തിരുവനന്തപുരം: 15-ാം നിയമസഭയുടെ 11-ാം സമ്മേളനം ആരംഭിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട വിഷയം സഭയില്‍ ഉന്നയിക്കാൻ പ്രതിപക്ഷം. റോജി എം. ജോണ്‍ എം.എല്‍.എ. അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കത്ത് നല്‍കി.
ചോദ്യോത്തരവേളയോടെയാണ് സഭാസമ്മേളനത്തിന് തുടക്കമായത്. ചോദ്യോത്തരവേളയ്ക്കുശേഷം അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനായി സഭ താത്കാലികമായി പിരിയും. തുടര്‍ന്നുള്ള ശൂന്യവേളയിലാണ് പ്രതിപക്ഷം മദ്യനയ വിഷയം ഉന്നയിക്കുക.
മദ്യനയം പുനഃപരിശോധിക്കാന്‍ ആലോചന നടത്തിയിട്ടില്ലെന്ന വിശദീകരണത്തില്‍ എക്‌സൈസ് മന്ത്രിയും ടൂറിസംമന്ത്രിയും ഉറച്ചുനിന്നേക്കും. എന്നാല്‍, ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം കെ.ടി.ഡി.സി. എം.ഡിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം മദ്യനയം തിരുത്താന്‍വേണ്ടി നടന്നതാണെന്ന വാദത്തില്‍ പ്രതിപക്ഷം ഉറച്ചുനിന്നേക്കും.
ബാര്‍ മുതലാളിമാരുടെ സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്റിന്റെ ശബ്ദരേഖയടക്കം ചൂണ്ടിക്കാട്ടിയായിരിക്കും പ്രതിപക്ഷവിമര്‍ശം. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് കെ.എം. മാണിക്ക് എതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് സമാനമാണ് ഇപ്പോഴത്തെ വിവാദം.