26 C
Kottayam
Saturday, June 6, 2026

മന്ത്രിയുടെ മരണം,പിന്നാലെയുണ്ടാകുന്ന കൊലപാതകങ്ങള്‍,ഇഴച്ചിലുണ്ടെങ്കിലും കണ്ടിരിയ്ക്കാം,സി.ബി.ഐ അഞ്ച് ദി ബ്രെയിന്‍ റിവ്യൂ

Must read

കൊച്ചി:സി.ബി.ഐയിലെ ബുദ്ധിരാക്ഷസനായ ഉദ്യോഗസ്ഥന്‍ സേതുരാമയ്യര്‍ വീണ്ടും എത്തുന്നു എന്നത് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ത്രില്ലടിപ്പിക്കുന്ന കാര്യമാണ്. ഒരേ സംവിധായകന്‍, നായകന്‍, തിരക്കഥാകൃത്ത് എന്നിവര്‍ ഒരേ ചിത്രത്തിന്റെ അഞ്ചു ഭാഗങ്ങളില്‍ ഒന്നിക്കുന്നു എന്നത് തന്നെയാണ് സി.ബി.ഐ സീരിസിന്റെ ഏറ്റവും വലിയ പ്രത്യേകത.

സീരീസിലെ ആദ്യ ചിത്രമിറങ്ങി മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഞ്ചാം ഭാഗം പുറത്തുവരുന്നത്. എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധുവിന്റെ സംവിധാനത്തില്‍ 1988 ല്‍ പുറത്തിറങ്ങിയ ഒരു സി.ബി.ഐ ഡയറിക്കുറിപ്പിലൂടെയാണ് സി.ബി.ഐ സീരിസിന്റെ തുടക്കം. തുടര്‍ന്ന് ജാഗ്രത, സേതുരാമയ്യര്‍ സി.ബി.ഐ, നേരറിയാന്‍ സി.ബി.ഐ എന്നിവയും പുറത്തിറങ്ങി. സീരീസിലെ ചിത്രങ്ങളിലെ പ്രധാന കഥാപാത്രമായ വിക്രം എന്ന ഉദ്യോഗസ്ഥനായെത്തിയ ജഗതി ശ്രീകുമാര്‍ ഇത്തവണയും സി.ബി.ഐ 5 ദി ബ്രെയിനില്‍ ഉണ്ടാകുമെന്നതും പ്രേക്ഷകര്‍ക്ക് ചിത്രത്തിനായി കാത്തിരിക്കാനുള്ള പ്രധാന കാരണമായി മാറി.

- Advertisement -

പതിവില്‍ നിന്ന് വ്യത്യസ്തമായി ഫ്‌ലാഷ് ബാക്കിലൂടെയാണ് ചിത്രത്തില്‍ സേതുരാമയ്യരുടെ കേസന്വേഷണം അവതരിപ്പിച്ചിരിക്കുന്നത്. സി.ബി.ഐ യെ ഏറ്റവും കുഴപ്പിച്ച ഒരു കേസ് ഏങ്ങനെ സേതുരാമയ്യരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ചു എന്നതിനെ മുന്‍നിര്‍ത്തിയാണ് കഥ പുരോഗമിക്കുന്നത്.

- Advertisement -

ട്രെയിലറില്‍ പറയുമ്പോലെ പ്രേക്ഷകര്‍ക്ക് അധികം സുപരിചിതമല്ലാത്ത ബാസ്‌കറ്റ് കില്ലിംഗ് ആണ് ചിത്രത്തിന്റെ പ്രമേയം. സംസ്ഥാനത്തെ മന്ത്രിയുടെ മരണവും പിന്നാലെയുണ്ടാകുന്ന കൊലപാതകങ്ങളും പൊലീസിനെ കുഴയ്ക്കുന്നു. ഇതിലൂടെ സി.ബി.ഐ യുടെ വരവിന് വഴിയൊരുങ്ങുകയാണ്.

- Advertisement -

മെല്ലെപ്പോകുന്ന ആദ്യ പകുതിയ്ക്ക് ചൂടുപിടിയ്ക്കുന്നത് സി.ബി.ഐ ഉദ്യോഗസ്ഥനായ സേതുരാമയ്യര്‍ എത്തുന്നതോടെയാണ്. ആദ്യ പകുതിയില്‍ ത്രില്ലിംഗ് എലമെന്റ്‌സ് കുറവാണെങ്കിലും രണ്ടാം പകുതിയില്‍ കേസന്വേഷണം പുരോഗമിക്കുന്തോറും പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ ചിത്രത്തിനായി. സീരിസിലെ മുന്‍ ചിത്രങ്ങള്‍ക്ക് സമാനമായ രീതിയില്‍ തന്നെയാണ് കഥയുടെ മുന്നേറ്റം.

17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സേതുരാമയ്യരായി വീണ്ടും മമ്മൂട്ടി എത്തുന്നത്. എന്നാല്‍ മാനറിസങ്ങളിലും ശരീര ഭാഷയിലും ഡയലോഗ് ഡെലിവറിയിലും മമ്മൂട്ടി മികവ് പുലര്‍ത്തിയതിനാല്‍ ഇത്രയും വര്‍ഷത്തെ ഇടവേള പ്രേക്ഷകന് അനുഭവപ്പെടുന്നില്ല. നെറ്റിയില്‍ കുങ്കുമക്കുറിയുമായി കൈകള്‍ പിറകില്‍ കെട്ടി ഫാഫ് സ്ലീവ് ഷര്‍ട്ടുമിട്ട് പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെയെത്തുന്ന സേതുരാമയ്യരെ തിലശീലയില്‍ വീണ്ടും കാണാനായത് ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്.

