EntertainmentKeralaNews

ഷൂട്ടിംഗ്‌ സെറ്റിൽ മാനസിക പീഡനം,പ്രതിഫലം തന്നില്ല,പെരുമാറുന്നത് വേലക്കാരിയോടെന്ന പോലെ;സംവിധായകൻ രതീഷ് ബാലകൃഷ്ണനെതിരെ കോസ്റ്റ്യൂം ഡിസൈനർ

കൊച്ചി:സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിൽ നിന്ന് നേരിടേണ്ടി വന്നത് കടുത്ത കളിയാക്കലും അപമാനവുമെന്ന് കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമൻ. രതീഷിന്റെ ഏറ്റവും പുതിയ ചിത്രമായ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യിൽ ജോലി ചെയ്തിട്ടും ചിത്രത്തിന്റെ ക്രെഡ‍ിറ്റ് ലൈനിൽ പേര് ഉൾപ്പെടുത്തിയില്ലെന്നു ചൂണ്ടിക്കാട്ടി എറണാകുളം മുന്‍സിഫ് കോടതിയെ സമീപിച്ചിരിക്കുകയാണ് ലിജി. സംവിധായകനിൽ നിന്ന് മോശം പെരുമാറ്റമാണ് സിനിമയുടെ തുടക്കം മുതൽ നേരിടേണ്ടി വന്നതെന്നും നിശ്ചയിച്ചുറപ്പിച്ച പ്രതിഫലം തന്നില്ലെന്നും ലിജി പറഞ്ഞു.

ഞാൻ മുൻപു ചെയ്ത വർക്കുകൾ കണ്ട്, സംവിധായകൻ രതീഷ് തന്നെയാണ് ഈ ചിത്രത്തിനായി എന്നെ സമീപിച്ചത്. ബറോസ്, രജനികാന്ത് സാറിന്റെ വേട്ടയാൻ തുടങ്ങിയ സിനിമകളിലെ എന്റെ വർക്ക് അദ്ദേഹം കണ്ടിരുന്നു. 35 ദിവസത്തെ വർക്കായിരിക്കും ഉണ്ടാവുകയെന്നു പറഞ്ഞു. അതിന് 2.25 ലക്ഷം രൂപയാണ് ഞാൻ പ്രതിഫലമായി ചോദിച്ചത്. അതിൽ ഒരു ലക്ഷം രൂപ മുൻകൂറായി തരികയും ചെയ്തു. പ്രിപ്രൊഡക്ഷനും ഷൂട്ടിങ്ങും അടക്കം 110 ദിവസം ഞാൻ ഈ സിനിമയ്ക്കു വേണ്ടി ജോലി ചെയ്തു. പ്രിപ്രൊഡക്ഷൻ സമയത്തും എനിക്ക് അദ്ദേഹത്തിൽ നിന്ന് പ്രശ്നങ്ങൾ നേരിടേണ്ടി വന്നിരുന്നു. പക്ഷേ, എന്നോടു തുടരാൻ പ്രൊഡക്ഷൻ ടീം ആവശ്യപ്പെടുകയായിരുന്നു.

സംവിധായകന്റെ ഈഗോയിലാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. സിനിമയുടെ തുടക്കം മുതൽ ഒരു വേലക്കാരിയോടു പെരുമാറുന്ന പോലെയാണ് എന്നോട് സംവിധായകൻ പെരുമാറിയിരുന്നത്. പടം ചെയ്യുന്ന സമയത്തും വലിയ മാനസിക പീഡനം നേരിടേണ്ടി വന്നു. വ്യക്തിപരമായ വൈരാഗ്യം തീർക്കുന്നതു പോലെയായിരുന്നു സംവിധായകന്റെ പെരുമാറ്റം. അങ്ങനെയാണ് ഇനി ഈ പടം പറ്റില്ലെന്നു പറഞ്ഞ് ഞാൻ അതിൽ നിന്നും മാറിയത്. അപ്പോഴേക്കും ഞാൻ ആ സിനിമയ്ക്കു വേണ്ട എല്ലാ കോസ്റ്റ്യൂമും തയാറാക്കിയിരുന്നു. ഏകദേശം 75 ശതമാനത്തോളം ജോലി പൂർത്തിയായിരുന്നു.

സിനിമയുടെ ക്രെഡിറ്റിൽ എന്റെ പേര് വയ്ക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഞാൻ പരാതിയുമായി ഫെഫ്കയെ സമീപിച്ചത്. കൂടാതെ, എനിക്കു തരാമെന്നു പറഞ്ഞിരുന്ന പ്രതിഫലവും മുഴുവനായും ലഭിച്ചിരുന്നില്ല. പടം റിലീസ് ചെയ്യുന്നതിനു മുൻപ് ഫെഫ്കയുടെ നേതൃത്വത്തിൽ ഒത്തുതീർപ്പ് ചർച്ച നടത്തിയിരുന്നു. പ്രൊഡ്യൂസർ അസോസിയേഷന്റെ ഓഫിസിൽ വച്ചായിരുന്നു ചർച്ച.

