26 C
Kottayam
Sunday, April 28, 2024

‘വാഴയെ ഒപ്പം കൂട്ടി വാഴയിലയില്‍ ബിരിയാണി വാങ്ങാന്‍ പോയ ഞങ്ങടെ എം.പിയൂട്ടിയെ ആരാടാ ട്രോളുന്നത്‌’: പി വി അന്‍വര്‍

Must read

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍. ലോക്ക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരുന്ന രമ്യ ഹരിദാസ് എം.പി, തൃത്താല മുന്‍ എം.എല്‍.എ വി.ടി. ബല്‍റാം എന്നിവര്‍ അടങ്ങുന്ന കോണ്‍ഗ്രസ് നേതാക്കളെയാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പി.വി. അന്‍വര്‍ പരിഹസിച്ചത്. രമ്യ ഹരിദാസ് അടക്കമുളള നേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുന്നതിനിടെയാണ് പരിഹാസവുമായി അന്‍വറും രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഈ കോവിഡ് കാലത്ത് പ്രത്യേകതരം ”വാഴയെ ഒപ്പം കൂട്ടി”അതിന്റെ ഇലയില്‍ ബിരിയാണി പാര്‍സല്‍ വാങ്ങാന്‍ പോയ ഞങ്ങടെ എംപിയൂട്ടിയെ ആരാടാ ട്രോളുന്നത്..

കഴിഞ്ഞ ദിവസമാണ് രമ്യയും ബല്‍റാമും അടങ്ങുന്ന സംഘം ലോക്ക്ഡൗണ്‍ മാനദണ്ഡം ലംഘിച്ചതായി ആരോപിച്ച് ദൃശ്യങ്ങള്‍ പുറത്ത് വന്നത്. സംഭവത്തില്‍ ഇവര്‍ക്കെതിരെ സി.പി.എമ്മും ബി.ജെ.പിയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പാഴ്‌സലിനായി കാത്തു നില്‍ക്കുകയായിരുന്നുവെന്നും മഴയായതിനാലാണ് ഹോട്ടലില്‍ കയറിയിരുന്നതെന്നുമാണ് രമ്യയുടെ വാദം. നിയമലംഘനം ചോദ്യം ചെയ്ത യുവാവിനെ എം.പിക്കൊപ്പമുണ്ടായിരുന്നവര്‍ ഭീഷണിപ്പെടുത്തിയതായും മര്‍ദ്ദിച്ചതായും പരാതി ഉയര്‍ന്നിരുന്നു.

രമ്യ ഹരിദാസ് എംപിയും മുന്‍ എംഎല്‍എ വി.ടി.ബല്‍റാം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും നഗരത്തിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതു യുവാവ് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍, ലോക്ഡൗണ്‍ ലംഘിച്ചതിന് ഹോട്ടലിനെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു.ഹോട്ടലിനെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണു കേസെടുത്തത്.

എം.പിയും സഹപ്രവര്‍ത്തകരും ഹോട്ടലിനുള്ളില്‍ ഇരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായിരുന്നു. ഇവരുടെ സമീപമുള്ള മേശയില്‍ മറ്റുള്ളവര്‍ ആഹാരം കഴിക്കുന്നതായും ദൃശ്യങ്ങളിലുണ്ട്. ഇത് ചോദ്യം ചെയ്യുന്നതിനിടെയാണ് കല്‍മണ്ഡപം സ്വദേശി സനൂബിനു നേരെ കയ്യേറ്റമുണ്ടായത്. താന്‍ നിയമലംഘനത്തെക്കുറിച്ചു ചോദിക്കുക മാത്രമാണുണ്ടായതെന്ന് സനൂബ് പറഞ്ഞു.

‘എംപിക്ക് ഒപ്പമുണ്ടായിരുന്നവര്‍ ആദ്യം എന്റെ അടുത്തേക്ക് വന്നു. രണ്ടാമതും മൊബൈല്‍ പരിശോധിക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞു. അപ്പോഴാണ് മര്‍ദനമുണ്ടായത്. കാറിലിരുന്ന എംപി ഇത് തടയാന്‍ ശ്രമിച്ചില്ല’- സനൂബ് പറഞ്ഞു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ സനൂബ് ചികിത്സ തേടി.

ഹോട്ടലില്‍ പാഴ്‌സല്‍ വാങ്ങാനാണ് പോയതെന്ന് രമ്യ ഹരിദാസ് പറഞ്ഞു. കാലിനു സുഖമില്ലാത്തതിനാല്‍ ഹോട്ടലുടമ അകത്ത് കയറിയിരിക്കാന്‍ പറഞ്ഞു. അവിടെയിരുന്ന് ഭക്ഷണം കഴിച്ചില്ല. തന്റെ കയ്യില്‍ പിടിച്ചപ്പോള്‍ വിടാന്‍ പറഞ്ഞു, യുവാവ് കേട്ടില്ല. അപ്പോഴാണ് പ്രതികരിച്ചതെന്നായിരുന്നു രമ്യയുടെ വിശദീകരണം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week