മുട്ടക്കുള്ളില്‍ വിരിയാറായ ദിനോസര്‍ ഭ്രൂണം! പഴക്കം 66 ദശലക്ഷം വര്‍ഷം
ബെയ്ജിംഗ്: മുട്ടിക്കുള്ളില്‍ നിന്ന് വിരിയാന്‍ തയാറെടുക്കുന്ന ദിനോസര്‍ ഭ്രൂണം കണ്ടെത്തി. തെക്കന്‍ ചൈനയിലെ ഗൗന്‍ഷൗവിലെ ക്രിറ്റേഷ്യസ് പാറകളില്‍നിന്നാണ് 66 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഭ്രൂണം കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പൂര്‍ണമായ ദിനോസര്‍ ഭ്രൂണമാണിതെന്ന് ഗവേഷകര്‍ പറഞ്ഞു.
ദിനോസറുകള്‍ വിരിയിക്കുന്നതിന് തൊട്ടു മുന്‍പുള്ള പക്ഷിയെപ്പോലെയുള്ള ഭാവങ്ങളാണ് ഭ്രൂണത്തിനുള്ളത്. പല്ലില്ലാത്ത തെറോപോഡ് ദിനോസര്‍ അല്ലെങ്കില്‍ ഓവിറാപ്‌റ്റോറോസര്‍ വിഭാഗത്തില്‍പ്പെടുന്നതാണ് ഇതെന്നാണ് കരുതപ്പെടുന്നത്. ‘ബേബി യിംഗ്ലിയാംഗ്’ എന്നാണ് ഭ്രൂണത്തിന് ഗവേഷകര്‍ പേരിട്ടിരിക്കുന്നത്.
ദിനോസറുകളും ആധുനിക പക്ഷികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗവേഷകര്‍ക്ക് കൂടുതല്‍ ധാരണയും വ്യക്തതയും വരുത്താന്‍ ഈ കണ്ടെത്തല്‍ സഹായിക്കും. ഭ്രൂണം ‘ടക്കിംഗ്’ എന്നറിയപ്പെടുന്ന ചുരുണ്ട നിലയിലായിരുന്നുവെന്നും ആധുനിക പക്ഷികളിലെ ഇത്തരം സ്വഭാവം ആദ്യം പരിണമിച്ചത് അവയുടെ ദിനോസര്‍ പൂര്‍വികരില്‍നിന്നുമാകാമെന്നും ഗവേഷകര്‍ പറയുന്നു.