തിരുവനന്തപുരം: ചര്‍ച്ചയ്ക്കെത്തിയ പി ജി വിദ്യാര്‍ത്ഥി നേതാവിന് സെക്രട്ടേറിയേറ്റില്‍ വച്ച് അധിക്ഷേപം. KMPGA സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ അജിത്ര സെക്രട്ടേറിയേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയെന്ന് അജിത്ര പറഞ്ഞു.
ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ആശ തോമസ് ചര്‍ച്ചയ്ക്ക് വിളിച്ചത് പ്രകാരമാണ് പി ജി ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ ചര്‍ച്ചയ്ക്കായി സെക്രട്ടേറിയേറ്റില്‍ എത്തിയത്. ചര്‍ച്ച വൈകിയതിനാല്‍ പുറത്തെ കസേരയില്‍ അജിത്ര അക്കമുള്ളവര്‍ ഇരുന്നു. അപ്പേഴാണ് സെക്രട്ടേറിയേറ്റ് ജീവനക്കാരില്‍ ഒരാള്‍ എത്തി അധിക്ഷേപിച്ചത്. സ്ത്രീകള്‍ കസേരയില്‍ കാല് ഉയര്‍ത്തി ഇരിക്കാന്‍ പാടിലെന്ന് പറഞ്ഞായിരുന്ന ഉദ്യോഗസ്ഥന്റെ അധിക്ഷേപം.
സ്ത്രീകള്‍ പിന്നെ എങ്ങനെ ഇരിക്കണമെന്ന മറു ചോദ്യത്തിന്, വസ്ത്രമില്ലാതെ ഇരിക്കാനായിരുന്നു മറുപടി പറഞ്ഞതെന്ന് KMPGA സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ അജിത്ര പറഞ്ഞു. ഇതേ തുടര്‍ന്ന് KMPGA സംസ്ഥാന പ്രസിഡന്റ് കൂടിയായ ഡോക്ടര്‍ അജിത്ര സെക്രട്ടേറിയേറ്റ് സൗത്ത് ബ്ലോക്കിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറാണ് അധിക്ഷേപ പരാമര്‍ശം നടത്തിയത് എന്നാണ് വിവരം.കണ്ടോന്‍മെന്റ് വനിത പൊലീസ് സ്റ്റേഷനില്‍ പിജി ഡോക്ടര്‍മാര്‍ പരാതി നല്‍കി.
പിജി ഡോക്ടർമാരുടെ സമരം ഭാഗികമായി പിൻവലിച്ചിരുന്നു. ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ തുടർന്നാണ് ഇവർ നിലപാട് മയപ്പെടുത്തിയത്. ഒ.പി, വാര്‍ഡ് ബഹിഷ്കരണം തുടരും. കാഷ്വാലിറ്റി, ലേബര്‍ റൂം തുടങ്ങിയ അത്യാഹിത വിഭാഗങ്ങളില്‍ പി.ജി ഡോക്ടര്‍മാര്‍ ജോലിക്ക് കയറും.
സർക്കാർ അഭ്യർഥനയും രോഗികളുടെ ബുദ്ധിമുട്ടും കണക്കിലെടുത്താണ് തീരുമാനമെന്ന് കെ.എം.പി.ജി.എ അറിയിച്ചു. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പ്രതീക്ഷയുണ്ട്. ഇതേ തുടർന്നാണ് അത്യാഹിത വിഭാഗം ബഹിഷ്കരിച്ചുള്ള സമരം പിൻവലിക്കുന്നതെന്നും കെ.എം.പി.ജി.എ പറഞ്ഞു.
എന്നാൽ ആവശ്യങ്ങൾ പൂർണമായും പരിഹരിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം. മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥരുമായി ഇന്ന് വീണ്ടും ചർച്ചയുണ്ട്. ഇതിൽ പ്രശ്നപരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പി.ജി ഡോക്ടർമാർ അറിയിച്ചു.
പിജി ഡോക്ടര്‍മാരുടെ സ്റ്റൈപെന്‍ഡ് നാല് ശതമാനം വര്‍ധിപ്പിക്കാനാകില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പ് ഈ തീരുമാനം സ്വീകരിച്ചത്.