ലഹരി പരിശോധനക്കെത്തിയ പൊലീസിനെ മർദിച്ചു; യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിൻ്റെ സഹോദരനെതിരെ കേസ്

ലഹരി പരിശോധനക്കെത്തിയ പൊലീസിനെ മർദിച്ചു; യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിൻ്റെ സഹോദരനെതിരെ കേസ് - PK FIROZS BROTHER ARRESTED

കോഴിക്കോട്: യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിൻ്റെ സഹോദരനെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തു. പൊലീസിൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊലീസിനെ മർദിച്ചതിനുമാണ് കേസെടുത്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

കുന്ദമംഗലത്തിനു സമീപം ചൂലാം വയലിൽ ലഹരി വിൽപന നടക്കുന്നുണ്ട് എന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തിയത്. പരിശോധനക്കിടയിൽ ബസ്‌ സ്‌റ്റോപ്പിന് സമീപത്തുവച്ച് സംശയകരമായ സാഹചര്യത്തിൽ ചൂലാം വയൽ തൊടികയിൽ റിയാസ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേഹ പരിശോധനയിൽ ലഹരി ഉപയോഗിക്കുന്നതിന് സഹായിക്കുന്ന വിധത്തിലുള്ള വസ്‌തുക്കൾ ഇയാളിൽ നിന്നും കണ്ടെടുത്തു.

LATEST MALAYALAM NEWS  KOZHIKODE  MAN ASSAULT A POLICE IN KKD  MAN ARRESTED IN KKD

തുടർന്ന് പൊലീസ് പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കുന്നതിനിടയിൽ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിൻ്റെ സഹോദരൻ പി കെ ബുജൈർ സ്ഥലത്തെത്തി. പൊലീസിൻ്റെ പ്രാഥമിക പരിശോധന തടസപ്പെടുത്തുന്നതിനൊപ്പം പൊലീസുമായി തർക്കത്തിൽ ഏർപ്പെട്ടു.

ഇതിനിടയിൽ ബുജൈർ കുന്ദമംഗലം പൊലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ അജീഷിൻ്റെ മുഖത്തടിച്ചു. കൂടാതെ നെഞ്ചിൽ പിടിച്ച് തള്ളുകയും ചെയ്‌തു. ഇതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി പികെ ബുജൈറിനെയും റിയാസിനെയും കസ്‌റ്റഡിയിലെടുത്ത് പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

അറസ്‌റ്റ് രേഖപ്പെടുത്തിയ ബുജൈറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ലഹരി ഉപയോഗിക്കാനുള്ള വസ്‌തുക്കൾ കണ്ടെടുത്ത റിയാസിന് സ്‌റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. മർദനത്തിൽ പരിക്കേറ്റ കുന്നമംഗലം പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരനായ അജീഷ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവം നടന്ന ചൂലാം വയൽ മേഖലയിൽ ഏറെക്കാലമായി വ്യാപകമായി ലഹരി ഉപയോഗം നടക്കുന്നുണ്ട് എന്ന പരാതി പൊലീസിന് ലഭിച്ചിരുന്നു.

ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് ജാഗ്രതയോടെ നിരീക്ഷണം നടത്തി വരികയായിരുന്നു. അതിനിടയിലാണ് ഇപ്പോൾ പൊലീസിന് നേരെ ആക്രമണം നടന്നത്. ലഹരി പരിശോധനക്കിടയിൽ പൊലീസിന് നേരെ ഉണ്ടായ ആക്രമണം ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കുന്ദമംഗലം പൊലീസ് ഇൻസ്പെക്‌ടർ എസ്. കിരൺ ഇടിവി ഭാരതിനോട് പറഞ്ഞു. ഇതിനെതിരെ കർശന നടപടി ഉണ്ടാകുമെന്നും വരും ദിവസങ്ങളിലും ലഹരി പരിശോധന ഊർജിതമാക്കുമെന്നും ഇൻസ്പെക്‌ടർ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News