29.5 C
Kottayam
Tuesday, April 30, 2024

കൊച്ചി -ബംഗളൂരു വ്യാവസായിക ഇടനാഴി യാഥാര്‍ത്ഥ്യത്തിലേക്ക്; സംസ്ഥാന സര്‍ക്കാര്‍ കരാറില്‍ ഒപ്പു വച്ചു

Must read

തിരുവനന്തപുരം: കേരളത്തിന്റെ വ്യാവസായിക സാമ്പത്തിക മേഖലയില്‍ ചരിത്രപരമായ നാഴികക്കല്ലാകുന്ന കൊച്ചി -ബംഗളൂരു വ്യാവസായിക ഇടനാഴി യാഥാര്‍ത്ഥ്യത്തിലേക്ക്. കേന്ദ്രസര്‍ക്കാരിന്റെ നിയുക്ത ഏജന്‍സിയായ നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് ആന്റ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റുമായി സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പു വച്ചു. വ്യാവസായിക ഇടനാഴി പ്രദേശങ്ങളും നിര്‍ദിഷ്ട പദ്ധതികളും വികസിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പങ്ക് നിര്‍വചിക്കുന്ന കരാറുകളാണ് ഒപ്പു വച്ചത്. കൊച്ചി -ബംഗളൂരു വ്യാവസായിക പദ്ധതി നടപ്പാക്കുന്നതിനുള്ള കേരള സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സി കിന്‍ഫ്രയാണ്.

നിക്ഡിറ്റ് (നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് ആന്റ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റ്) ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.സഞ്ജയ് മൂര്‍ത്തിയും സംസ്ഥാന സര്‍ക്കാരിനു വേണ്ടി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വ്യാവസായിക ഇടനാഴി പദ്ധതിയുടെ പ്രത്യേക ചുമതലയുള്ള അല്‍കേഷ് കുമാര്‍ ശര്‍മയും, കിന്‍ഫ്ര എം.ഡി. സന്തോഷ് കോശിയുമാണ് കരാറില്‍ ഒപ്പു വെച്ചത്.

പദ്ധതികളുടെ വിശദമായ ആസൂത്രണം, രൂപകല്പന, നടപ്പാക്കല്‍, പ്രവര്‍ത്തനം, പരിപാലനം എന്നിവയ്ക്കായി സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കും. തുല്യ ഓഹരി പങ്കാളിത്തത്തോടെ സംയുക്ത സംരംഭമായി രൂപീകരിക്കുന്ന ബോര്‍ഡില്‍ സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര ഏജന്‍സിയുടെയും പ്രതിനിധികള്‍ ഉണ്ടാകും.
കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്ന കൊച്ചി -ബംഗളൂരു വ്യാവസായിക ഇടനാഴി ചരിത്രപരമായ നാഴികക്കല്ലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഉല്പാദന മേഖല, കാര്‍ഷിക സംസ്‌കരണ സേവനങ്ങള്‍, കയറ്റുമതി അധിഷ്ഠിത യൂണിറ്റുകള്‍ എന്നിവയിലെ നിക്ഷേപം ഉത്തേജിപ്പിക്കുന്നതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. നൈപുണ്യ വികസനം, സാങ്കേതിക നവീകരണം എന്നിവ മെച്ചപ്പെടുത്തുന്നതിനും ഉയര്‍ന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനും ഇത് സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week