ന്യൂഡല്‍ഹി: ഓക്‌സിജന്റെയും വാക്‌സിന്റെയും വില കുറയ്ക്കാന്‍ കേന്ദ്രം നടപടി സ്വീകരിച്ചു. ഇറക്കുമതി ചെയ്യുന്ന കൊവിഡ് വാക്‌സിന്റെയും ഓക്‌സിജന്റെയും ഇറക്കുമതി തീരുവയും ആരോഗ്യ സെസും ഒഴിവാക്കും. മൂന്ന് മാസത്തേക്ക് അടിയന്തരപ്രാബല്യത്തോടെയാണ് ഇളവുകള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഓക്‌സിജന്റെയും വാക്‌സിന്റെയും ലഭ്യത വര്‍ധിപ്പിക്കാനും വിലകുറയ്ക്കാനുമാണ് നടപടികള്‍ സ്വീകരിച്ചത്. ഓക്സിജന്‍ ഉത്പാദനവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ക്കും കസ്റ്റംസ് തീരുവയും ആരോഗ്യ സെസും ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
മൂന്നുമാസത്തേക്കാണ് ഇവയ്ക്കും കസ്റ്റംസ് തീരുവ ഒഴിവാക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കസ്റ്റംസ് ക്ലിയറന്‍സ് പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി നോഡല്‍ ഓഫീസറെ നിയമിക്കും.
രാജ്യത്ത് മെഡിക്കല്‍ ഓക്സിജന്റെയും വീടുകളിലെയും ആശുപത്രികളിലെയും രോഗീപരിചരണത്തിന് ആവശ്യമായ സാമഗ്രികകളുടെയും വിതരണം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു. ഓക്സിജന്റെയും ചികിത്സാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കാന്‍ എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.