‘സൂര്യകുമാർ സ്വകാര്യമായി ഹസ്തദാനം നൽകിയിരുന്നു, സ്വീകരിക്കാതെ നിങ്ങള്‍ക്ക് ട്രോഫി ലഭിക്കുമോ..? ഇന്ത്യ ക്രിക്കറ്റിനെ അപമാനിച്ചു, പ്രതികരണവുമായി സൽമാൻ ആഗ

‘സൂര്യകുമാർ സ്വകാര്യമായി ഹസ്തദാനം നൽകിയിരുന്നു, സ്വീകരിക്കാതെ നിങ്ങള്‍ക്ക് ട്രോഫി ലഭിക്കുമോ..?’ – സൽമാൻ ആഗ

ദുബായ്: ഏഷ്യാകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം സ്വീകരിച്ച സമീപനത്തിനെതിരേ പാക് നായകൻ സൽമാൻ ആഗ. ഹസ്തദാനം ചെയ്യാത്തതിലൂടെ ക്രിക്കറ്റിനെയാണ് ഇന്ത്യൻ ടീം അപമാനിക്കുന്നതെന്നും നടപടി നിരാശാജനകമാണെന്നും ആഗ പറഞ്ഞു. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റാണ് കിരീടം സമ്മാനിക്കേണ്ടതെന്നും അത് സ്വീകരിക്കാതിരുന്നാൽ എങ്ങനെ കിരീടം ലഭിക്കുമെന്നും പാക് നായകൻ ചോദിച്ചു.

ഈ ടൂർണമെന്റിൽ ഇന്ത്യ ചെയ്തത് വളരെ നിരാശാജനകമാണ്. ഹസ്തദാനം ചെയ്യാത്തതിലൂടെ അവർ ഞങ്ങളെയല്ല, ക്രിക്കറ്റിനെയാണ് അപമാനിക്കുന്നത്. നല്ല ടീമുകളൊന്നും ഇങ്ങനെ ചെയ്യില്ല. ഞങ്ങളുടെ കടമകൾ നിറവേറ്റാനായി ഞങ്ങൾ തനിച്ചാണ് ട്രോഫിയുമായി പോസ് ചെയ്യാൻ പോയത്. ഞങ്ങൾ അവിടെ നിന്ന് മെഡലുകൾ വാങ്ങി. ഞാൻ കടുത്ത വാക്കുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അവർ അനാദരവ് കാണിച്ചു. – ആഗ പറഞ്ഞു.

ടൂർണമെന്റിന്റെ തുടക്കത്തിൽ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് സ്വകാര്യമായി ഹസ്തദാനം നൽകിയിരുന്നതായും ആഗ വെളിപ്പെടുത്തി. ടൂർണമെന്റിന് മുമ്പുള്ള പത്രസമ്മേളനത്തിലും റഫറിയുടെ മീറ്റിങ്ങിൽ വെച്ച് കണ്ടപ്പോഴും ഹസ്തദാനം നൽകി. എന്നാൽ ക്യാമറകൾക്ക് മുന്നിൽ ലോകം കാണ്‍കെ അവർ ഞങ്ങൾക്ക് ഹസ്തദാനം നൽകുന്നില്ല. അദ്ദേഹത്തിന് ലഭിച്ച നിർദ്ദേശങ്ങൾ പാലിക്കുകയാണെന്ന് എനിക്ക് ഉറപ്പുണ്ട്. അത് അയാളുടെ തീരുമാനമായിരുന്നെങ്കിൽ എനിക്ക് ഹസ്തദാനം നൽകുമായിരുന്നുവെന്നും ആഗ കൂട്ടിച്ചേർത്തു.

ഇങ്ങനെയൊന്ന് സംഭവിക്കുന്നത് ഞാൻ ആദ്യമായാണ് കാണുന്നത്. ഈ ടൂർണമെന്റിൽ സംഭവിച്ചതെല്ലാം വളരെ മോശമായിരുന്നു. അത് എവിടെയെങ്കിലും അവസാനിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം ഇത് ക്രിക്കറ്റിന് നല്ലതല്ല. ഇന്ന് നടന്നത് മുമ്പ് സംഭവിച്ചകാര്യങ്ങളുടെ അനന്തരഫലമാണ്. തീർച്ചയായും എസിസി പ്രസിഡന്റ് വിജയികൾക്ക് ട്രോഫി നൽകും. നിങ്ങൾ അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് ട്രോഫി വാങ്ങിയില്ലെങ്കിൽ, നിങ്ങൾക്ക് അതെങ്ങനെ ലഭിക്കും? – ആഗ ചോദിച്ചു.

ഏഷ്യാകപ്പിന്റെ തുടക്കം മുതലുള്ള വിവാദം സമ്മാനദാനചടങ്ങിലേക്കും നീണ്ടിരുന്നു. പാകിസ്താൻകാരനായ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് കിരീടം ഏറ്റുവാങ്ങാൻ ഇന്ത്യൻ ടീം വിസമ്മതിച്ചു. കിരീടവും മെഡലും സ്വീകരിക്കാതെയായിരുന്നു ഇന്ത്യൻ താരങ്ങൾ വിജയം ആഘോഷിച്ചത്. പാകിസ്താനെതിരായ ആദ്യമത്സരത്തിൽ ടോസ് സമയത്ത് സൂര്യകുമാർ യാദവ് പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ ആഗക്ക് കൈകൊടുത്തിരുന്നില്ല. ഇത് മൂന്ന് മത്സരങ്ങളിലും ആവർത്തിച്ചു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ ടീം ഈ നിലപാട് സ്വീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News