തൃശൂര്‍: യൂക്രൈന്‍ യുദ്ധത്തിനു കാരണം അമേരിക്കയും നാറ്റോയും ആണെന്ന് ഇടതു പാര്‍ട്ടികള്‍ നിലപാടെടുക്കുമ്പോള്‍ വ്യത്യസ്ത അഭിപ്രായം മുന്നോട്ടുവച്ച് സിപിഐ നേതാവും തൃശൂര്‍ എംഎല്‍എയുമായ പി ബാലചന്ദ്രന്‍. റഷ്യ, ചൈന എന്നീ അഹങ്കാരി രാജ്യങ്ങളെ ഇനിയും തള്ളിപ്പറയാത്തവര്‍ കമ്യൂണിസ്റ്റ് അല്ലെന്ന് ബാലചന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇപ്പോഴത്തെ റഷ്യയില്‍ കമ്യൂണിസ്റ്റുകള്‍ അടിച്ചമര്‍ത്തപ്പെട്ട അടിമകള്‍ക്കു തുല്യമാണ് കഴിയുന്നതെന്നും പോസ്റ്റിലുണ്ട്.
‘നവീന്‍ എന്റെ മകനേ മാപ്പ് കരുണയില്ലാത്ത ലോകം നിന്നെ കൊന്നു. റഷ്യ, ചൈന ഈ അഹങ്കാരി രാജ്യങ്ങള ഇനിയും തള്ളിപ്പറയാത്തവര്‍ കമ്മ്യൂണിസ്റ്റല്ല കൊലയുടെ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടും,’ പി. ബാലചന്ദ്രന്‍ ഫേസ്ബുക്കില്‍ എഴുതി.
ഉക്രൈനിലെ ഖര്‍ഖീവില്‍ നടന്ന ഷെല്ലാക്രമണത്തിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥയായ നവീന്‍ ജ്ഞാനഗൗഡര്‍ കൊല്ലപ്പെട്ടത്. കര്‍ണാടക സ്വദേശിയും ഖര്‍ഖീവിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയുമായിരുന്നു നവീന്‍. ഖര്‍ഖീവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളടക്കം നവീന്റെ മരണം സ്ഥിരീകരിച്ചു. അവശ്യസാധനങ്ങള്‍ വാങ്ങാനായി സൂപ്പര്‍മാര്‍ക്കറ്റില്‍ നവീന്‍ ക്യൂ നില്‍ക്കുമ്പോഴാണ് ഷെല്ലാക്രമണം നടന്നത് എന്നാണ് സൂചന.
ഈ സമയത്ത് നഗരത്തില്‍ ഗവര്‍ണര്‍ ഹൗസ് ലക്ഷ്യമിട്ട് റഷ്യ ഷെല്ലാക്രമണം നടത്തുകയായിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഉക്രൈനിലെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
പി ബാലചന്ദ്രന്റെ കുറിപ്പ്:
നവീന്‍എന്റെ മകനേ മാപ്പ്കരുണയില്ലാത്ത ലോകം നിന്നെ കൊന്നു.റഷ്യ , ചൈന ഈ അഹങ്കാരി രാജ്യങ്ങള ഇനിയും തള്ളിപ്പറയാത്തവര്‍ കമ്മ്യൂണിസ്റ്റല്ല… കൊലയുടെ രാഷ്ടീയം ചോദ്യം ചെയ്യപ്പെടും… സമാധാനത്തിനു വേണ്ടിയുള്ള യുദ്ധങ്ങള്‍ ആണത്രേപഴയ കാല നിലപാടുകള്‍കൈവിടുന്നത് ആരായാലും പറയണം. പൊന്നിന്‍ സൂചിയാണേലും കണ്ണില്‍ കൊണ്ടാല്‍ കാഴ്ച പോകും ഇപ്പോഴത്തെ റഷ്യയില്‍ കമ്മ്യൂണിസ്റ്റുകളുടെ സ്ഥിതി അറിയാമോ ? അടിച്ചമര്‍ത്തപ്പെട്ട്.
എല്ലാ സ്വാതന്ത്ര്യവും കവര്‍ നെടുക്കപ്പെട്ട് അടിമകള്‍ക്ക് തുല്യം കഴിയുന്നു, . പുട്ടിന്‍ പഴയ KGB തലവനാണ്. അദ്ദേഹം തികഞ്ഞ ഏകാധിപതിയെപ്പോലെ പെരുമാറുന്നു , ഞാന്‍ എന്തുകൊണ്ട് അമേരിക്കയെക്കുറിച്ച് പറയുന്നില്ല. അമേരിക്ക പണ്ടേ ചോരക്കൊതിയുടെ. സാമ്രാജ്യത്ത മേല്‍ക്കോയിമയുടെ രാഷ്ട്രമാണ്. അവിടെ നിന്നും നീ തി ആരും പ്രതീക്ഷിക്കുന്നില്ല.