30.6 C
Kottayam
Tuesday, April 30, 2024

പി.സി തോമസ് എന്‍.ഡി.എ വിട്ട് യു.ഡി.എഫിലേക്ക്; ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തി

Must read

കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ് എന്‍.ഡി.എ വിട്ട് യു.ഡി.എഫില്‍ ചേരാന്‍ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി തോമസിന്റെയും പാര്‍ട്ടി വൈസ് ചെയര്‍മാന്‍ രാജന്‍ കണ്ണാട്ടിന്റെയും നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരുമായി ചര്‍ച്ച നടത്തിയതായാണ് വിവരം.

എന്‍ഡിഎ മുന്നണിയില്‍ നിന്ന് പാര്‍ട്ടിക്കു വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും കേന്ദ്ര കോര്‍പറേഷന്‍, ബോര്‍ഡ് സ്ഥാനങ്ങളില്‍ അര്‍ഹമായ സ്ഥാനം നല്‍കിയില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇക്കാര്യം തോമസ് എന്‍ഡിഎ നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു.

ജോസ് കെ. മാണിയുടെ കേരള കോണ്‍ഗ്രസ് -എം യുഡിഎഫ് വിട്ടതോടെയാണ് തോമസും കൂട്ടരും യുഡിഎഫ് പ്രവേശനത്തിനു താത്പര്യം പ്രകടിപ്പിച്ചത്. കേരള കോണ്‍ഗ്രസ്-എം ജോസഫ് വിഭാഗവുമായി യോജിക്കാനായിരുന്നു ആദ്യ ചര്‍ച്ചയെങ്കിലും ഈ നീക്കത്തിനു ജോസഫ് ഗ്രൂപ്പില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ല. ഇതോടെയാണ് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി മുന്നണിയിലെത്താനുള്ള നീക്കം തോമസ് ആരംഭിച്ചത്.

നിയമസഭയിലേക്ക് പാലാ, പൂഞ്ഞാര്‍, കോതമംഗലം സീറ്റുകളില്‍ ഏതെങ്കിലും ഒന്നില്‍ മത്സരിക്കാനാണ് തോമസ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കളെ അറിയിക്കുകയും ചെയ്തു. പഴയ മൂവാറ്റുപുഴ പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ ഈ നിയമസഭാ മണ്ഡലങ്ങളില്‍ തോമസിനു വ്യക്തിബന്ധങ്ങളും സ്വാധീനവുമുണ്ട്. എന്നാല്‍ സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമായ ഉറപ്പൊന്നും ഇതുവരെ നല്‍കിയിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week