33.4 C
Kottayam
Friday, April 26, 2024

പിസി ജോര്‍ജിനെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും ജാമ്യാപേക്ഷ ഹൈക്കോടതിയില്‍

Must read

തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ പിസി ജോർജിനെ അല്‍പ്പസമയത്തിനകം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ഇതനുസരിച്ച് പിസി ജോര്‍ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജ് എ ആര്‍ ക്യാമ്പിലേക്ക് എത്തിയിട്ടുണ്ട്.  പിസി ജോര്‍ജിന് കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെടും. ശബ്ദസാമ്പിളുകള്‍ എടുക്കണമെന്നും ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പൊലീസ് ആവശ്യപ്പെടും.

രാത്രി തന്നെ ജോര്‍ജിനെ മജിസ്ട്രേറ്റിന് മുന്നിലെത്തിക്കുമെന്നാണ് ആദ്യം പുറത്ത് വന്നിരുന്ന വിവരം. എന്നാല്‍ രാത്രി 2.30 ഓടെ ജോര്‍ജിനെ രാവിലെ മജിസ്ട്രേറ്റിന് മുന്നിലെത്തിക്കൂ എന്ന് പൊലീസ് വ്യക്തമാക്കി. പൊലീസിന് ലഭിച്ച  നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ആണ് തീരുമാനം മാറ്റിയതെന്നാണ് സൂചന. ജോർജിനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന്  അഭിഭാഷകൻ ഉന്നയിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് തീരുമാനം മാറ്റിയത്. രാത്രിയിൽ ഓക്സിജൻ മാസ്ക് ഉപയോഗിക്കുന്നതിനാൽ ജയിലേക്കയക്കരുതെന്ന വാദം അഭിഭാഷകർ ഉന്നയിക്കാന്‍ നീക്കമുണ്ടായിരുന്നു.

മൂന്ന് മണിക്കൂര്‍കൊണ്ട് തിരുവനന്തപുരത്ത്

അര്‍ദ്ധരാത്രി 12.35 ഓടെയാണ്  ഫോർട് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം പിസി ജോര്‍ജുമായി  കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. എആര്‍ ക്യാമ്പിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. പുഷ്പവൃഷ്ടി നടത്തി, മുദ്രാവാക്യം വിളിയുമായാണ് പിസി ജോര്‍ജിനെ എ ആര്‍ ക്യാമ്പിന് മുന്നില്‍ കാത്തിരുന്ന ബിജെപി പ്രവര്‍ത്തകര്‍  അഭിവാദ്യം ചെയ്തത്.

നടപടികളില്‍ നിന്ന് ഓടിയൊളിക്കുന്ന ആളല്ലെന്നും പൊലീസിനെ പേടിച്ച് ആശുപത്രിയില്‍ കിടക്കുന്ന ആളല്ലെന്നും പിസി ജോര്‍ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചത്. രാത്രി തന്നെ ഓണ്‍ലൈനായി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കുന്നത് സംബന്ധിച്ച് പൊലീസ് വ്യക്തത വരുത്തിയിട്ടില്ലെന്നും ഷോണ്‍ പ്രതികരിച്ചു. ഷോണിനെ എആര്‍ ക്യമ്പിനകത്തേക്ക് കയറ്റാന്‍ പൊലീസ് അനുവദിച്ചിട്ടില്ല.

വൈകിട്ട് കൊച്ചിയില്‍ വച്ചാണ് ഫോര്‍ട്ട് പൊലീസ് പിസി ജോര്‍ജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജോര്‍ജിനെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് എത്തിച്ചിരുന്നു. പരിശോധനയില്‍ രക്തസമ്മർദത്തിൽ വ്യത്യാസം അനുഭവപ്പെട്ടതോടെ ഒരു മണിക്കൂർ നിരീക്ഷണം വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ലഭിച്ച ശേഷമാണ് പൊലീസ് ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് തിരിച്ചത്. 

ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

തനിക്ക് വെർടിഗോ അസുഖമുണ്ടെന്നും രാത്രി ഉറങ്ങാൻ ശ്വസന സഹായി വേണമെന്നുമാണ് പിസി ജോർജ് ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. കേസ് രാത്രി തന്നെ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നായിരുന്നു പിസി ജോർജിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടതെങ്കിലും കോടതി വിസമ്മതിച്ചു. നാളെ രാവിലെ ഒൻപത് മണിക്ക് പരിഗണിക്കാമെന്നും രാത്രി പരിഗണിക്കാൻ അസൗകര്യം ഉണ്ടെന്നും കോടതി വ്യക്തമാക്കി. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഓണ്‍ലൈനിലൂടെയാണ് ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week