23.8 C
Kottayam
Monday, May 20, 2024

ബോധമില്ലാതെയാണോ ജയമോഹൻ ആ ബ്ലോ​ഗ് എഴുതിയതെന്ന് സംശയമുണ്ട്: വിനയൻ

Must read

കൊച്ചി:കേരളത്തേയും മലയാള സിനിമയേയും അടച്ചാക്ഷേപിച്ചുകൊണ്ടുള്ള എഴുത്തുകാരന്‍ ബി.ജയമോഹന്റെ പ്രസ്താവനയ്‌ക്കെതിരെ കൂടുതല്‍ പ്രതികരണങ്ങള്‍ ഉയരുന്നു. മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തെ മുന്‍നിര്‍ത്തി എഴുതിയ ബ്ലോഗിലാണ് ജയമോഹന്റെ വിവാദ പരാമര്‍ശങ്ങളുള്ളത്. വിനോദസഞ്ചാരത്തിന് ഊട്ടിയിലും കൊടൈക്കനാലിലും എത്തുന്ന മലയാളികളുടെ വാഹനങ്ങളുടെ ഇരുവശത്തും ഛര്‍ദിലാണെന്നും സുഭാഷിനെ രക്ഷിച്ച സിജുവിനെ അവാര്‍ഡ് കൊടുക്കുന്നതിനുപകരം ജയിലിലിടുകയായിരുന്നു വേണ്ടതെന്നും ജയമോഹന്‍ എഴുതി. ജയമോഹന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ രം?ഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍.

കേരളത്തിലുള്ള യുവാക്കളെല്ലാം മദ്യപാനികളും ലഹരിക്കടിമകളാണെന്നും അതിന്റെ പരിച്ഛേദമാണ് മലയാളസിനിമ എന്നെല്ലാമാണ് ജയമോഹന്‍ എഴുതിയിരിക്കുന്നത്. അതൊരിക്കലും അം?ഗീകരിക്കാന്‍ സാധിക്കില്ലെന്ന് വിനയന്‍ പറഞ്ഞു.

സ്വയബോധമില്ലാതെയാണോ അദ്ദേഹം ആ ബ്ലോ?ഗ് എഴുതിയിരിക്കുന്നത് എന്നുപോലും എനിക്ക് സംശയമുണ്ട്. കയ്യില്‍നിന്ന് പോയതാണോ എന്നറിയില്ല. ജയമോഹന്‍ ഇതേക്കുറിച്ച് പ്രതികരിക്കുമെന്നാണ് കരുതുന്നതെന്നും വിനയന്‍ പറഞ്ഞു.

‘ഇത്ര മോശമായ രീതിയില്‍, ഒരാള്‍ക്കും അംഗീകരിക്കാന്‍ കഴിയാത്തവിധം ഒരു നാടിനെ മൊത്തം മോശക്കാരാക്കുന്ന രീതിയിലാണ് എഴുതിയിരിക്കുന്നത്. കേരളത്തേക്കാളധികം സൂപ്പര്‍ സ്റ്റാര്‍ഡം ആഘോഷിക്കപ്പെടുന്ന നാടാണ് തമിഴ്‌നാട്. അവിടെ കേരളത്തില്‍നിന്നുള്ള ഒരു കൊച്ചുസിനിമ നന്നായി സ്വീകരിക്കപ്പെടുന്നു എന്നുകേട്ടപ്പോള്‍ അദ്ദേഹത്തിനുണ്ടായ ഇച്ഛാഭംഗമാവാം ആ എഴുത്തിന് കാരണം.

ഒരിക്കലും ജയമോഹനോട് യോജിക്കാനാവില്ല. ഈ വിഷയത്തില്‍ ഒരു ഖേദപ്രകടനം നടത്തിയില്ലെങ്കില്‍ ഒരു കലാകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ കറുത്ത ഏടായി ഈ സംഭവം മാറും.’ വിനയന്‍ കൂട്ടിച്ചേര്‍ത്തു.

രണ്ടുദിവസം മുമ്പാണ് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ബി.ജയമോഹന്റെ പുതിയ ബ്ലോഗ് പുറത്തുവന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ് – കുടിപ്പൊറുക്കികളിന്‍ കൂത്താട്ടം എന്ന തലക്കെട്ടിലെഴുതിയ ലേഖനമാണ് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. തെന്നിന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന മലയാളികളുടെ യഥാര്‍ഥ മനോനില തന്നെയാണ് സിനിമയിലും ഉള്ളത്. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ മാത്രമല്ല കാടുകളിലേക്കും അവര്‍ എത്താറുണ്ട്. അത് മദ്യപിക്കാനും ഓക്കാനിക്കാനും ഛര്‍ദ്ദിക്കാനും കടന്നുകയറാനും വീഴാനും വേണ്ടി മാത്രമാണ്. മറ്റൊന്നിലും അവര്‍ക്ക് താല്‍പര്യമില്ല.

സാമാന്യബോധമോ സാമൂഹികബോധമോ അവര്‍ക്ക് തൊട്ടുതീണ്ടിയിട്ടില്ല. ലഹരി ആസക്തിയെ സാമാന്യവല്‍ക്കരിക്കുന്നവരാണ് മലയാളികള്‍. കേരളത്തിലെ ബീച്ചുകളിലേക്ക് ഏഴ് മണിക്ക് ശേഷം പോകരുതെന്ന് സ്ത്രീകളോട് മാത്രമല്ല, സാധാരണ മനുഷ്യരോടും പൊലീസ് പറയാറുണ്ട്. ഇന്നത്തെ മലയാള സിനിമ നിയന്ത്രിക്കുന്നത് എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിക്ക് അടിമകളായ ഒരു ചെറുകൂട്ടമാണെന്നും അദ്ദേഹം എഴുതി.

ഇദ്ദേഹത്തിനെതിരെ സംവിധായകന്‍ ബി. ഉണ്ണിക്കൃഷ്ണന്‍, സിപി.എം നേതാവ് എം.എ. ബേബി, മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരത്തിന്റെ പിതാവ് സതീഷ് പൊതുവാള്‍, തമിഴ് സംവിധായകന്‍ ലെനിന്‍ ഭാരതി തുടങ്ങിയവര്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. ‘മഞ്ഞുമ്മല്‍ ബോയ്‌സി”നെ കുറിച്ചെഴുതിയ വെറുപ്പിന്റെ വെളിപാട് ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും മലയാള സിനിമയുടെ കേന്ദ്രബിന്ദു മയക്കുമരുന്നിനടിമകളായ എറണാകുളത്തെ ചെറുപ്പക്കാരാണെന്നാണ് പറയുന്നതില്‍ കൃത്യമായ വിശദീകരണം നല്‍കണമെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

‘പെറുക്കികള്‍’ എന്ന പ്രയോഗം ജയമോഹന്റെ സംഘപരിവാര്‍ പശ്ചാത്തലത്തില്‍ നിന്നു കൂടി വരുന്നതാണെന്നും മലയാളികളെയും കേരളത്തെയും അധിക്ഷേപിക്കാനുള്ള സംഘപരിവാര്‍ ശ്രമത്തിന്റെ ഭാഗമാണെന്നുമാണ് എം.എ ബേബി പ്രതികരിച്ചത്. ജയമോഹന്റെ രാഷ്ട്രീയ താല്‍പര്യങ്ങളാണ് വിമര്‍ശനങ്ങള്‍ക്കു പിന്നിലെന്നും തമിഴ് ഇന്‍ഡസ്ട്രിയില്‍നിന്ന് ചില്ലറ പറ്റുന്ന ജയമോന്റെ വിഡ്ഢിത്തങ്ങളെ തമിഴര്‍ക്കും മലയാളികള്‍ക്കും മനസിലാക്കാന്‍ പ്രയാസമില്ലെന്നുമായിരുന്നു സതീഷ് പൊതുവാളിന്റെ പ്രതികരണം. ജയമോഹന്‍ ആര്‍.എസ്സ്.എസ്സുകാരനാണെന്നും അദ്ദേഹത്തെ പ്രകോപിച്ചതിന് ചിദംബത്തിന് ഒരു ബിഗ് സല്യൂട്ട് നല്‍കുന്നുവെന്നും സതീഷ് പൊതുവാള്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week