കൊച്ചി: തൃക്കാക്കര എം.എല്‍.എയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ പി.ടി.തോമസ് (70) അന്തരിച്ചു. വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം.
അടുത്തകാലത്തായി അദ്ദേഹത്തെ വിവിധ രോഗങ്ങള്‍ അലട്ടിയിരുന്നു. ഇതേതുടര്‍ന്നാണ് വെല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറച്ചു ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെ 10.15-നാണ് മരിച്ചത്.
തൊടുപുഴ മണ്ഡലത്തില്‍ നിന്ന് രണ്ടു തവണ നിയമസഭാംഗമായി. ഇടുക്കിയെ പ്രതിനിധീകരിച്ച് പാര്‍ലമെന്റ് അംഗവുമായിട്ടുണ്ട്. വീക്ഷണം എഡിറ്ററായും മാനേജിങ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടെയും ‘ മകനായി 1950 ഡിസംബർ 12 ന് ജനിച്ചു.
തൊടുപുഴ ന്യൂമാൻ കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
1991, 2001 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽനിന്നും 2016 ലും 2021 ലും തൃക്കാക്കരയിൽനിന്നും ജയിച്ചു.
2009 ൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽനിന്നു ജയിച്ച് എംപിയായി.
1996, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ പി.ജെ.ജോസഫിനോട് പരാജയപ്പെട്ടു.
പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകളെടുത്തിട്ടുള്ളയാളാണ് പി.ടി.തോമസ്. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന തോമസിന്റെ നിലപാടിനെതിരെ കടുത്ത എതിർപ്പുയർന്നപ്പോഴും അദ്ദേഹം ഉറച്ചുനിന്നു.
കിറ്റെക്സ് കമ്പനിയുടെ പ്രവർത്തനം കടമ്പ്രയാർ മലിനപ്പെടുത്തിയെന്ന തോമസിന്റെ ആരോപണവും തുടർന്നുണ്ടായ വിവാദങ്ങളും വാർത്തകളിൽ നിറഞ്ഞിരുന്നു.
‘എഡിബിയും പ്രത്യയശാസ്‌ത്രങ്ങളും’ എന്ന പുസ്‌തകം രചിച്ചിട്ടുണ്ട്.