തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തില്‍ വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പിസി ജോര്‍ജിന് ജാമ്യം. ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട അദ്ദേഹം തന്റെ വാദങ്ങള്‍ക്ക് തെളിവുണ്ടെന്ന് അവകാശപ്പെട്ടു. വയനാട്ടിലെ യുവാവ് പറഞ്ഞതും ഒരു ലേഖനത്തില്‍ വായിച്ചതുമാണ് തെളിവായി പിസി ജോര്‍ജ് പറയുന്നത്. ഇത്തരം അവ്യക്തമായ കാര്യങ്ങള്‍ പൊതുവല്‍ക്കരിച്ച് ജനമധ്യത്തില്‍ പറയാമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പിസി ജോര്‍ജ് രൂക്ഷമായി പ്രതികരിച്ചു.
തന്റെ പ്രസംഗത്തിലെ ഒരു ഭാഗത്തില്‍ തിരുത്തുണ്ടെന്ന് പിസി ജോര്‍ജ് പറഞ്ഞു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുമായി ബന്ധപ്പെട്ട പ്രസംഗ ഭാഗത്തിലാണ് തിരുത്ത്. വലിയ മാളുകള്‍ വരുമ്പോള്‍ സാധാരണക്കാരായ ഒട്ടേറെ കച്ചവടക്കാര്‍ക്ക് ജോലി നഷ്ടമാകുമെന്ന കാര്യമാണ് ഉദ്ദേശിച്ചതെന്നും പറഞ്ഞത് മാറിപ്പോയി എന്നും പിസി ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തന്റെ പ്രസംഗത്തില്‍ ഒരു തിരുത്തുണ്ട്. ഇന്ന് തിരുത്തി പറയണമെന്ന് നേരത്തെ കരുതിയതാണ്. അറസ്റ്റുണ്ടായപ്പോള്‍ പറയേണ്ടെന്ന് കരുതി. ജാമ്യം ലഭിച്ച സാഹചര്യത്തില്‍ തിരുത്തി പറയുകയാണ്. പ്രസംഗ വേളയില്‍ തന്റെ മനസിലുള്ള ആശയവും പറഞ്ഞ കാര്യവും രണ്ടായി പോയി. റിലയന്‍സിന്റെ ഔട്ട്ലെറ്റ് കോട്ടയത്ത് തുടങ്ങാനുള്ള പിണറായി സര്‍ക്കാരിന്റെ നടപടി തെറ്റാണെന്ന് ഞാന്‍ പറഞ്ഞിരുന്നു.
അതുപോലെ തന്നെയാണ് യൂസഫലിയുടെ കാര്യവും. യൂസഫലി സാഹിബ് മാന്യനാണ്. അദ്ദേഹം മാള്‍ തുടങ്ങിയാല്‍ എല്ലാവരും അവിടെ കയറും. സാധാരണ കച്ചവടക്കാര്‍ പട്ടിണിയാകും. എല്ലാ മതക്കാര്‍ക്കും തിരിച്ചടിയാകും. അതുകൊണ്ട് യൂസഫലി സാഹിബിന്റെ സ്ഥാപനത്തില്‍ കയറരുത്. സാധാരണക്കാരന്റെ കടയില്‍ കയറണമെന്ന് ഞാന്‍ പറഞ്ഞു. അത് യൂസഫലിക്ക് എതിരായി പോയി എന്ന് ഞാന്‍ ചിന്തിക്കുന്നില്ല. അദ്ദേഹത്തെ അപമാനിക്കാന്‍ തീരുമാനിച്ചിരുന്നില്ല. ആ പറഞ്ഞ വാക്കുകള്‍ ഞാന്‍ പിന്‍വലിക്കുകയാണെന്നും പിസി ജോര്‍ജ് പറഞ്ഞു.
തന്റെ പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നു. എന്റെ അറിവ് അനുസരിച്ച് എന്ന് പറഞ്ഞാണ് ഞാന്‍ പ്രസംഗിച്ചത്. വയനാട്ടുകാരനായ ഇപ്പോള്‍ കോഴിക്കോട് താമസിക്കുന്ന യുവാവ് എന്നോട് കരഞ്ഞുപറഞ്ഞ കാര്യമാണ് ഞാന്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചത്. അവന്‍ അസുഖ ബാധിതനായി കിടപ്പാണ്. കൂടാതെ ഞാന്‍ വായിച്ച ഒരു ലേഖനത്തില്‍ പറഞ്ഞ കാര്യമാണ് സൂചിപ്പിച്ചത്. ആ ലേഖനം എടുത്തുവയ്ക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.
ഇത്തരം കാര്യങ്ങള്‍ വ്യക്തമായ തെളിവില്ലാതെ പൊതുമധ്യത്തില്‍ പറയാമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. പൊതുപ്രവര്‍ത്തകനായ ഞാന്‍ ജനമധ്യത്തിലല്ലാതെ വീട്ടില്‍ പോയി ഭാര്യയോട് പറയണോ എന്നായിരുന്നു പിസി ജോര്‍ജിന്റെ മറുചോദ്യം. തന്റെ കൈയ്യിലുള്ള തെളിവാണ് പറഞ്ഞത്. അത് പിന്നെ ആകാശത്ത് പോയി പറയണോ. കോടതി നിബന്ധന മാനിച്ച് മിണ്ടാതെ പോകണമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ, നിങ്ങള്‍ രാവിലെ മുതല്‍ നില്‍ക്കുന്നത് കണ്ടാണ് ഞാന്‍ സംസാരിക്കാന്‍ തയ്യാറായത് എന്നും പിസി ജോര്‍ജ് പറഞ്ഞു.