എന്റെ പേര് ക്രെഡിറ്റിൽ വയ്ക്കാമെന്ന് വാക്കാൽ അവർ ഉറപ്പു നൽകി. യൂണിയന്റെ എല്ലാവരും അവിടെ ഉണ്ടായിരുന്നു. എന്റെ പേര് വയ്ക്കുന്നതിൽ നിർമാതാക്കൾക്ക് പ്രശ്നമില്ല. സംവിധായകന്റെ പിടിവാശി കാരണമാണ് പേര് ഒഴിവാക്കിയത്. രണ്ടു തവണ നിർമാതാക്കൾ ഇടപെട്ട് എന്റെ പേര് ക്രെഡിറ്റിൽ വച്ചിരുന്നു. അതു പിന്നീട് സംവിധായകന്റെ നിർബന്ധത്തിൽ മാറ്റുകയായിരുന്നു. പോസ്റ്ററിലൊന്നും എന്റെ പേര് വച്ചിരുന്നില്ല.

സിനിമ ഇറങ്ങിയപ്പോൾ അതിലെ ക്രെഡിറ്റ് ലൈനിൽ അസിസ്റ്റന്റ് എന്ന ലേബലിലാണ് എന്റെ പേര് വന്നത്. കോസ്റ്റ്യൂം ഡിസൈനറുടെ ക്രെഡിറ്റിൽ വേറൊരു വ്യക്തിയുടെ പേരായിരുന്നു കൊടുത്തത്. അത് എന്നെ അപമാനിക്കുന്നതിന് തുല്യമാണ്. ഞാൻ കുറച്ചു വർഷങ്ങളായി സിനിമയിലും അല്ലാതെയും കോസ്റ്റ്യൂം ഡിസൈനറായി ജോലി ചെയ്യുന്ന ഒരാളാണ്.

അതുകൊണ്ടു തന്നെ നിയമപരമായി മുന്നോട്ടു പോകാൻ ഞാൻ തീരുമാനിക്കുകയായിരുന്നു. ഞാൻ കാരണം സിനിമയ്ക്കൊരു പ്രശ്നമുണ്ടാകരുതെന്ന് കരുതിയാണ് റിലീസിന്റെ സമയത്ത് പ്രശ്നം ഉണ്ടാക്കാതെ ഇരുന്നത്. ഒടിടിയിൽ പോകുമ്പോഴെങ്കിലും ക്രെഡിറ്റിൽ കൃത്യമായി പേര് വയ്ക്കണം. അവാർഡ് പോലുള്ള കാര്യങ്ങളിൽ പരിഗണിക്കുമ്പോൾ ക്രെഡിറ്റിൽ പേരില്ലാതെ പോകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു.

സംവിധായകനെതിരെയാണ് ഞാൻ പ്രധാനമായും കേസ് കൊടുത്തത്. ഒരു സിനിമാ സെറ്റിലും ആർക്കും ഇതുപോലൊരു അവസ്ഥ ഇനി ഉണ്ടാകരുത്. സെറ്റിൽ എല്ലാവരുടെയും മുൻപിൽ വച്ച് അപമാനിക്കുന്ന രീതിയിലാണ് അദ്ദേഹം സംസാരിക്കുക. മാനസിക പീഡനം നേരിട്ടല്ല ഒരു ജോലി ചെയ്യേണ്ടത്. എന്നോടു മാത്രമല്ല, ഒരുപാടു പേരോട് അദ്ദേഹം ഇതുപോലെ പെരുമാറിയിട്ടുണ്ട്. മുൻപത്തെ സെറ്റിലും സമാനമായ അവസ്ഥ ആയിരുന്നുവെന്ന് ഞാൻ കേട്ടിട്ടുണ്ട്. കൂടാതെ, എന്റെ പ്രതിഫലത്തിൽ ഇനിയും 75000 രൂപ കിട്ടാനുണ്ട്. എന്നോടു കാണിച്ച ഈ പ്രവർത്തിക്ക് മാപ്പു പറയണമെന്നും ഇതുമൂലം ഞാൻ നേരിടേണ്ടി വന്ന മാനസിക സംഘർഷത്തിന് നഷ്ടപരിഹാരം കൂടി ആവശ്യപ്പെട്ടാണ് ഞാൻ കേസ് ഫയൽ ചെയ്തത്.

സിനിമയിൽ പല കാര്യങ്ങൾക്കും എഗ്രിമെന്റ് ഇല്ല. ചോദിച്ചാലും എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കും. ഫെഫ്കയുടെ അടുത്ത് ആദ്യം ഈ പ്രശ്നം ഉന്നയിച്ചപ്പോൾ ഒത്തുതീർപ്പ് ചർച്ചയിൽ ഞാൻ എഗ്രിമെന്റ് ആവശ്യപ്പെട്ടതാണ്. പേര് വയ്ക്കുമെന്ന് കൃത്യമായി എഴുതി തരാൻ പറഞ്ഞു. അതു ചെയ്യാമെന്നു പറഞ്ഞെങ്കിലും അങ്ങനെ സംഭവിച്ചില്ല. വാക്കാൽ പറയുന്നതാണ് എല്ലാം. അതു പോരാ. എല്ലാത്തിനും ഒരു വ്യവസ്ഥ വേണം. ഇനി ഒരാൾക്കു പോലും ഇങ്ങനെയൊരു പ്രശ്നം നേരിടേണ്ടി വരരുത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker