പാട്ന:ഒറ്റരാത്രി കൊണ്ട് ആണ്‍കുട്ടികളുടെ അക്കൌണ്ടിലെത്തിയത് 900 കോടി രൂപ, കണ്ണ് തള്ളി കുടുംബം. ബിഹാറിലെ കട്ടിഹാറിലാണ് വിചിത്ര സംഭവം നടന്നിരിക്കുന്നത്. രണ്ട് വിദ്യാര്‍ത്ഥികളുടെ അക്കൌണ്ടിലേക്കാണ് ഒറ്റരാത്രികൊണ്ട് 900 കോടി രൂപ എത്തിയത്. യൂണിഫോമിനായി സ്കോളര്‍ഷിപ്പ് തുക അക്കൌണ്ടിലെത്തിയോ എന്ന് പരിശോധിക്കാനെത്തിയ രക്ഷിതാക്കളാണ് മക്കളുടെ അക്കൌണ്ട് ബാലന്‍സ് കണ്ട് ഞെട്ടിയത്.
ഉത്തര്‍ ബിഹാര്‍ ഗ്രാമീണ ബാങ്കിലാണ് രണ്ട് വിദ്യാര്‍ത്ഥികള്‍ ഒറ്റരാത്രി കൊണ്ട് കോടിപതികളായത്.ബാലന്‍സ് കണ്ട അമ്പരന്ന രക്ഷിതാക്കള്‍ പണമെടുക്കാനായി ബാങ്കിനെ സമീപിക്കുമ്പോഴാണ് ബാങ്ക് വിവരം അറിയുന്നത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥികളായ ആശിഷിന്‍റെ അക്കൌണ്ടിലെത്തിയത് 6.2 കോടി രൂപയാണ്. ഗുരുചരണ്‍ വിശ്വാസിന്റെ അക്കൌണ്ടിലെത്തിയത് 900 കോടി രൂപയുമാണ്.
സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച ബാങ്ക് ഈ അക്കൌണ്ടുകളിലെ ട്രാന്‍സാക്ഷന്‍സ് മരവിപ്പിച്ചിരിക്കുകയാണ്. പണമയക്കുന്ന സിസ്റ്റത്തിലെ തകരാറ് മൂലമാണ് ഇത് സംഭവിച്ചതെന്നാണ് സംശയിക്കുന്നത്. തങ്ങളുടെ അക്കൌണ്ടിലും സമാനമായ സംഭവമുണ്ടാവുമെന്ന കാഴ്ചപ്പാടിലാണ് കട്ടിഹാറിലെ ഗ്രാമവാസികളുള്ളത്. ഇത്തരത്തില്‍ ബാങ്കിന് സംഭവിക്കുന്ന രണ്ടാമത്തെ വലിയ പിഴവാണ് ഇത്.
നേരത്തെ പട്ന സ്വദേശിയുടെ അക്കൌണ്ടിലെത്തിയ അഞ്ച് ലക്ഷം രൂപ യുവാവ് ചെലവാക്കിയിരുന്നു.ഗ്രാമിന് ബാങ്കിന്റെ ഖഗരിയ ബ്രാഞ്ചിനാണ് ഇങ്ങനെ ഒരു അബദ്ധം പിണഞ്ഞത്. ഭക്തിയാർപൂർ ഗ്രാമവാസിയായ രഞ്ജിത്ത് ദാസ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കാണ്
അവർ തെറ്റായി അഞ്ചര ലക്ഷം അയച്ചു കൊടുത്തത്. ഈ അബദ്ധം തിരിച്ചറിഞ്ഞ ശേഷം, പ്രസ്തുത തുക തിരികെ നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് ബാങ്കിൽ നിന്ന് പലതവണ രഞ്ജിത്ത് ദാസിന് നോട്ടീസ് അയക്കുകയുണ്ടായി എങ്കിലും, ദാസ് ആ പണം തിരികെ നൽകാൻ തയ്യാറായില്ല.താൻ കിട്ടിയ ദിവസം തന്നെ അത് മുഴുവനും ചെലവാക്കിക്കളഞ്ഞു എന്നാണ് ദാസിന്റെ വിശദീകരണം.
“ഇക്കൊല്ലം മാർച്ചിൽ ഈ പണം അക്കൗണ്ടിൽ വന്നു ക്രെഡിറ്റായപ്പോൾ ഞാൻ ഏറെ സന്തോഷിച്ചു. ഈ തുക, പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പിന് മുമ്പ് ഓരോരുത്തരുടെയും അക്കൗണ്ടിൽ ഇട്ടുതരാം എന്ന് വാഗ്ദാനം ചെയ്തിരുന്ന 15 ലക്ഷത്തിന്റെ ആദ്യ ഇൻസ്റ്റാൾമെന്റ് ആണ് എന്നാണ് ഞാൻ കരുതിയത്. കിട്ടി അധികം വൈകാതെ അത് മുഴുവൻ ഞാൻ ചെലവാക്കുകയും ചെയ്തു. തിരികെ കൊടുക്കണം എന്ന് പറഞ്ഞാൽ, അതിന് ഇപ്പോൾ എന്റെ അക്കൗണ്ടിൽ ഒരു നയാപൈസയും ബാക്കിയില്ല.” എന്നാണ് ദാസ് പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിട്ടുള്ളത്.
എന്തായാലും ഇപ്പോൾ ഈ കേസുമായി ബന്ധപ്പെട്ട്, ബാങ്ക് മാനേജരുടെ പരാതിയിന്മേൽ രൺജിത് ദാസിനെ അറസ്റ്റു ചെയ്തിരിക്കുകയാണ് ലോക്കൽ പോലീസ് ഇപ്പോൾ.