ഇത്തവണ വളരെയധികം പ്രാധാന്യമുള്ള കേസായതിനാല്‍ തന്നെ സേതുരാമയ്യരുടെ അന്വേഷണ സംഘത്തില്‍ അംഗസംഖ്യയും കൂടുതലാണ്. അയ്യരുടെയൊപ്പം ചിത്രത്തില്‍ വനിതാ ഉദ്യോഗസ്ഥരെത്തുന്നു എന്നതും പ്രത്യേകതയാണ്.

മുകേഷ്, രഞ്ജി പണിക്കര്‍, ജഗതി ശ്രീകുമാര്‍, ആശാ ശരത്ത്, അന്‍സിബ, രമേശ് പിഷാരടി, സുദേവ്, സായ് കുമാര്‍, സൗബിന്‍, സുരേഷ് കുമാര്‍, അനൂപ് മേനോന്‍, ദിലീഷ് പോത്തന്‍, കൊല്ലം രമേശ് എന്നിവരടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. അന്വേഷണ സംഘത്തിലുള്ള രഞ്ജി പണിക്കര്‍, പിഷാരടി, അന്‍സിബ തുടങ്ങിയവരെല്ലാം തങ്ങളുടെ കഥാപാത്രങ്ങള്‍ ഭദ്രമായി കൈകാര്യം ചെയ്തു.

ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനം നടത്താന്‍ ആശാ ശരത്തിനും സായ് കുമാറിനുമായി. സത്യദാസ് എന്ന പൊലീസുകാരനായെത്തിയ സായ് കുമാറിന് സീരിസിലെ മുന്‍ ചിത്രത്തിലെ കഥാപാത്രത്തെ അതേ മികവോടെ തന്നെ പുനരവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.

ചിത്രത്തിലെ ഹൈലൈറ്റ് ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവ് തന്നെയാണ്. സേതുരാമയ്യരുടെ അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥനായിരുന്ന വിക്രമിനെ വെറുതെ ഒരു സീനില്‍ കൊണ്ടുവരികയല്ല ചിത്രത്തില്‍. കഥാഗതിയില്‍ സുപ്രധാന വഴിത്തിരിവാകുന്ന ഒരു കഥാപാത്രമായി വിക്രമിനെ അവതരിപ്പിക്കാന്‍ തിരക്കഥാകൃത്തിനായിട്ടുണ്ട്.

മുഖത്തെ ഭാവങ്ങളും കൈകളുടെ ചലനങ്ങളും സമീപ ഭാവിയില്‍ ജഗതി ശ്രീകുമാറിന്റെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കുമെന്ന പ്രതീക്ഷ പ്രേക്ഷകര്‍ക്ക് നല്‍കുന്നുണ്ട്. വീണ്ടും ചാക്കോയെയും സേതുരാമയ്യരെയും വിക്രമിനെയും ഒരു ഫ്രെയിമില്‍ കാണാനായത് പ്രേക്ഷകര്‍ക്ക് വിരുന്നായി.

സ്വര്‍ഗചിത്രയുടെ ബാനറില്‍ അപ്പച്ചനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ശ്യാമിന്റെ ഐക്കോണിക്ക് പശ്ചാത്തല സംഗീതം ജേക്സ് ബിജോയാണ് പുനരവതരിപ്പിച്ചിരിക്കുന്നത്. മുന്‍കാല ചിത്രങ്ങളിലെ പോലെ തന്നെ ഇത്തവണയും സി.ബി.ഐ യിലെ പ്രശസ്തമായ പശ്ചാത്തല സംഗീതം പ്രേക്ഷകരെ ത്രസിപ്പിക്കുന്നുണ്ട്.

റിലീസിന് മുന്നെ ക്ലൈമാക്സിനെപ്പറ്റി അമിത പ്രതീക്ഷ വയ്ക്കാനാകുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എന്നാല്‍ ഈ അമിത പ്രതീക്ഷ ചിത്രത്തിനെ ദോഷകരമായി ബാധിക്കാന്‍ സാദ്ധ്യതയുണ്ട്. ചിലയിടങ്ങളിലെ അനാവശ്യ തമാശകളും രസം കൊല്ലിയാകുന്നുണ്ട്. ടെക്നോളജിയെ കൈകാര്യം ചെയ്യുന്നതിലൊക്കെ കാലത്തിനനുസരിച്ച് മാറാന്‍ തിരക്കഥാകൃത്തിനായി. എന്നാല്‍ ചിത്രമെത്തുന്ന കാലഘട്ടം ചെറുതായെങ്കിലും തിരിച്ചടിയാകുന്നുണ്ട്.

സി.ബി.ഐ സീരിസിലെ ചിത്രങ്ങളുടെ ആരാധകരെയും കുടുംബ പ്രേക്ഷകരെയും ത്രസിപ്പിക്കാന്‍ ചിത്രത്തിനാകുന്നുണ്ട്. എന്നാല്‍ ചടുലമായ ത്രില്ലറുകള്‍ കണ്ടു ശീലിച്ചവരെ ചിത്രത്തിന് പൂര്‍ണമായും തൃപ്തിപ്പെടുത്താനാകുമോയെന്ന് സംശയമാണ്. ആറാം ഭാഗത്തിലേയ്ക്കുള്ള ചെറിയൊരു സൂചനയും സംവിധായകന്‍ ചിത്രത്തിലൂടെ മുന്നോട്ട് വയ്ക്കുന്നുണ്ട്. ത്രില്ലടിപ്പിക്കാനായി പുത്തന്‍ കേസുകളുമായി സേതുരാമയ്യര്‍ ഇനിയും പ്രേക്ഷകര്‍ക്കു മുന്നിലെത്തുമെന്ന് പ്രതീക്ഷിക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

Popular this week