തിരുവനന്തപുരം: പരാതികളും പ്രതിഷേധവും തുടർസംഭവങ്ങളായതോടെ കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ച് വൈസ് ചാൻസലർ. ഇനി മത്സരങ്ങളോ ഫലപ്രഖ്യാപനങ്ങളോ പാടില്ലെന്നാണ് വി.സി. നിര്‍ദേശിച്ചിരിക്കുന്നത്. തിങ്കളാഴ്ച അവസാനിക്കാനിരുന്ന കലോത്സവത്തില്‍ നിരവധി മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് വി.സിയുടെ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് ഉടനിറങ്ങുമെന്ന് വി.സി ഡോ. മോഹന്‍ കുന്നുമ്മല്‍ വ്യക്തമാക്കി.
കോഴ, ഒത്തുകളി തുടങ്ങിയ ആരോപണങ്ങളാല്‍ വിവാദത്തിലായ സര്‍വകലാശാല കലോത്സവത്തില്‍ വിദ്യാര്‍ഥി സംഘര്‍ഷം കൂടി ഉണ്ടായതോടെയാണ് നിര്‍ത്തിവെക്കാനുള്ള തീരുമാനം വി.സി.യുടെ ഭാഗത്തുനിന്നുണ്ടായത്. വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിശദീകരണം. കലോത്സവത്തിന്റെ സമാപന ചടങ്ങുകള്‍ ഉപേക്ഷിക്കാനും വി.സി. നിര്‍ദേശിച്ചിട്ടുണ്ട്. ഇനി ഒരു മത്സരവും ഉണ്ടാകില്ല. ഇതുവരെയുള്ള മത്സരങ്ങളുടെ ഫലങ്ങളും പ്രഖ്യാപിക്കില്ലെന്നാണ് വിവരം. കലോത്സവം നിര്‍ത്തിവെക്കാനുള്ള നിര്‍ദേശത്തിനെതിരേ വിദ്യാര്‍ഥികളും പ്രതിഷേധിക്കുന്നുണ്ട്.
കലോത്സവം നിര്‍ത്തിവച്ച നടപടി സ്വാഗതം ചെയ്ത് കെ.എസ്.യു രംഗത്തെത്തി. ഉന്നയിച്ച വിഷയങ്ങളില്‍ നടപടി വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. പരാതികളില്‍ പരിശോധനയുണ്ടാകുമെന്നും വി.സി വ്യക്തമാക്കിയിട്ടുണ്ട്. ലഭിച്ച മുഴുവന്‍ പരാതികളും പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനമെന്നും വി.സി. അറിയിച്ചു.
കേരള സർവകലാശാല കലോത്സവം ആരംഭിച്ചതുമുതല്‍ പരാതികളും പ്രതിഷേധങ്ങളും തുടര്‍ക്കഥയാവുകയായിരുന്നു. അവസാനദിനമായ തിങ്കളാഴ്ചയും കലോത്സവ വേദിയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധമുണ്ടായി. വിധിനിര്‍ണയത്തെ സംബന്ധിച്ചും അപ്പീലുകളെ സംബന്ധിച്ചുമാണ് തിങ്കളാഴ്ച പ്രതിഷേധമുയര്‍ന്നത്. മത്സരങ്ങള്‍ അനന്തമായി വൈകുന്നതിലും പ്രതിഷേധം ശക്തമായി. ഇതിനിടെയാണ് കലോത്സവം നിര്‍ത്തിവെക്കാന്‍ വൈസ് ചാന്‍സലര്‍ നിര്‍ദേശം നല്‍കിയത്.
മാര്‍ഗംകളിയില്‍ കോഴ ആരോപണമുയര്‍ന്നതും വിധികര്‍ത്താവ് ഉള്‍പ്പെടെ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതും കഴിഞ്ഞദിവസം വിവാദമായിരുന്നു. ഇതിനുപിന്നാലെ ഞായറാഴ്ചയും കലോത്സവവേദി സംഘര്‍ഷഭരിതമായി. കെ.എസ്.യു.വിന്റെ പ്രതിഷേധവും ഇതിനെതിരേ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ രംഗത്തെത്തിയതുമാണ് ഞായറാഴ്ച സംഘര്‍ഷത്തിനിടയാക്കിയത്. എസ്.എഫ്.ഐ.ക്കാര് തിരഞ്ഞുപിടിച്ച് മര്‍ദിക്കുന്നതായാണ് കെ.എസ്.യു. ആരോപിച്ചത്. അതിനിടെ, തങ്ങളുടെ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ ഇവാനിയോട് കോളേജ് അധികൃതര്‍ ഗവര്‍ണര്‍ക്കും പരാതി നല്കി.