പുറത്തായതോടെ ക്രീസിലെത്തിയ റിങ്കു സിങ് ആണ് ഒരു ഫോറോടെ ഇന്ത്യയുടെ വിജയറൺസ് കുറിച്ചത്. ഇന്ത്യൻ ബാറ്റിങ് നിരയുടെ കരുത്ത് വെളിപ്പെടുത്തുന്നത് കൂടിയാണ് ടീമിന്റെ പ്രകടനം.


