മലപ്പുറം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരേ വീണ്ടും ആരോപണങ്ങളുമായി ഇടത് എംഎല്‍എ. പി.വി അന്‍വര്‍. അജിത് കുമാര്‍ കള്ളപ്പണം വെളുപ്പിച്ചെന്നും കൈക്കൂലി പണം ഉപയോഗിച്ച് ഫ്‌ളാറ്റുകള്‍ വാങ്ങി മറിച്ചുവിറ്റെന്നും അന്‍വര്‍ പറഞ്ഞു. സോളാര്‍ കേസ് അട്ടിമറിച്ചതിനുള്ള കൈക്കൂലി പണമാണ് ഇതെന്നും അന്‍വര്‍ ആരോപിച്ചു.
'എഡിജിപി കവടിയാറില്‍ 33.8 ലക്ഷം രൂപ നല്‍കി 2016 ഫെബ്രുവരിയില്‍ സ്വന്തം പേരില്‍ ഫ്‌ളാറ്റ് വാങ്ങി. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഇത് വാങ്ങുന്നത്. പത്ത് ദിവസം കഴിഞ്ഞ് ഇത് വില്‍ക്കുകയാണ്. 33 ലക്ഷം രൂപയക്ക് വാങ്ങിയ പ്രോപ്പര്‍ട്ടി വില്‍ക്കുന്നത് 65 ലക്ഷം രൂപയ്ക്ക്. ഇരട്ടി വിലക്ക്. എവിടെ നിന്ന് കിട്ടി ഈ പണം. ഇത് കൈക്കൂലിയായി സോളാര്‍ കേസ് അട്ടിമറിക്കാന്‍ കിട്ടിയ പണമാണ്' അൻവർ പറഞ്ഞു
ഇത്തരത്തില്‍ 32 ലക്ഷം രൂപ വൈറ്റായി. എഡിജിപി കൈക്കൂലി വാങ്ങി ഫ്‌ളാറ്റുകള്‍ വാങ്ങുകയാണെന്നും അന്‍വര്‍ പറഞ്ഞു. രജിസ്‌ട്രേഷന്റെ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ മാത്രം 4.7 ലക്ഷം രൂപയുടെ അഴിമതി നടന്നിട്ടുണ്ട്. ഇത് അധികാരദുര്‍വിനിയോഗത്തില്‍ വരുന്നതാണ്. വിജിലന്‍സ് അന്വേഷിക്കേണ്ടതാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തര വകുപ്പിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിന് മുമ്പായിട്ടായിരുന്നു അന്‍വര്‍ മാധ്യമങ്ങളെ കണ്ടത്.