KeralaNews

സെന്റ്തോമസ് ദിനംമുതൽ ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ പുറത്താക്കും; അന്ത്യശാസനവുമായി സീറോ മലബാർസഭ

കൊച്ചി: ഏകീകൃത കുർബാന അർപ്പിച്ചില്ലെങ്കിൽ വൈ​ദികർ സഭയിൽനിന്ന് പുറത്തുപോയതായി കണക്കാക്കുമെന്ന് സീറോമലബാർ സഭ. എറണാകുളം- അങ്കമാലി അതിരൂപതയിൽ ജൂലെെ മൂന്നുമുതൽ ഏകീകൃത കുർബാന അർപ്പിക്കണമെന്ന അന്ത്യശാസനവുമുണ്ട്. ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർക്കെതിരേ കർശനമായ നടപടികൾക്കാണ് സഭ ഒരുങ്ങുന്നത്.

2021 നവംബർ 28 മുതൽ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ഏകീകൃത കുർബാന അർപ്പിക്കണമെന്ന സിന‍ഡിന്റെ നിർദേശമുണ്ടായിരുന്നു. എന്നാൽ, സഭയിൽ മുഴുവനായും ഏകീകൃത കുർബാന നടപ്പിലാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഏകീകൃത കുർബാന രീതി നടപ്പിലാക്കുന്നതിനെ ഒരുവിഭാ​ഗം വൈദികരും വിശ്വാസികളും എതിർക്കുകയായിരുന്നു.

ഇത് സംബന്ധിച്ച് വിവിധ ചർച്ചകളടക്കം നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്. ഇതിനിടെ കഴിഞ്ഞ ദിവസം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലടക്കമുള്ളവർ വത്തിക്കാനിൽ കൂടിക്കാഴ്ച ന‍ടത്തിയിരുന്നു. മാർപ്പാപ്പയുടെ ഓഫീസിൽനിന്നുള്ള അന്തിമ നിർദേശപ്രകാരമാണ് പുതിയ സർക്കുലർ ഇറക്കിയിരിക്കുന്നത്.

ജൂലൈ മൂന്ന് സെന്റ് തോമസ് ദിനം മുതൽ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ഏകീകൃത കുർബാന അർപ്പിക്കണമെന്നാണ് പുതിയ സർക്കുലറിൽ നിർദേശം വന്നിരിക്കുന്നത്. ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സഭയിൽനിന്ന് പുറത്തുപോയതായി കണക്കാക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

കൂടാതെ, ഈ വൈദികരെ മറ്റ് കാർമികമായ എല്ലാ കൂ​ദാശകൾ നടത്തുന്നതിൽനിന്നും പൂർണമായും വിലക്കുമെന്നും ഇത്തരം വിലക്കേർപ്പടുത്തുന്ന വൈദികർ അർപ്പിക്കുന്ന കർമങ്ങളിൽനിന്ന് വിശ്വാസികൾ വിട്ടുനിൽക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു. വിലക്കേർപ്പടുത്തുന്ന വൈദികർ കാർമികരായി നടത്തുന്ന വിവാഹങ്ങൾക്ക് സഭയുടെ അം​ഗീകാരം ഉണ്ടാകില്ലെന്നും സർക്കുലറിലുണ്ട്.

മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലും അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂരും സംയുക്തമായാണ് സർക്കുലർ പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. അതേസമയം, അല്മായ മുന്നേറ്റത്തിനെതിരേ രൂക്ഷമായ വിമർശനവും സർക്കുലറിൽ ഉണ്ട്.

ഏതാനും വൈദികരും അല്മായരും സ്വീകരിച്ച സഭാപരമല്ലാത്തതും യുക്തിരഹിതവുമായ കടുംപിടുത്തവും ഒരിക്കലും അം​ഗീകരിക്കാനാവാത്ത സമരമുറകളും ദുഷ്പ്രചാരണങ്ങളുമാണ് സഭയിലെ കുർബാനതർക്കം ഇത്രമാത്രം സങ്കീർണമാക്കിയതെന്നും സഭാ അധികാരികളെ വെല്ലുവിളിച്ചുകൊണ്ട് കത്തോലിക്കാസഭാ കൂട്ടായ്മയിൽ തുടരാൻ അനുവദിക്കില്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker