മലപ്പുറം: കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ആവശ്യക്കാര്‍ ഏറിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഏറെ ക്ഷാമം നേരിട്ട വസ്തുവാണ് ഹാന്‍ഡ് സാനിറ്റൈസര്‍. കൊറോണ പടര്‍ന്ന് പിടിച്ചതോടെ ആളുകള്‍ കൂടുതലായി സാനിറ്റൈസര്‍ വാങ്ങിക്കൂട്ടിയതോടെയാണ് ക്ഷാമം നേരിട്ടത്. പിന്നീട് സര്‍ക്കാര്‍ ഇടപെട്ട് നിര്‍മാണം വര്‍ധിപ്പിച്ച് വിപണിയിലുണ്ടായ ക്ഷാമത്തെ അതിജീവിച്ചിരിന്നു. കൂടാതെ ബാങ്കുകളിലും എടിഎമ്മുകളിലും മറ്റും സര്‍ക്കാര്‍ ഇടപെട്ട് തന്നെ സാനിറ്റൈസര്‍ സ്ഥാപിച്ചിരുന്നു. ആളുകളുടെ സുരക്ഷയെ കരുതിയായിരുന്നു ഈ നീക്കം.
എന്നാല്‍ എടിഎമ്മില്‍ വച്ചിരിക്കുന്ന സാനിറ്റൈസര്‍ മോഷിച്ചിരിക്കുകയാണ് ഒരാള്‍. മലപ്പുറത്താണ് സംഭവം നടന്നത്. പെരിന്തല്‍മണ്ണയിലെ അങ്ങാടിപ്പുറത്തെ എടിഎമ്മില്‍ വച്ചിരുന്ന ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചതിന് ശേഷം പാന്റിന്റെ പോക്കറ്റിലിട്ട് ഇറങ്ങിപ്പോകുന്ന ഇയാളുടെ വിഡിയോ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ദൃശ്യങ്ങളില്‍ ഇയാള്‍ സാനിറ്റൈസര്‍ എടുക്കുന്നതും ആരും കാണുന്നില്ലെന്ന് ഉറപ്പിച്ച് കുപ്പി എടുത്ത് പോക്കറ്റിലിടുന്നതും വ്യക്തമാണ്.
സാനിറ്റൈസര്‍ കുപ്പി അടക്കം മോഷ്ടിച്ച കള്ളന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലപ്പുറം പോലീസിന്റെ ഔദ്യോഗിക പേജില്‍ വിഡിയോ പോസ്റ്റ് ചെയ്തു. ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ഭാഗമായാണ് പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ സാനിറ്റൈസറുകള്‍ എടിഎമ്മുകളില്‍ സ്ഥാപിച്ചത്. നിരവധി ആളുകള്‍ ഉപയോഗിക്കുന്ന എടിഎമ്മുകളില്‍ നിന്ന് രോഗ ബാധ പടരാനുള്ള സാധ്യത ഏറെയാണ്. അത് തടയാന്‍ വച്ച സാനിറ്റൈസര്‍ ബോട്ടിലാണ് ഇയാള്‍ കൊണ്ടുപോയത്.
26.03.2020 നു അങ്ങാടിപ്പുറം ATM കൗണ്ടറിൽ നിന്നും സാനിറ്റൈസർ ബോട്ടിൽ മോഷ്ടിക്കുന്ന ആൾ, ഇയാളെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497 97 6008 എന്ന നമ്പറിൽ അറിയിക്കേണ്ടതാണ്.
Posted by Malappuram Police on Thursday, March 26, 2020