FeaturedKeralaNews

മാളിലും ഹോട്ടലിലും എത്തി; എറണാകുളത്തെ ഒമിക്രോണ്‍ രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

കൊച്ചി: കോംഗോയിൽ നിന്നെത്തി എറണാകുളത്ത് ഒമിക്രോൺ സ്ഥിരീകരിച്ച യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഡിസംബർ ഏഴ് മുതൽ 11 വരെയുള്ള റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. സ്വയം നിരീക്ഷണത്തിൽ കഴിയേണ്ട ഈ ദിവസങ്ങളിൽ ഷോപ്പിങ് മാൾ, തുണിക്കട, ഹോട്ടൽ എന്നിവിടങ്ങളിൽ ഇയാൾ എത്തിയിരുന്നു. ഇതിന്റെ വിശദമായ റൂട്ട് മാപ്പാണ് ജില്ലാ ഭരണകൂടം പുറത്തുവിട്ടത്.

ഡിസംബർ ഏഴിന് പുലർച്ചെ മൂന്ന് മണിക്കാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ (ഫ്ളൈറ്റ് നമ്പർ AI 934) ഇയാൾ എത്തിയത്. തുടർന്ന് ഏഴ് ദിവസം സ്വയം നിരീക്ഷണത്തിൽ പോകേണ്ടതായിരുന്നു. എന്നാൽ ഇതു ലംഘിച്ചുകൊണ്ടാണ് എറണാകുളം ജില്ലയിലെ കലൂർ, പാലാരിവട്ടം, മരട് പ്രദേശങ്ങളിലെ വിവിധ ഇടങ്ങളിൽ ഇയാൾ സന്ദർശിച്ചത്.

ഒമ്പതാം തിയതി സ്വന്തം കാറിൽ പുതിയകാവിലെ ആയുർവേദ ആശുപത്രിയിൽ ആർടിപിസിആർ പരിശോധനയ്ക്കായി പോയി. പത്താം തിയതി യൂബർ ടാക്സിയിൽ പാലാരിവട്ടത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തി. പിന്നീട് വൈകീട്ട് അഞ്ചു മണിയോടെ അറേബ്യൻ ഡ്രീംസ് ഹോട്ടലിൽ എത്തി ഭക്ഷണം കഴിച്ചു. പിന്നീട് ഓട്ടോയിൽ കയറി വീട്ടിലെത്തി. അന്നുതന്നെ സഹോദരനോടൊപ്പം ബൈക്കിൽ അബാദ് ന്യൂക്ലിയസ് മാളിലെ മാക്സ് സ്റ്റോറിൽ കയറുകയും ചെയ്തു. പതിനൊന്നാം തിയതി വീണ്ടും പാലാരിവട്ടത്തെ ആശുപത്രിയിലെത്തിയതായും റൂട്ട് മാപ്പിൽ പറയുന്നു.

സമ്പർക്ക പട്ടികയിലുള്ളവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണെന്നും എല്ലാ ജില്ലകളും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഹൈ റിസ്ക് അല്ലാത്ത രാജ്യത്തിൽ നിന്നും വന്നയാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വയം നിരീക്ഷണ വ്യവസ്ഥകൾ കർശനമായി നടപ്പാക്കും. സ്വയം നിരീക്ഷണത്തിലെ വ്യവസ്ഥകൾ എല്ലാവരും കൃത്യമായി പാലിക്കണം. സാമൂഹിക ഇടപെടലുകൾ, ആൾക്കൂട്ടങ്ങളുള്ള സ്ഥലങ്ങൾ, തീയറ്ററുകൾ, മാളുകൾ എന്നിവ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളിൽ കൃത്യമായ പരിശോധന നടത്താനും ക്വാറന്റീൻ നിരീക്ഷിക്കാനും എറണാകുളം ജില്ലാ ഭരണകൂടവും നിർദേശം നൽകിയിട്ടുണ്ട്.

എറണാകുളത്ത് യുകെയിൽ നിന്നും എത്തിയാൾക്കാണ് സംസ്ഥാനത്ത് ആദ്യം ഒമിക്രോൺ സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിലുള്ള ഭാര്യയ്ക്കും (38) ഭാര്യാ മാതാവിനും (67) ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരത്ത് ഒമിക്രോൺ സ്ഥിരീകരിച്ച യുവതിക്ക് (22) വിമാനത്തിൽ നിന്നുള്ള സമ്പർക്കം മാത്രമാണുള്ളത്. ഇവർ തിരുവനന്തപുരത്തെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലാണുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker