കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നു

മലപ്പുറം: മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി ഇടവേളയ്ക്ക് ശേഷം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നു. ഇ.അഹമ്മദിന്റെ മരണശേഷം ദേശീയ രാഷ്ട്രീയത്തില്‍ ലീഗിന്റെ മുഖമായിരുന്ന അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരികയാണെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.

പാണക്കാട് ഹൈദരലി തങ്ങളാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ദേശീയ രാഷ്ട്രീയത്തില്‍ ലീഗിന്റെ അമരക്കാരനായി ഇനി ഇ.ടി.മുഹമ്മദ് ബഷീര്‍ വരും. വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ ചുമതല പൂര്‍ണമായും കുഞ്ഞാലിക്കുട്ടിയെ ഏല്‍പ്പിച്ചുവെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി.

സമീപ ഭാവിയില്‍ സംസ്ഥാനത്തെ നിര്‍ണായക രാഷ്ട്രീയ സംഭവങ്ങളിലെല്ലാം കുഞ്ഞാലിക്കുട്ടി ഇടപെട്ടിരുന്നു. ഇതോടെ അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന സൂചനകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രിക്കെതിരേ ഉയര്‍ന്ന ഒപ്പ് വിവാദത്തിലും പി.ജെ.ജോസഫ്-ജോസ് കെ. മാണി തര്‍ക്കത്തില്‍ മധ്യസ്ഥനായും കുഞ്ഞാലിക്കുട്ടി രംഗത്തുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News