അഹമ്മദാബാദിലുള്ള സൈനികന്‍ നാട്ടിലേക്കയച്ച പാഴ്സലില്‍ പെല്ലറ്റും മരുന്നും; പോസ്റ്റ് ഓഫീസില്‍ സീല്‍ ചെയ്തപ്പോള്‍ വലിയ ശബ്ദവും പുകയും; പാഴ്സല്‍ വലിച്ചെറിഞ്ഞ് ജീവനക്കാര്‍; പെല്ലറ്റ് പോലീസ് കസ്റ്റഡിയില്‍ എടുത്തു

അഹമ്മദാബാദിലുള്ള സൈനികന്‍ നാട്ടിലേക്കയച്ച പാഴ്സലില്‍ പെല്ലറ്റും മരുന്നും; പോസ്റ്റ് ഓഫീസില്‍ സീല്‍ ചെയ്തപ്പോള്‍ വലിയ ശബ്ദവും പുകയും; പാഴ്സല്‍ വലിച്ചെറിഞ്ഞ് ജീവനക്കാര്‍; പെല്ലറ്റ് പോലീസ് കസ്റ്റഡിയില്‍ എടുത്തു

അടൂര്‍: അഹമ്മദാബാദിലുള്ള സൈനികന്‍ അയച്ച പെല്ലറ്റ് പാഴ്സല്‍ പോസ്റ്റ് ഓഫീസില്‍ സീല്‍ ചെയ്യുമ്പോള്‍ പുകയും ശബ്ദവും ഉയര്‍ന്നത് ആശങ്കയ്ക്ക് ഇട നല്‍കി. ഭയന്നു പോയ ജീവനക്കാര്‍ പാഴ്സല്‍ പുറത്തേക്ക് എറിഞ്ഞു. പായ്ക്കറ്റില്‍ എന്താണെന്ന് അറിയാതെ ആയിരുന്നു ജീവനക്കാര്‍ ഇത് വലിച്ചെറിഞ്ഞത്.

വിവരമറിഞ്ഞ് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പോലീസും സ്ഥലത്ത് എത്തി പരിശോധന നടത്തി. എയര്‍ഗണ്ണില്‍ ഉപയോഗിക്കുന്ന പെല്ലറ്റുകളും മരുന്നുകളുമാണെന്ന് പരിശോധനയില്‍ കണ്ടെത്തി. രാവിലെ 8.45ന് അടൂര്‍ ഇളമണ്ണൂര്‍ പോസ്റ്റ് ഓഫീസിലാണ് സംഭവം. അഹമ്മദാബാദില്‍ നിന്നും ഇളമണ്ണൂരിലുള്ള ജിതിന്‍ എസ്. നായര്‍ എന്നയാളുടെ പേരിലാണ് പാഴ്സല്‍ എത്തിയത്.

രാവിലെ പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ എത്തി സീല്‍ ചെയ്യുന്ന സമയത്ത് പാഴ്സലില്‍ നിന്നും അസാധരണമായ ശബ്ദം കേട്ടു. ഇതേ സമയം തന്നെ ജീവനക്കാര്‍ പാഴ്സല്‍ പുറത്തേക്ക് എറിഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഡിവൈ.എസ്.പി ജി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പാഴ്സല്‍ പരിശോധിച്ചു. എസ്.എച്ച്.ഓ ശ്യാം മുരളി പാഴ്സല്‍ തുറന്ന് നാല് പെട്ടികളിലായി സൂക്ഷിച്ചിരുന്ന 40 പെല്ലറ്റുകള്‍ പുറത്തെടുത്തു.

പെല്ലറ്റിന് അപകട സാധ്യതയുണ്ടോ എന്നറിയാന്‍ പത്തനംതിട്ടയില്‍ നിന്നും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തി. അപകട സാധ്യതയില്ലെന്ന് തെളിഞ്ഞതോടെ പെല്ലറ്റുകള്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തില്‍ പോസ്റ്റല്‍ വിഭാഗം പരാതി നല്‍കിയിട്ടില്ല. ഇതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല. പാഴ്സല്‍ വന്ന മേല്‍വിലാസത്തിന്റെ ഉടമയുമായി ബന്ധപ്പെട്ടു. ഇദ്ദേഹം ഒരു ജവാനാണെന്നും തന്റെ അറിവോടു കൂടിയാണ് പാഴ്സല്‍ നാട്ടിലേക്ക് അയച്ചതെന്നും അറിയിച്ചതായി എസ്.എച്ച്.ഓ ശ്യാം മുരളി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News